ഓണസദ്യയില്ല : സമരപ്പന്തലില്‍ കഞ്ഞിവച്ച് നഴ്‌സുമാര്‍

#

ആലപ്പുഴ (04-09-17) : ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണാഘോഷങ്ങളില്‍ മുഴുകുമ്പോള്‍ കേരളത്തിലെ ഒരു വിഭാഗം നഴ്‌സുമാരുടെ ഓണം സമരപ്പന്തലിലാണ്. ന്യായമായ ആവശ്യങ്ങള്‍ക്കായുള്ള ഇവരുടെ പോരാട്ടങ്ങള്‍ക്കു നേരെ ആശുപത്രി മാനേജ്‌മെന്റുകള്‍ കണ്ണടച്ച സാഹചര്യത്തില്‍ അവകാശങ്ങള്‍ക്ക് നേടിയെടുക്കാനുള്ള സമരത്തിനിടെയെത്തിയ ഓണവും ഇവര്‍ സമരപ്പന്തലില്‍ തന്നെ ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു,


രാവും പകലും വ്യത്യാസമില്ലാതെ രോഗികളെ ശുശ്രൂഷിച്ചും പരിചരിച്ചും കഴിയുന്ന നഴ്‌സുമാര്‍ തങ്ങള്‍ അര്‍ഹിക്കുന്ന വേതനം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരത്തിനിറങ്ങിയത്. രോഗികളുടെ കൈയ്യില്‍ നിന്ന് അറുത്തു പണം വാങ്ങുന്ന മാനേജ്മന്റുകള്‍  ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ആ സാഹചര്യത്തില്‍ സമരവും പ്രതിഷേധവുമല്ലാതെ ഇവര്‍ക്ക് വേറെ മാര്‍ഗ്ഗവുമില്ല. ആലപ്പുഴ കെ.വി.എം കൂടാതെ കോട്ടയം ഭാരത് ആശുപത്രിയിലും നഴ്‌സുമാരുടെ ഓണം സമരപ്പന്തലില്‍ കഞ്ഞി കുടിച്ച് തന്നെയാണ്.

കൊല്ലം മെഡിസിറ്റിയിലെ നഴ്‌സുമാരും ഓണദിനത്തില്‍ പ്രതിഷേധത്തില്‍ തന്നെയാണ്. ആശുപത്രിയിലെ തൊണ്ണൂറ് ശതമാനം നഴ്‌സുമാരും ഇന്നും നാളെയുമായി കൂട്ട അവധിയെടുത്താണ് ആശുപത്രി മാനേജ്‌മെന്റിന്റെ നീതികേടിനെതിരെ പ്രതികരിക്കുന്നത്.