മോദിയുടെ പിറന്നാൾ ആഘോഷിക്കാൻ യു.പിയിലെ സ്കൂളുകൾ ഞായറാഴ്ചയും പ്രവർത്തിക്കണമെന്ന് ഉത്തരവ്

#

ലഖ്‌നൗ (08-09-17) : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷിക്കുന്നതിന് സെപ്റ്റംബർ 17 ഞായറാഴ്ച ഉത്തർപ്രദേശിലെ എല്ലാ സ്കൂളുകളും നിർബന്ധമായും പ്രവർത്തിച്ചിരിക്കണമെന്ന് സർക്കാർ ഉത്തരവ്. സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകൾക്കുമായുള്ള ഉത്തരവ് അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി അനുപമ ജയ്‌സ്വാളാണ് പുറത്തിറക്കിയിരിക്കുന്നത്. എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും സ്കൂളുകളിൽ ഹാജരായിരിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

മോദിയുടെ പിറന്നാൾ ദിനത്തിൽ ഓരോ എം.എൽ.എമാരും അവരവരുടെ മണ്ഡലങ്ങളിലുള്ള സ്കൂളുകളിൽ എത്തി ശുചിത്വത്തെക്കുറിച്ചുള്ള മോദിയുടെ സന്ദേശം കുട്ടികളെ അറിയിക്കണമെന്നാണ് നിർദ്ദേശം. സംസ്ഥാനത്ത് ഒട്ടാകെയുള്ള 1.60 ലക്ഷം സ്കൂളുകളിൽ ഇത്തരത്തിൽ മോദിയുടെ ജന്മദിനം ആഘോഷിക്കും. പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് സങ്കൽപ്പത്തിലേക്ക് എടുക്കുന്നതിന് ഏറ്റവും നല്ല മാർഗ്ഗം കുട്ടികളെ ബോധവൽക്കരിക്കുകാണ്. ഇതുതന്നെയാണ് പ്രധാനമന്ത്രിക്ക് നൽകാവുന്ന മികച്ച പിറന്നാൾ സമ്മാനവും അനുപ ജയ്‌സ്വാൾ പറഞ്ഞു.

കേന്ദ്ര മാനവശേഷി വകുപ്പ് സമാനമായ ഉത്തരവ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ഇറക്കിയിട്ടുണ്ട്. സെപ്റ്റംബർ ഒന്നുമുതൽ 15 വരെയുള്ള രണ്ടാഴ്ചകൾ  ശുചിത്വ വാരങ്ങളായി  ആഘോഷിക്കണമെന്നും ഓരോ ദിവസവും ഇത്തരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ക്ളീൻ ക്യാംപസ് ഡേ, ക്ളീൻ ഹോസ്റ്റൽ ഡേ, ഗ്രീൻ ക്യാംപസ് ഡേ, ക്ളീൻ മെസ് ഡേ തുടങ്ങി ഓരോ ദിവസവും ആചരിക്കണം കൂടാതെ സമീപത്തെ ചേരികളും കോളനികളും സന്ദർശിച്ച് ശുചിത്വത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും വേണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

കേന്ദ്ര സർക്കാർ വിദ്യാലയങ്ങളിൽ നടത്തുന്ന ഇത്തരം ഇടപെടലുകൾ ഭാവി തലമുറയിൽ മോദിക്കും സംഘപരിവാറിനും അനുകൂല ചിന്തകൾ വളർത്തിയെടുക്കുക എന്ന അജണ്ടയുടെ ഭാഗമാണ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്.