യഥാര്‍ത്ഥ പ്രശ്‌നം ഖത്തര്‍ വിസ്മരിക്കുന്നു : വിമര്‍ശനവുമായി സൗദി

#

(07-09-17) : ഖത്തറിനേര്‍പ്പെടുത്തിയ ഉപരോധം മൂന്ന് മാസം പിന്നിടുന്ന സാഹചര്യത്തില്‍ വിമര്‍ശനവുമായി സൗദി അറേബ്യ.  വിലക്കേര്‍പ്പെടുത്തിയ കാര്യം മാത്രം ഖത്തര്‍ വലിയ ചര്‍ച്ചാ വിഷയമാക്കി ഉയര്‍ത്തിക്കാട്ടിയെന്നും എന്നാല്‍ അത്തരമൊരു നിയന്ത്രണം ഉണ്ടാകാനിടയായ സാഹചര്യത്തെപ്പറ്റി അവര്‍ വിസ്മരിച്ചുവെന്നുമാണ് സൗദി വിദേശകാര്യ മന്ത്രി അദല്‍ അല്‍ ജുബൈര്‍ അറിയിച്ചത്.

തീവ്രവാദത്തിനും തീവ്രവാദ സംഘടനകള്‍ക്കും പ്രോത്സാഹനം നല്‍കുന്നു എന്നാരോപിച്ചാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍ തുടങ്ങി നാലോളം രാജ്യങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ആരോപിക്കുന്നത് പോലെ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന എന്ന ആരോപണത്തിന് അവര്‍ ഇപ്പോഴും പരിഗണന കൊടുത്തിട്ടില്ലെന്നും വിലക്കിനെ കുറിച്ചു മാത്രമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജിസിസി രാഷ്ട്രങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങളുടെ പേരില്‍ ഉടലെടുത്ത സംതംഭനാവസ്ഥ മറികടക്കാന്‍ ഖത്തറിന്റെ ഇത്തരമൊരു നിലപാട് മൂലം സാധിക്കില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ നീണ്ടുപോകാന്‍ ഖത്തര്‍ തന്നെ കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി.

ഉപരോധം ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ഖത്തറിനെ സംബന്ധിച്ചുണ്ടായിരുന്ന ആശങ്ക അകറ്റാന്‍ ഖത്തര്‍ പരാജയപ്പെട്ടതാണ് സ്ഥിതിഗതികള്‍ വഷളാക്കിയതെന്നും അല്‍ ജുബൈര്‍ വ്യക്തമാക്കി.