പ്രതിരോധം നിര്‍മ്മല സീതാരാമന് : ഇന്ദിരാ ഗാന്ധിയ്ക്ക് ശേഷം വകുപ്പ് വഹിക്കുന്ന ആദ്യ വനിത

#

ന്യൂഡല്‍ഹി  (03-09-17) :  നിര്‍മ്മല സീതാരാമന് പ്രതിരോധ വകുപ്പ് നല്‍കി ബി.ജെ.പി സര്‍ക്കാര്‍. മന്ത്രിസഭാ പുനഃസംഘടന സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷമാണ് മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുന്നത്. ഔദ്യോഗിക സ്ഥിതീകരണമൊന്നുമുണ്ടായിട്ടില്ലെങ്കിലും നിര്‍മ്മല സീതാരാമന്‍ പ്രതിരോധ വകുപ്പിന്റെ തലപ്പത്തെത്തിയാല്‍ അത് ചരിത്രപരമായ ഒരു തീരുമാനം തന്നെയാകും. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയ്ക്ക് ശേഷം പ്രതിരോധ വകുപ്പ് വഹിക്കുന്ന രണ്ടാമത്തെ വനിതയാകും നിര്‍മ്മല.

ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധിക ചുമതലയായി വഹിച്ചിരുന്ന പ്രതിരോധ വകുപ്പ് അദ്ദേഹത്തിന്റെ കീഴില്‍ തന്നെ തുടരുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതെങ്കിലും പിന്നീടാണ് നിര്‍മ്മലാ സീതാരാമനെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന എത്തുന്നത്. പുനഃസംഘടനയ്ക്ക് മുന്‍പായി തന്നെ കേന്ദ്രമന്ത്രിമാരുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തിക്കൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രധാനമന്ത്രി നരന്ദ്ര മോദിയ്ക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് മന്ത്രിമാരുടെ നിയമനവും വകുപ്പ് കൈമാറ്റവും നടന്നതെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ വാണിജ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന നിര്‍മ്മല സീതാരാമന്‍ മോദിയുടെ വിശ്വസ്തയായാണ് കണക്കാക്കപ്പെടുന്നത്. മന്ത്രി എന്ന നിലയ്ക്ക് അവരുടെ മികച്ച പ്രകടനം കൂടി കണക്കിലെടുത്താണ് രാജ്യത്തെ തന്ത്രപ്രധാന വകുപ്പ് അവര്‍ക്ക് നല്‍കിയതെന്നാണ് വിലയിരുത്തല്‍.