വില കുറയ്ക്കാനുള്ള ശ്രമങ്ങള്‍ അട്ടിമറിയ്ക്കുന്നു: മരുന്ന് കമ്പനികള്‍ക്ക് വീണ്ടും അന്ത്യശാസനം

#

കോഴിക്കോട് (08-09-17) : ഔഷധങ്ങളുടെ നിര്‍മാണ-ഇറക്കുമതി ചെലവും വിലയുമടങ്ങിയ ഫാര്‍മ ഡാറ്റ ബാങ്കിലേക്ക് വിവരങ്ങള്‍ നല്‍കാന്‍ മടിക്കുന്ന 634 മരുന്നുകമ്പനികള്‍ക്ക് മൂന്നാമതും അന്ത്യശാസനം. ഇന്റഗ്രേറ്റഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഡാറ്റാബേസ് മാനേജ്‌മെന്റ് സിസ്റ്റം എന്ന ഫാര്‍മ ഡാറ്റ ബാങ്കില്‍ ലഭിക്കുന്ന വിവരങ്ങള്‍ക്ക് അനുസരിച്ച് മരുന്നുവില ഗണ്യമായി കുറയ്ക്കാനുള്ള നീക്കങ്ങളാണ് മരുന്ന് ഉല്‍പാദകര്‍ അട്ടിമറിക്കുന്നത്. ഓണ്‍ലൈനായി മുഴുവന്‍ വിവരങ്ങളും ഉടന്‍ സമര്‍പ്പിക്കണമെന്ന് ദേശീയ ഔഷധവില നിയന്ത്രണസമിതി ഉത്തരവിട്ടിട്ടുണ്ട്. ഒരു കമ്പനി വിപണിയിലെത്തിക്കുന്ന മുഴുവന്‍ മരുന്നുകളുടെയും വിവരങ്ങളാണ് സമര്‍പ്പിക്കേണ്ടത്.

ഓണ്‍ലൈനില്‍ വിവരങ്ങള്‍ ഉടന്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വിലനിയന്ത്രണ സമിതി പുതിയ ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കി. ഉല്‍പാദകര്‍ക്ക് പകരം വിതരണ കമ്പനിക്കാര്‍ ഫാര്‍മ ഡാറ്റ ബാങ്കിലേക്ക് വിവരങ്ങള്‍ സമര്‍പ്പിക്കരുതെന്നും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കും മരുന്ന് ഉല്‍പാദക സംഘടനകള്‍ക്കുമടക്കം അയച്ച ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ഫാര്‍മ ഡാറ്റ ബാങ്ക് നിലവില്‍ വന്നാല്‍ മരുന്നുകളുടെ യഥാര്‍ത്ഥ നിര്‍മാണ, ഇറക്കുമതി ചെലവ് ഉപഭോക്താക്കള്‍ക്കും ഔഷധ വില നിയന്ത്രണ സമിതിക്കും വ്യക്തമായി മനസ്സിലാക്കാനാവും. വിലനിയന്ത്രണ പട്ടികയിലുള്ളതും ഇല്ലാത്തുമായ മരുന്ന് സംയുക്തങ്ങളുടെ വിലവിവരവും ലഭിക്കും. കൃത്യമായ ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിലനിയന്ത്രണ സമിതി കമ്പനികളുടെ കൊള്ളവില തടയുന്നത്.