ഖത്തര്‍ ഉപരോധം ഹജ്ജ് തീര്‍ത്ഥാടനത്തെ ബാധിച്ചു

#

ദോഹ (29-08-17) : ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവു വരുത്തിയതായി റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യ, യു.എ.ഇ, ബഹറൈന്‍ തുടങ്ങി ആറോളം ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനേര്‍പ്പെടുത്തിയ ഉപരോധം മൂന്ന് മാസമായി അയവില്ലാതെ തുടരുമ്പോഴും ഹജ്ജ് തീര്‍ത്ഥാചനത്തെ ഇത് ബാധിക്കില്ലെന്ന് സൗദി ഉറപ്പു നല്‍കിയിരുന്നു. ഉപരോധത്തെ തുടര്‍ന്ന് അടച്ച അതിര്‍ത്തികള്‍ ഖത്തറില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കാനും തന്റെ ചെലവില്‍ അവരെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി എത്തിക്കാനും സൗദി രാജാവ് ഉത്തരവിടുകയും ചെയ്തിരുന്നു. ഇത്രയും ഇളവുകള്‍ അനുവദിച്ചിട്ട് പോലും ഖത്തറില്‍ നിന്ന് തീര്‍ത്ഥാടനത്തിനെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഖത്തറിന്റെ ദേശീയ മനുഷ്യാവകാശ കമ്മിറ്റിയുടെ കണക്കുകള്‍ പ്രകാരം അറുപത് മുതല്‍ എഴുപത് പേര്‍ വരെയാണ് ഇതുവരെ ഹജ്ജിനായി സൗദി അതിര്‍ത്തി കടന്നത്.എന്നാല്‍ ഇത് ഔദ്യോഗിക കണക്കല്ലെന്നും അവര്‍ വ്യക്തമാക്കുന്നു. അതേസമയം 1200 പേര്‍ എത്തിയെന്നാണ് സൗദി നല്‍കുന്ന കണക്കുകള്‍. കഴിഞ്ഞ തവണ മാത്രം 12000 പേർ ഖത്തറില്‍ നിന്ന് ഹജ്ജിനായെത്തിയെന്ന കണക്കുകള്‍ അറിയുമ്പോഴാണ് ഉപരോധം തീര്‍ത്ഥാടനത്തെ കാര്യമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്നത്.