നിർഭയത്വത്തിന്റെ പ്രതീകമായിരുന്നു ഗൗരി ലങ്കേഷ് : ആ വഴി പിന്തുടരുക

#

(06-09-17) : ഗൗരി ലങ്കേഷിനെ വെടി വച്ചു കൊന്ന ഹിന്ദു തീവ്രവാദികൾ ഇല്ലാതാക്കിയത് മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ട രാജ്യത്തെ ഏറ്റവും നിർഭയമായ ശബ്ദങ്ങളിലൊന്നാണ്. ഫാഷിസ്റ്റ്  സ്വഭാവമാർജ്ജിച്ച  ഹിന്ദു വർഗ്ഗീയത കേന്ദ്ര ഭരണത്തിലെത്തിയതോടെ മതേതരത്വത്തിനുവേണ്ടി ശബ്ദിക്കുന്നവർക്ക് ജീവിക്കാൻ സാധ്യമാകാത്ത അന്തരീക്ഷം ഇവിടെ സൃഷ്ടിക്കപ്പെട്ടു. മതഭ്രാന്തന്മാരും വർഗ്ഗീയ രാഷ്ട്രീയക്കാരും പറയുന്നത് അനുസരിക്കാൻ തയ്യാറാകാത്തവർക്ക് നേരേ ക്രൂരമായ ആക്രമണമാണ് ഉണ്ടാകുന്നത്. മതനിരപേക്ഷതയുടെ ശക്തരായ വക്താക്കളായിരുന്ന 3 പ്രമുഖ ബുദ്ധിജീവികളെ ഹിന്ദു വർഗ്ഗീയവാദികൾ വെടിവച്ചു കൊന്നു. നരേന്ദ്ര ധബോൾക്കറെയും ഗോവിന്ദ് പൻസാരെയെയും എം.എം.കൽബുർഗിയെയും വെടിവച്ചുകൊന്നത് സമാനമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് വ്യക്തമായ സന്ദേശം നൽകാൻ വേണ്ടിയായിരുന്നു. ഒരു എതിർശബ്ദവും ഉയരരുത് എന്നും ഉയരുന്ന പ്രതിശബ്ദങ്ങൾക്ക് മറുപടി വെടിയുണ്ടയായിരിക്കും എന്ന സന്ദേശം. ഭീതിജനകമായ ഈ അവസ്ഥയിൽ നിശ്ശബ്ദയാകാൻ തയ്യാറാകുന്നതായിരുന്നില്ല ഗൗരി ലങ്കേഷിന്റെ വ്യക്തിത്വം. പകരം കൂടുതൽ ശക്തിയോടെ ഹൈന്ദവ വർഗ്ഗീയതയോട് പൊരുതുകയാണ് അവർ ചെയ്തത്. മതനിരപേക്ഷതയ്ക്കും സാമൂഹ്യ തുല്യതയ്ക്കും വേണ്ടി നിലകൊള്ളുന്നവർക്ക് ശാന്തമായി വിശ്രമിക്കാൻ കഴിയുന്ന സാഹചര്യമല്ല രാജ്യത്ത് ഇപ്പോഴുള്ളതെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു.

ബംഗളുരു പോലെ ഒരു നഗരത്തിൽ ഗൗരി ലങ്കേഷിനെപ്പോലെ പ്രമുഖയായ ഒരു പത്രപ്രവർത്തകയ്ക്ക് ഇതാണ് അനുഭവമെങ്കിൽ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും ഹിന്ദു വർഗ്ഗീയവാദത്തെ എതിർക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കുമുള്ള അനുഭവം എന്തായിരിക്കും എന്ന സന്ദേശമാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവർ നൽകുന്നത്. ഇതൊരു ഭീഷണിയും വെല്ലുവിളിയുമാണ്. ഈ വെല്ലുവിളി ഏറ്റെടുക്കുക എന്നതാണ് മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന എല്ലാവരുടെയും കടമ. ഹൈന്ദവ തീവ്രവാദം ഉയർത്തുന്ന ഈ വെല്ലുവിളി ഞങ്ങൾ ഏറ്റെടുക്കുന്നു.