പ്രേക്ഷകരുടെ പേരില്‍

#

ഇംഗ്ലീഷിലെ രണ്ടു “ദേശീയ” ചാനലുകള്‍ തമ്മിലെ വൈരം ഇരു ചാനലുകളുടെയും സ്ക്രീനില്‍ തുറന്ന തമ്മിലടിയായി കത്തിക്കയറുകയാണ്, ഇന്ന് രാവിലെ മുതല്‍. ടൈംസ്‌ നൌ ചാനലും റിപ്പബ്ലിക് ടി.വി യും തമ്മിലെ ഈ വൈരത്തിന് ഏതാണ്ട് നാല് മാസത്തെ പഴക്കമേ ഉള്ളൂ. ടൈംസ് നൌ ചാനലിലെ ന്യൂസ് അവര്‍.

ഡിബേറ്റിലൂടെ താരമായ അര്‍ണാബ് ഗോസാമി രാജി വച്ച് കഴിഞ്ഞ മെയ്‌ ആറിനു റിപ്പബ്ലിക് ടി വി എന്ന പുതിയ ചാനല്‍ തുടങ്ങിയതോടെയാണ് ഈ ചാനല്‍ വൈരം പൊട്ടിപ്പുറപ്പെട്ടത്. അതുവരെ ടൈംസ് നൌ ചാനലിന് പ്രണോയ് റോയിയുടെ എന്‍ ഡി ടി വി ആയിരുന്നു എതിരാളി. പക്ഷേ, സൌമ്യവും വിനീതവുമായി ആ ചാനല്‍ എതിരാളിയുടെ പ്രകോപനങ്ങള്‍ അവഗണിക്കുകയായിരുന്നു.

സംപ്രേഷണം തുടങ്ങിയ ആദ്യ വാരത്തില്‍ തന്നെ റിപ്പബ്ലിക്, ടൈംസ് നൌവിനുമേല്‍ വ്യക്തമായ ആധിപത്യം നേടിത്തുടങ്ങിയിരുന്നു. ഇപ്പോള്‍ തുടര്‍ച്ചയായി 16 ആഴ്ച തങ്ങള്‍ എതിരാളികളെയെല്ലാം നിലം പരിശാക്കി പരമാധികാരം സ്ഥാപിച്ചിരിക്കുന്നു എന്നാണ് റിപ്പബ്ലിക്കിന്‍റെ പ്രഖ്യാപനം. പക്ഷേ ഈ വിജയം മറയാക്കി ടൈംസ് നൌ വിനെ ആക്ഷേപിച്ചുകൊണ്ടുള്ള പരസ്യവാചകങ്ങളാണ് റിപ്പബ്ലിക് ഇന്ന് രാവിലെ മുതല്‍ ഇടതടവില്ലാതെ വിളംബരം ചെയ്യുന്നത്. ചില ഉദാഹരണങ്ങള്‍ കാണുക: ടൈംസ് നൌവിന്റെ സമ്പൂര്‍ണ നാശം, ( Complete destruction of Times Now), പ്രേക്ഷകര്‍ ടൈംസ് നൌവിനെ തീര്‍ത്തും കയ്യൊഴിഞ്ഞു (Viewers completely reject Times Now), ഒരു മോശം വാര്‍ത്താചാനലിനെ നിര്‍ബന്ധിച്ചു തീറ്റ കൊടുത്തു നിലനിര്‍ത്താനാവില്ല. (You cant force feed a bad news channel) ഇങ്ങനെ പോകുന്നു റിപ്പബ്ലിക് ടി വി എതിരാളിക്ക് നേരെ തൊടുക്കുന്ന ആക്ഷേപങ്ങള്‍.

തങ്ങള്‍ 16 ആഴ്ചയായി എതിരില്ലാതെ ഒന്നാം നമ്പര്‍ ആയി ആധിപത്യത്തില്‍ നിന്നും പരമാധിപത്യത്തിലേക്ക് (From dominance to super dominance) കടന്നതായി അവകാശപ്പെടുന്ന റിപ്പബ്ലിക് ടി.വി മൊത്തം വാര്‍ത്താ പ്രേക്ഷകരില്‍ 47 ശതമാനവും തങ്ങള്‍ക്കൊപ്പമാണന്നു "BARC" നെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു. തൊട്ടു താഴെയുള്ള ടൈംസ് നൌവിനു 17 ശതമാനം, ഇന്ത്യ ടുഡേ 13, എന്‍ഡിടിവി 12, സി എന്‍ എന്‍ (ന്യൂസ് 18) 9, ന്യൂസ് എക്സ് 2 ശതമാനം. ഇവിടെ റിപ്പബ്ലിക് ടി വി അവകാശപ്പെടുന്ന പരമാധിപത്യം രാത്രി ഒമ്പത് മുതല്‍ പതിനൊന്നു വരെയുള്ള പ്രൈം ടൈം സമയത്താണ്.

