ദേശീയതലത്തില്‍ ഇടതുമുന്നണി ഇല്ലാതാകുന്നുവോ ?: ജെ.എന്‍.യു തെരഞ്ഞെടുപ്പ് നല്‍കുന്ന സൂചനകള്‍

#

ന്യൂഡല്‍ഹി (07-09-17) : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 8 ന് നടക്കും. ഇടതു വിദ്യാര്‍ത്ഥി സംഘടനകളിലെ ഐക്യവും ഭിന്നതയും, വിചിത്രമായ സഖ്യങ്ങള്‍ക്കും പരസ്പരമത്സരങ്ങള്‍ക്കും കാരണമായ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചരണം പതിവിലേറെ വാശി നിറഞ്ഞതായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിന് വലിയ വിദ്യാര്‍ത്ഥി പങ്കാളിത്തമാണ് ഉണ്ടായിരുന്നത്.

ജെ.എന്‍.യു പിടിച്ചടക്കാന്‍ സംഘപരിവാര്‍ തീവ്രശ്രമം നടത്തുന്നുവെന്നും സര്‍വ്വകലാശാല ഭരണം സംഘപരിവാര്‍ നിയന്ത്രണത്തിലാണെന്നും ഇടതു സംഘടനകള്‍ ആരോപിക്കുന്നു. സംഘപരിവാറിനെതിരേ ഇടതു സംഘടനകളുടെ സഖ്യം എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.എഫ്.ഐ, ഐസ, ഡി.എസ്.എഫ് എന്നീ സംഘടനകള്‍ മുന്നണിയായി മത്സരിക്കുമ്പോള്‍ തത്വാധിഷ്ഠിതമായ ഇടതുപക്ഷം എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ് തനിച്ചു മത്സരിക്കുകയാണ്. എസ്.എഫ്.ഐ-ഐസ-ഡി.എസ്.എഫ് മുന്നണി, എ.ഐ.എസ്.എഫ്, എ.ബി.വി.പി എന്നിവ കൂടാതെ മത്സരരംഗത്തുള്ള പ്രധാന സംഘടന ബിർസ അംബേദ്കര്‍ ഫുലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ബാപ്‌സ) ആണ്. എന്‍.എസ്.യു മത്സരിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയില്ല.

സി.പി.ഐ(എം.എല്‍-ലിബറേഷന്‍)ന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഐസയും സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയും കഴിഞ്ഞ വര്‍ഷം വരെ ക്യാമ്പസില്‍ ബദ്ധശത്രുക്കളായിരുന്നു. തനിച്ചു മത്സരിച്ചാല്‍ വിജയിക്കാനാവില്ല എന്ന് രണ്ടു സംഘടനകളും തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഐസയും എസ്.എഫ്.ഐയും  മുന്നണിയായി മത്സരിച്ച് വിജയിക്കുകയുണ്ടായി. വോട്ടുകള്‍ ഭിന്നിപ്പിച്ച് എ.ബി.വി.പിയ്ക്ക് ജയിക്കാന്‍ സാഹചര്യം സൃഷ്ടിക്കാന്‍ തയ്യാറല്ലെന്ന പേരില്‍ എ.ഐ.എസ്.എഫ്, തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. ഇത്തവണ എസ്.എഫ്.ഐയും ഐസയും കൂടാതെ, എസ്.എഫ്.ഐ വിമതരുടെ സംഘടനയായ ഡി.എസ്.എഫും മുന്നണിയിലുണ്ട്.

എസ്.എഫ്.ഐ- ഐസ -ഡി.എസ്.എഫ് മുന്നണിയില്‍, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ 4 സെന്‍ട്രല്‍ പാനല്‍ സീറ്റുകളില്‍ പ്രസിഡന്റുള്‍പ്പെടെ 2 സീറ്റുകളിലേക്ക് ഐസയും ഒരു സീറ്റില്‍ എസ്.എഫ്.ഐയും ഒരു സീറ്റില്‍ ഡി.എസ്.എഫുമാണ് മത്സരിക്കുന്നത്. എസ്.എഫ്.ഐ ഒരു സെന്‍ട്രല്‍ പാനല്‍ സീറ്റില്‍ മാത്രമായി മത്സരിക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. എ.ഐ.എസ്.എഫിൽ നിന്ന്  പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന അപരാജിത രാജ, സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ഡി.രാജയുടെ മകളാണ്. മുമ്പ് സ്‌കൂള്‍ ഒഫ് സോഷ്യല്‍ സയന്‍സസില്‍ കൗണ്‍സിലറായിരുന്നു അപരാജിത. എല്ലാ സംഘടനകളുടെയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ പെണ്‍കുട്ടികളാണെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. പ്രത്യക്ഷത്തില്‍ ജാതി, മത പരിഗണനകള്‍ ബാധകമല്ലെന്ന് കരുതുമെങ്കിലും ജാതി, മത, പ്രാദേശിക പരിഗണനകള്‍ ജെ.എന്‍.യു തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കാറുണ്ട്.

