ഖത്തര്‍ ഉപരോധം : നയതന്ത്ര പരിഹാരം എത്രയും വേഗം കണ്ടെത്തണമെന്ന് ട്രംപ്

#

വാഷിംഗ്ടണ്‍ (31-08-17) : ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം നയതന്ത്ര പരിഹാരം കണ്ടെത്തണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് സൗദി രാജാവുമായി അമേരിക്കന്‍ പ്രസിഡന്റ് ടെലിഫോണില്‍ ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

മാസങ്ങളായി തുടരുന്ന ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ ഇറാനുമായി കൂടുതല്‍ അടുക്കുന്നതില്‍ യു.എസിന് ആശങ്കയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. തീവ്രവാദ ബന്ധം ആരോപിച്ചാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍ തുടങ്ങി ആറോളം ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഉപരോധമേര്‍പ്പെടുത്തിയത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനു ശേഷമുണ്ടായ ഉപരോധ തീരുമാനത്തിന് പിന്നില്‍ യു.എസ് ഇടപെടലും സംശയിച്ചിരുന്നു.

ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കലടക്കമുള്ള ചില ഉപാധികളോടെ ഉപരോധം പിന്‍വലിക്കാമെന്ന് രാജ്യങ്ങള്‍ അറിയിച്ചിരുന്നുവെങ്കിലും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നീക്കങ്ങള്‍ക്ക് വഴങ്ങില്ലെന്ന നിലപാടായിരുന്നു ഖത്തര്‍ സ്വീകരിച്ചത്. അത് കൂടാതെ നിയന്ത്രണങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങില്ലെന്ന് വ്യക്തമാക്കി ഇറാനുമായുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന ആവശ്യവുമായി ട്രംപ് എത്തിയിരിക്കുന്നത്.