മിനിമം വേതനം നല്‍കുന്നില്ല : മെഡിസിറ്റിയില്‍ നഴ്‌സുമാര്‍ കൂട്ട അവധിയിലേക്ക്

#

കൊല്ലം (03-09-17) : കൊല്ലം ജില്ലയിലെ ജനങ്ങളോട് ഖേദം പ്രകടിപ്പിച്ച് യു.എന്‍.എ. തിരുവോണം-അവിട്ടം ദിനങ്ങളിലായി ജില്ലയിലെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജില്‍ (മെഡിസിറ്റിയില്‍) നടത്താനൊരുങ്ങുന്ന സമരത്തിന് മുന്നോടിയായാണ് അസൗകര്യങ്ങള്‍ക്ക് മുന്‍കൂട്ടി ഖേദം പ്രകടിപ്പിച്ച് യു.എന്‍.എ പ്രതികരിച്ചിരിക്കുന്നത്. മിനിമം വേതനം പോലും നല്‍കാതെ അധിക ജോലി ചെയ്യിക്കുന്ന മെഡിസിറ്റി ആശുപത്രി മാനേജ്മന്റിന് മുന്നറിയിപ്പ് എന്ന നിലയിലാണ് രണ്ട് ദിവസത്തെ സമരത്തിന് യു.എന്‍.എ ആഹ്വാനം ചെയ്തിരിക്കുന്നത്.

നിയമപരമായി ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കണമെന്നിരിക്കെ ബോണസ് പോയിട്ട് മിനിമം വേതനം പോലും തരാന്‍ തയ്യാറാകാത്ത മാനേജ്‌മെന്റിനെതിരെ കൂട്ട അവധിയെടുത്താണ് നഴ്‌സുമാര്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്. വരുന്ന തിരുവോണം,അവിട്ടം നാളുകളിലായാണ് നഴ്‌സുമാരുടെ കൂട്ട അവധിയെടുപ്പ് സമരം.

സര്‍ക്കാര്‍ പറയുന്ന മിനിമം വേതനം നല്‍കാന്‍ പോലും തയ്യാറാകാത്ത ആശുപത്രിയില്‍ കൃത്യമായ രോഗി-നഴ്‌സ് അനുപാതം പാലിക്കാത്തതിനാല്‍ രോഗികള്‍ക്ക് കൃത്യമായ പരിചരണം നല്‍കാന്‍ കഴിയുന്നില്ലെന്നാണ് സമരത്തിന് ആഹ്വാനം ചെയ്ത നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ ആരോപിക്കുന്നത്. രോഗികള്‍ക്ക് നിന്ന് ഭീമമായ തുക ഈടാക്കുന്ന മാനേജ്‌മെന്റ് നഴ്‌സുമാര്‍ക്ക് മിനിമം വേതനം നല്‍കുന്നില്ല എന്ന് മാത്രമല്ല രോഗികളെ പരിചരിക്കാന്‍ പോലും ആവശ്യമായ നഴ്‌സുമാരെയും നിയമിക്കുന്നില്ല എന്നും യു.എന്‍.എ പറയുന്നു. കഷ്ടപ്പെട്ട് പണിയെടുക്കുന്നതിന് അര്‍ഹമായ കൂലി പോലും ലഭിക്കാത്ത സാഹചര്യത്തില്‍ സമരമല്ലാതെ മറ്റൊരു മാര്‍ഗ്ഗം സംഘടനയ്ക്കു മുന്നിലില്ലാത്തത് കൊണ്ടാണ് ഇത്തരമൊരു നീക്കം. ഇത് മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്നും യു.എന്‍.എ പ്രതിനിധികള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.