ഐസ-എസ്.എഫ്.ഐ മുന്നണി നേതൃത്വം നല്‍കിയ സ്റ്റുഡന്റ്‌സ് യൂണിയന്‍ തികഞ്ഞ പരാജയമായിരുന്നെന്നും എ.ബി.വി.പി ഭീതി പരത്തി മാത്രം എത്രനാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നുമാണ് എ.ഐ.എസ്.എഫും ബാപ്‌സയും ഉന്നയിക്കുന്ന ചോദ്യം. ഇടതുവോട്ടുകള്‍ ഭിന്നിപ്പിക്കുക വഴി വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തെ എ.ഐ.എസ്.എഫ് ദുര്‍ബ്ബലമാക്കുകയാണെന്നാണ് ഐസയുടെയും എസ്.എഫ്.ഐയുടെയും വാദം.

ഇടതുപക്ഷത്തിനുള്ളില്‍ സ്വതന്ത്രവും ജനാധിപത്യപരവുമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അത്തരത്തില്‍ തുറന്ന ഒരു ഇടതുപക്ഷ ആശയ സംവാദത്തിനുള്ള വേദിയായി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനെ മാറ്റുകയാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും എ.ഐ.എസ്.എഫ് വാദിക്കുന്നു. എസ്.എഫ്.ഐയും എ.ഐ.എസ്.എഫും മുന്നണിയായി മത്സരിക്കുമ്പോഴും ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് സ്ഥാനം വിട്ടു നല്‍കാന്‍ ഒരിക്കലും എസ്.എഫ്.ഐ തയ്യാറായിട്ടില്ല. 2015 ല്‍ മുന്നണിക്ക് ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കനയ്യകുമാറിനു വേണ്ടി പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കണമെന്ന എ.ഐ.എസ്.എഫ് ആവശ്യം എസ്.എഫ്.ഐ നിരസിച്ചതിനെത്തുടര്‍ന്നാണ് പരസ്പരം മത്സരിച്ചതും കനയ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും. ആ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി ആറാം സ്ഥാനത്താവുകയായിരുന്നു. കനയ്യകുമാറിന് ദേശീയമായി ലഭിക്കുന്ന അംഗീകാരവും എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും ചേര്‍ന്ന് നടത്തുന്ന ലോംഗ് മാര്‍ച്ചിന് വടക്കേയിന്ത്യയില്‍ ലഭിക്കുന്ന സ്വീകാര്യതയും പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കുള്ള അവസരമായി ഉപയോഗിക്കണമെന്ന ചിന്ത സി.പി.ഐയിലെ പുതുതലമുറയില്‍ ശക്തമാണ്. ജെ.എന്‍.യു തെരഞ്ഞെടുപ്പ് അത്തരത്തില്‍ ഒരു ആശയസമരത്തിനുള്ള അവസരമായി മാറ്റാനാണ് അവര്‍ ശ്രമിക്കുന്നത്.

അതേസമയം കനയ്യകുമാറിന്റെ വിജയം ഒറ്റത്തവണത്തെ അത്ഭുതം മാത്രമാണെന്നും കനയ്യകുമാറിന്റെ മേല്‍വിലാസം ഉപയോഗിച്ച് ജെ.എന്‍.യുവില്‍ മേല്‍ക്കൈ നേടാന്‍ എ.ഐ.എസ്.എഫിന് ഒരു തരത്തിലും അവസരം നല്‍കില്ല എന്നുമാണ് എസ്.എഫ്.ഐയുടെ നിലപാട്. എ.ഐ.എസ്.എഫിനെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തങ്ങള്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ അപരാജിത രാജയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കണം എന്ന പിടിവാശിക്ക് തങ്ങള്‍ വഴങ്ങാതിരുന്നതുകൊണ്ടാണ് എ.ഐ.എസ്.എഫ് ഒറ്റയ്ക്ക് മത്സരിക്കുന്നതെന്നും എസ്.എഫ്.ഐ കുറ്റപ്പെടുത്തുന്നു. മുന്ന് ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നണിയായി മത്സരിക്കുമ്പോള്‍, അതിനെതിരേ തനിച്ച് മത്സരിച്ച് ഇടതു വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് എ.ഐ.എസ്.എഫ് ശ്രമിക്കുന്നതെന്നും അത് വിദ്യാര്‍ത്ഥികള്‍ തള്ളിക്കളയുമെന്നുമുള്ള ഉറച്ച ആത്മവിശ്വാസത്തിലാണ് എസ്.എഫ്.ഐ-ഐസ-ഡി.എസ്.എഫ് മുന്നണി.

ഇടതു മുന്നണി രാഷ്ട്രീയം, കേളത്തിലൊഴികെ മറ്റെല്ലാ സ്ഥലങ്ങളിലും തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ കൂട്ടുപിരിഞ്ഞും പുതിയ സഖ്യശക്തികളെ കണ്ടെത്തിയും പുതിയ പരീക്ഷണങ്ങള്‍ക്ക് ഇടതുപാര്‍ട്ടികള്‍ മുതിരുന്നതില്‍ അസ്വാഭാവികമായൊന്നുമില്ല. മുഖ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായ സി.പി.ഐയുടെയും സി.പി.എമ്മിന്റെയും സമ്മേളനങ്ങള്‍ ഈ മാസം ആരംഭിക്കുകയാണ്. അടവുകളും നയങ്ങളും പുനഃപരിശോധിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ സജീവമാകാനിരിക്കെ, ജെ.എന്‍.യുവിലെ തെരഞ്ഞെടുപ്പ് ആ ചര്‍ച്ചകളെ സ്വാധീനിക്കാതിരിക്കില്ല.