സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് മുടക്കിയ ദളിത് വിദ്യാര്‍ത്ഥിനിയുടെ പഠനം വഴിമുട്ടുന്നു

#

തിരുവനന്തപുരം (02-09-17) : സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായം ലഭിക്കാത്തതിനാല്‍ ഫീസ് അടയ്ക്കാനാവാതെ ദളിത് വിദ്യാര്‍ത്ഥിനിയുടെ വിദേശ ഉപരിപഠനം മുടങ്ങി. ഫീസ് അടയ്ക്കാത്തതിനാല്‍ പോര്‍ച്ചുഗല്ലിലെ കോയംബ്ര സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കി. തൃശൂര്‍ കൊടകര സ്വദേശിയും പോര്‍ച്ചുഗലിലെ പ്രശസ്തമായ കോയംബ്ര സര്‍വകലാശാലയിലെ എംഎസ്‌സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയുമായ റിമ രാജനെയാണ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നല്കിയത്. എം.എസ്‌.സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് റിമ.

ഒന്നര വര്‍ഷം മുമ്പ് അനുവദിച്ച സ്‌കോളര്‍ഷിപ്പാണ് ഇത്. പിന്നീട് മെറിറ്റ് ഇല്ലെന്ന കാരണത്താലാണ് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് റിമയ്ക്ക് ഫീസ് അടയ്ക്കാന്‍ യൂണിവേഴ്‌സിറ്റി സമയം നല്‍കിയിരിക്കുന്നത്. രണ്ട്, മൂന്ന് സെമസ്റ്ററുകള്‍ക്കുള്ള ഫീസ് അടയ്ക്കാത്തതിനാല്‍ ശനിയാഴ്ച അഞ്ച് മണിക്ക് ശേഷം  കോഴ്‌സില്‍ നിന്ന് പുറത്താക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ടെര്‍മിനേഷന്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ നാല് ലക്ഷം രൂപ ഫീസ് അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത 2018 സെപ്റ്റംബര്‍ വരെ കാത്തിരിക്കണം.അങ്ങനെയാണെങ്കില്‍ റിമയ്ക്ക് നഷ്ടമാവുന്നത് ഒരു വര്‍ഷമാണ്. ഈ കാലതാമസം വന്നാല്‍ റിസര്‍ച്ചും പിഎച്ച്ഡി ആപ്ലിക്കേഷനും സര്‍വകലാശാല തള്ളും. വിസ പ്രശ്‌നങ്ങളുമുണ്ടാകും. വിഷയം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിട്ടും പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വിഷയത്തില്‍ ഇടപെട്ടില്ല.

സര്‍ക്കാര്‍  സഹായം ലഭിച്ചിക്കാതെ വന്നതോടെ റിമയുടെ പഠനം മുടങ്ങുന്ന അവസ്ഥയാണിപ്പോള്‍. സര്‍ക്കാറില്‍ നിന്നും ധനസഹായം ലഭിക്കുമെന്ന് അറിയിച്ചിരുന്നതിനാല്‍ ബാങ്ക് വായ്പ എടുത്താണ് ആദ്യഘട്ടത്തിലെ ഫീസും മറ്റ് ചെലവുകളും നടത്തിയത്. റിമയുടെ പിതാവ് രാജന്‍ നിരവധി തവണ സെക്രട്ടറിയേറ്റിലെത്തി ഉദ്യോഗസ്ഥരെ കണ്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ അനുകൂല നടപടി സ്വീകരിച്ചില്ല.

2015 നവംബറില്‍ ആണ് റിമയ്ക്ക് കോയംബ്ര സര്‍വകലാശാലയില്‍ പ്രവേശനം കിട്ടുന്നത്. 2016 ഫെബ്രുവരിയില്‍ സ്‌കോളര്‍ഷിപ്പിനായി പട്ടിക സര്‍ക്കാരില്‍ അപേക്ഷ നല്‍കി. സര്‍വകലാശാല അധികാരികളില്‍ നിന്നും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) വാങ്ങി നല്‍കണമെന്നു പറഞ്ഞപ്പോള്‍ അതും ചെയ്തു. പണം അനുവദിക്കാം എന്ന് ഉറപ്പും കിട്ടി. സ്‌കോളര്‍ഷിപ്പ് നിഷേധിച്ച വിഷയം അറിയിക്കാന്‍ പട്ടികജാതി, വര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലനെ റിമ ഫോണില്‍ വിളിച്ചിരുന്നു. വിവരങ്ങള്‍ കുറിച്ചെടുക്കാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതല്ലാതെ നടപടികള്‍ ഒന്നുമുണ്ടായില്ലെന്ന് റിമ പറയുന്നു.