ഒത്തുതീര്‍പ്പിന് വഴങ്ങാതെ മെഡിസിറ്റി മാനേജ്‌മെന്റ്

#

കൊല്ലം (05-09-17) : മിനിമം വേതനം ആവശ്യപ്പെട്ട് നഴ്‌സുമാര്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലും ഒത്തുതീര്‍പ്പിന് വഴങ്ങാതെ മെഡിസിറ്റി മാനേജ്‌മെന്റ്. മിനിമം വേതനം, ബോണസ്, നഴ്‌സുമാരുടെ എണ്ണത്തില്‍ വര്‍ദ്ധന എന്നിവ ആവശ്യപ്പെട്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ ഇന്നലെയും ഇന്നുമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്.

അടിയന്തിര ഘട്ടങ്ങളില്‍ ആശ്രയിക്കാവുന്ന ആശുപത്രികളുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കൊല്ലത്തെ പ്രധാന മെഡിക്കല്‍ കോളേജാണ് മെഡിസിറ്റി. അതുകൊണ്ട് തന്നെ അവിടെ ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങള്‍ ജനങ്ങളെ രൂക്ഷമായി തന്നെയാകും ബാധിക്കുക. ഇത് മുന്നില്‍ക്കണ്ട് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം ഇന്ന് മെഡിസിറ്റി മാനേജ്മന്റിനെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് വിളിച്ചിരുന്നു. എന്നാല്‍ എ.ഡി.എം അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും മാനേജ്മന്റ് പ്രതിനിധികള്‍ കടുംപിടിത്തം തുടര്‍ന്ന സാഹചര്യത്തില്‍ ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു. ഇതിനെ തുടര്‍ന്ന് വരുന്ന പതിനാലാം തീയതി മുതല്‍ ആശുപത്രിയില്‍ സമരത്തിനൊരുങ്ങുകയാണ് നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം പതിനാലാം തീയതി മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുമെന്നാണ് യു.എന്‍.എ പ്രതിനിധികള്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം മെഡിസിറ്റി മാനേജ്‌മെന്റ് അവരുടെ കടുംപിടിത്ത നിലപാട് തുടര്‍ന്നാല്‍ ദുരന്ത നിവാരണം അടക്കമുളള അടിയന്തിര ഘട്ടങ്ങളില്‍ സേവനം ഉറപ്പാക്കുന്ന ആശുപത്രികളുടെ പട്ടികയില്‍ നിന്നും ആശുപത്രിയെ ഒഴിവാക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.