അനിതയുടെ ആത്മഹത്യ: തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം

#

ചെന്നൈ (02-09-17) : മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം. മൃതദേഹം ഏറ്റെടുക്കാതെ മാതാപിതാക്കള്‍ പ്രതിഷേധിച്ചു. അതേസമയം, അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷംരൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു.

നീറ്റ് മാനദണ്ഡമാക്കി മെഡിക്കല്‍ പ്രവേശനം നടത്തരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോരാടിയ എസ്.അനിത(17) ആണ് ജീവനൊടുക്കിടയത്. പ്ലസ് ടുവിന് 1200ല്‍ 1176 മാര്‍ക്കോടെ ഉന്നത വിജയം നേടിയ അനിത  നീറ്റില്‍ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എങ്കിലും, നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം മതിയെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത് അനിതയ്ക്ക തിരിച്ചടിയായി. നീറ്റ് പരീക്ഷയില്‍ മികച്ച പ്രകടനം നടത്താന്‍ അനിതയ്ക്ക് കഴിഞ്ഞിരുന്നില്ല.  നീറ്റ് ചോദ്യപേപ്പര്‍ സി.ബി.എസ്.സി അടിസ്ഥാനത്തിലുളളതാണെന്നും സ്‌റ്റേറ്റ് സിലബസ് വിദ്യാര്‍ഥികള്‍ക്ക് ഇത് താങ്ങാനാവില്ലെന്നും അനിത സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് മാനദണ്ഡമാക്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ നീറ്റ് സിബിഎസ് സി സ്‌കൂളുകളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ രീതിയില്‍ ആണെന്നും, പാവപ്പെട്ട, വലിയ കോച്ചിങ്ങ് ക്ലാസുകളില്‍ പോകാന്‍ സാമ്പത്തികമായി ശേഷിയില്ലാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് നീറ്റ് കടക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നും തമിഴ്‌നാട് സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. ഒരു സംസ്ഥാനത്തിനു മാത്രമായി നീറ്റില്‍ നിന്ന് ഇളവു നല്‍കാനാവില്ലെന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. തുടര്‍ന്ന് സുപ്രീം കോടതി  ഹര്‍ജി  തളളുകയായിരുന്നു.

തൂങ്ങി മരിച്ച നിലയിലായിരുന്നു അനിതയെ കണ്ടെത്തിയത്. അനിതയുടെ മരണത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് സൂചന നല്‍കി നില്‍ക്കുന്ന രജനികാന്തും, കമല്‍ഹാസനും അനിതയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.

അനിതയുടെ മരണത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. പെരന്പലൂര്‍, അരിയലൂര്‍ ജില്ലകളില്‍ ഒരു വിഭാഗം ഹര്‍ത്താലിന് ആഹ്വാനം നല്‍കി. അനിതയുടെ മരണത്തിന് ഉത്തരവാദികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണെന്ന് എം.കെ. സ്റ്റാലിന്‍ ആരോപിച്ചു. മരണത്തിന് ഉത്തരവാദിത്തം ബി.ജെ.പിയ്ക്കാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ ബി.ജെ.പി ഓഫീസുകളുടെ സുരക്ഷ ശക്തമാക്കി. ചെന്നൈയില്‍ ഇടതുപാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധത്തിന് ആഹ്വാനം നല്‍കി.