ടൈംസ് നൌതിരിച്ചടിക്കുന്നു. അതിങ്ങനെ: "ഞങ്ങള്‍ക്ക് ദിവസത്തില്‍ അറുപതു മിനിട്ടല്ല" (Not just 60 minutes a day), "ഞങ്ങളുടെ നേതൃസ്ഥാനം 24 മണിക്കൂറും 365 ദിവസവും ആണ്" (Our leadership is 24 hours 365 days) "കാരണം, ന്യൂസ് എന്നത് അറുപതു മിനിട്ടിന്റെ കാര്യമല്ല" (because news isnt just about 60 minutes),"പ്രേക്ഷകക്കണക്ക് സംബന്ധിച്ച വ്യാജമായ അവകാശ വാദം പരാജയപ്പെട്ടു" (Fake viewership claims defeated), "റിപ്പബ്ലിക് കാണുന്നത് ടൈംസ് നൌ" ( The Republic watches Times Now) ടൈംസ് നൌവിന്റെ കണക്കനുസരിച്ച് അവര്‍ക്കൊപ്പം 37 ശതമാനം പ്രേക്ഷകരുണ്ട്. പക്ഷേ, പ്രൈം ടൈം, ഗോസാമി കൊണ്ടുപോയെന്ന് ടൈംസ് നൌ പറയാതെ സമ്മതിക്കുന്നു.

ടൈംസ് നൌ ചാനലിലെ മുടിചൂടാമന്നനായിരുന്ന ഗോസാമി, ഉടമകളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ്‌ കഴിഞ്ഞ നവംബറില്‍ ചാനല്‍ വിട്ടത്. തന്‍റെ ന്യൂസ്അവര്‍ ഡിബേറ്റില്‍ രാജ്യസ്നേഹം തിളപ്പിച്ച്‌ തിളപ്പിച്ച്‌ ഇനി മേല്‍ പാകിസ്ഥാനില്‍നിന്നുള്ള കലാകാരന്മാരെ ഇന്ത്യയില്‍ അനുവദിച്ചു കൂടാ എന്നുവരെ പ്രഖ്യാപിച്ച ഗോസാമിതീവ്രവാദം ഉടമകള്‍ തള്ളുകയായിരുന്നു. ടൈംസ് നൌ ചാനല്‍വിട്ട് അടുത്ത മാസം തന്നെ അദ്ദേഹം പുതിയ ചാനല്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും രാജ്യസഭാംഗവും ബി ജെ പി സഖ്യത്തിന്‍റെ കേരള ഘടകം ഉപാധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍, ആര്‍ണാബ് ഗോസാമി, ഭാര്യ സൌമ്യബ്രതറായി എന്നിവരാണ് ചാനലിന്‍റെ ഉടമസ്ഥര്‍. ചാനല്‍ സംപ്രേഷണം തുടങ്ങി അടുത്ത ആഴ്ച തന്നെ പ്രേക്ഷകക്കണക്ക് സംബന്ധിച്ച ചാനലിന്‍റെ അവകാശവാദം വിവാദമായിരുന്നു. കൂടാതെ ന്യൂസ് അവറില്‍, ശശി തരൂര്‍ എംപി യുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് വ്യാജ പ്രചരണം നടത്തിയെന്ന് ആരോപിച്ച് പരാതിയും ഉണ്ടായി.

ഏതായാലും വിധി പ്രഖ്യാപനം നടത്തുന്ന വാര്‍ത്തകളും അലറി വിളിക്കുന്ന ചര്‍ച്ചകളും ആണ് വാര്‍ത്താ ചാനലുകള്‍ക്ക് റേയ്റ്റിംഗ് കൂട്ടാന്‍ അഭികാമ്യം എന്ന് ഈ കണക്കു തെളിയിക്കുന്നുണ്ട്. നമ്മുടെ മലയാളം ചാനലുകളും ആ വഴിക്ക് നീങ്ങുകയാണല്ലോ.