നഴ്‌സുമാര്‍ കൂട്ട അവധിയില്‍ : മെഡിസിറ്റിയുടെ പ്രവര്‍ത്തനം നിശ്ചലാവസ്ഥയിലേക്ക്

#

കൊല്ലം (04-09-17) : ജില്ലയിലെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജില്‍ (മെഡിസിറ്റി)യില്‍ നഴ്‌സുമര്‍ കൂട്ട അവധിയില്‍. മിനിമം വേതനം, ബോണസ് തുടങ്ങി ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയുളള പ്രതിഷേധത്തിന്റെ ഭാഗാമായാണ് ഇത്. മിനിമം വേതനം പോലും നല്‍കാതെ അധിക ജോലി ചെയ്യിക്കുന്ന മെഡിസിറ്റി ആശുപത്രി മാനേജ്മന്റിന് മുന്നറിയിപ്പ് എന്ന നിലയിലാണ് രണ്ട് ദിവസത്തെ സമരത്തിന് കഴിഞ്ഞ ദിവസമാണ് നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ ആഹ്വാനം ചെയ്തത്.

നിയമപരമായി ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കണമെന്നിരിക്കെ ബോണസ് പോയിട്ട് മിനിമം വേതനം പോലും തരാന്‍ തയ്യാറാകാത്ത മാനേജ്മെന്റിനെതിരെ കൂട്ട അവധിയെടുത്താണ് നഴ്സുമാരുടെ പ്രതിഷേധം.ഇന്ന് നാളെയുമായി അത്യാഹിത-വെന്റിലേറ്റര്‍ വിഭാഗങ്ങളിലൊഴികെയുള്ള എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലെയും നഴ്‌സുമാര്‍ അവധിയെടുക്കുന്നതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണ്ണമായും നിലയ്ക്കുന്ന മട്ടാണ്.ആകെ 424 നഴ്‌സുമാരുള്ള ആശുപത്രിയില്‍ 384 പേരും കൂട്ട അവധിയിലാണെന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.  അടിയന്തിര ഘട്ടങ്ങളില്‍ ആശ്രയിക്കാവുന്ന ആശുപത്രികളുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കൊല്ലത്തെ ഏക മെഡിക്കല്‍ കോളേജാണ് മെഡിസിറ്റി. അതുകൊണ്ട് തന്നെ ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത് രോഗികളെ രൂക്ഷമായി തന്നെയാകും ബാധിക്കുക.

സര്‍ക്കാര്‍ പറയുന്ന മിനിമം വേതനം നല്‍കാന്‍ പോലും തയ്യാറാകാത്ത ആശുപത്രിയില്‍ കൃത്യമായ രോഗി-നഴ്സ് അനുപാതം പാലിക്കാത്തതിനാല്‍ രോഗികള്‍ക്ക് കൃത്യമായ പരിചരണം നല്‍കാന്‍ കഴിയുന്നില്ലെന്നാണ് സമരത്തിന് ആഹ്വാനം ചെയ്ത നഴ്സുമാരുടെ സംഘടനയായ യു.എന്‍.എ ആരോപിക്കുന്നത്. രോഗികള്‍ക്ക് നിന്ന് ഭീമമായ തുക ഈടാക്കുന്ന മാനേജ്മെന്റ് നഴ്സുമാര്‍ക്ക് മിനിമം വേതനം നല്‍കുന്നില്ല എന്ന് മാത്രമല്ല രോഗികളെ പരിചരിക്കാന്‍ പോലും ആവശ്യമായ നഴ്സുമാരെയും നിയമിക്കുന്നില്ല എന്നും യു.എന്‍.എ പറയുന്നു. കഷ്ടപ്പെട്ട് പണിയെടുക്കുന്നതിന് അര്‍ഹമായ കൂലി പോലും ലഭിക്കാത്ത സാഹചര്യത്തില്‍ സമരമല്ലാതെ മറ്റൊരു മാര്‍ഗ്ഗം സംഘടനയ്ക്കു മുന്നിലില്ലാത്തത് കൊണ്ടാണ് ഇത്തരമൊരു നീക്കം. ഇത് മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്നും യു.എന്‍.എ പ്രതിനിധികള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.