ഖത്തര്‍-ഇറാന്‍ ബന്ധം : കടുത്ത പ്രതികരണവുമായി യു.എ.ഇ

#

ദുബായ് (26-08-17) : ഇറാനുമായുള്ള എല്ലാവിധ ബന്ധങ്ങളും പുനഃസ്ഥാപിച്ചു കൊണ്ടുള്ള ഖത്തറിന്റെ നീക്കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി യു.എ.ഇ. രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തുമ്പോള്‍ അഭിമാനക്ഷതമോ ആശയക്കുഴപ്പമോ ഉണ്ടാകേണ്ട ആവശ്യമില്ല. എന്നാല്‍ ഖത്തറിന്റെ കാര്യത്തില്‍ അവരുടെ കടുംപിടിത്തങ്ങള്‍ കാര്യം വഷളാക്കുക മാത്രമാണ് ചെയ്യുന്നത്. വിഷയത്തില്‍ അവര്‍ നല്‍കുന്ന ന്യായീകരണങ്ങളും അംഗീകരിക്കാനാകാത്തവയാണെന്നാണ് യു.എ.ഇ വിദേശ കാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗഷ് തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

ഉപരോധം ഏര്‍പ്പെടുത്തിയ ഗള്‍ഫ് രാജ്യങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ ഇറാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ഖത്തറിന്റെ നീക്കത്തെ ചോദ്യം ചെയ്ത യു.എ.ഇ. ഇത്തരം നീക്കങ്ങള്‍ നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്നും ഒത്തുതീര്‍പ്പിനുള്ള അവസാന ശ്രമങ്ങള്‍ കൂടി ഇല്ലാതാക്കുമെന്നും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍ തുടങ്ങി ആറോളം ഗള്‍ഫ് രാജ്യങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ഖത്തറുമായുള്ള എല്ലാ വിധ ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു. പിന്നീട് ചില ഉപാധികളോടെ നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്താമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഖത്തര്‍ ഇതിന് വഴങ്ങിയിരുന്നില്ല. ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നതായിരുന്നു ഇതിലൊരു മുഖ്യ ഉപാധി. എന്നാല്‍ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങില്ലെന്നറിയിച്ചു കൊണ്ട് ഖത്തര്‍ കഴിഞ്ഞ ദിവസം തഇറാനുമായുള്ള എല്ലാ ബന്ധങ്ങളും പുനഃസ്ഥാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യു.എ.ഇയുടെ പ്രതികരണമെത്തിയിരിക്കുന്നത്.