ജാഥയില്‍ അമിത്ഷായും സഞ്ചരിക്കും ; ഗ്രൂപ്പ് വഴക്കിന് മറയിടാന്‍ ബി.ജെ.പി

#

തിരുവനന്തപുരം (25-08-17) : ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ 3 ദിവസം പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായും സഞ്ചരിക്കും. സെപ്റ്റംബര്‍ 7 ന് പയ്യന്നൂരില്‍ നിന്നാണ് ജാഥ ആരംഭിക്കുക. 23 ന് തിരുവനന്തപുരത്ത് സമാപിക്കും. കൈക്കൂലി-അഴിമതി ആരോപണങ്ങളിലും രൂക്ഷമായ ഗ്രൂപ്പ് പോരിലും ആടിയുലയുന്ന പാര്‍ട്ടിയെ പിടിച്ചു നിര്‍ത്താനും അഴിമതി- ഗ്രൂപ്പ് വാര്‍ത്തകളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും ജാഥയെ ഉപയോഗപ്പെടുത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. മുരളീധരന്‍, കൃഷ്ണദാസ് ഗ്രൂപ്പുകള്‍ തമ്മിലുള്ള ചേരിപ്പോരിന് ഒരു ശമനവും കാണാതിരിക്കുന്ന സാഹചര്യത്തില്‍ ദേശീയ അദ്ധ്യക്ഷനെ തന്നെ രംഗത്തിറക്കി ഗ്രൂപ്പ് പോരിന് തടയിടാനാണ് നീക്കം.

സി.പി.എമ്മിനെതിരേയുള്ള കടന്നാക്രമണമായി ജാഥയെ മാറ്റാനാണ് ബി.ജെ.പിയുടെ തീരുമാനം. ശക്തമായ വിമര്‍ശനം അഴിച്ചുവിട്ടുകൊണ്ട് കേരളത്തില്‍ സി.പി.എമ്മിനെ എതിരിട്ടു തോല്പിക്കാന്‍ ശേഷിയുള്ള പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് സ്ഥാപിക്കുകയും സി.പി.എമ്മിന് എതിരായി ചിന്തിക്കുന്ന മുഴുവന്‍ ആളുകളുടെയും പിന്തുണ നേടുകയുമാണ് ലക്ഷ്യം. പ്രകോപനപരമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ബി.ജെ.പിയും സി.പി.എമ്മും നേര്‍ക്കുനേര്‍  നില്‍ക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുകയാണെങ്കില്‍ ഗ്രൂപ്പുവൈരം മറന്ന് പാര്‍ട്ടിയിലെ എല്ലാവരെയും ഒന്നിപ്പിക്കാന്‍ കഴിയുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. കടുത്ത സി.പി.എം വിരോധമുള്ള കോണ്‍ഗ്രസുകാരുടെയും പിന്തുണ ഇതുവഴി നേടിയെടുക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

കണ്ണൂര്‍ ജില്ലയിലൂടെ ജാഥ കടന്നു പോകുമ്പോള്‍ അമിത്ഷായുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കണ്ണൂരിലെ സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളിലൂടെയായിരിക്കും ജാഥ സഞ്ചരിക്കുക എന്ന പ്രചരണം ബി.ജെ.പി അണികള്‍ക്കിടയില്‍ ശക്തമാണ്. സി.പി.എം ശക്തികേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ പോലും കഴിയാത്ത കോണ്‍ഗ്രസിന് സി.പി.എമ്മിനെ നേരിടാന്‍ കഴിയില്ലെന്നും കുമ്മനത്തിന്റെ ജാഥയോടെ കണ്ണൂരിലെ സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ ബി.ജെ.പിയുടെ പതാക പാറുമെന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രചരണം നടത്തുന്നുണ്ട്.

ഒരു സംസ്ഥാന ജാഥയ്ക്കു വേണ്ട മുന്നൊരുക്കങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല. വെറും 17 ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന വാഹനജാഥയിലൂടെ സംസ്ഥാനത്ത് ഒരു ഓട്ട പ്രദക്ഷിണത്തിനു പോലും കഴിയില്ല. പക്ഷേ, സംസ്ഥാന തലത്തില്‍ ഒരു ക്യാമ്പയിന്‍ ഏറ്റെടുത്തില്ലെങ്കില്‍ സംഘടനയെ ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയാത്ത തരത്തില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ ബി.ജെ.പിയില്‍ രൂക്ഷമാണ്. ഈ പ്രശ്‌നങ്ങള്‍ മറി കടക്കാന്‍ കേന്ദ്രമന്ത്രിമാരെയും പ്രമുഖ ദേശീയ നേതാക്കളെയും സംസ്ഥാന മുഖ്യമന്ത്രിമാരെയും ജാഥയുമായി ബന്ധപ്പെട്ട സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരുവനന്തപുരത്ത് നടക്കുന്ന ജാഥയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ പറയുന്നത്. പയ്യന്നൂരില്‍ അമിത്ഷാ തുടങ്ങി വെയ്ക്കുന്ന ആക്രമണം, മറ്റു ദേശീയ നേതാക്കള്‍ ഏറ്റെടുക്കുകയും തിരുവനന്തപുരത്ത് ആദിത്യനാഥിന്റെ വെടിക്കെട്ടോടെ ആളിക്കത്തിക്കുകയും ചെയ്യുകയാണ് ഉദ്ദേശ്യം. ജാഥയുടെ പ്രചരണവും സന്ദേശവും തീര്‍ത്തും പ്രകോപനകരമാകാനാണ് സാധ്യത. പ്രകോപനത്തോട് സി.പി.എം പ്രതികരിക്കുന്നത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കരുതുന്നത്. സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ചും രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ചും ദേശീയ തലത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള അവസരമായിട്ടാണ് ബി.ജെ.പി ഈ ജാഥയെ കാണുക. ഓണത്തിനു ശേഷം തുടങ്ങുന്ന ബി.ജെ.പി ജാഥ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തെ എത്രത്തോളം കലുഷമാക്കുമെന്ന് കണ്ടുതന്നെ അറിയണം.