വീണ്ടും ഡിഫ്തീരിയ ; കോഴിക്കോട് രണ്ടു വിദ്യാര്‍ത്ഥികളില്‍ രോഗം സ്ഥിരീകരിച്ചു

#

കോഴിക്കോട് (08-09-17) : സംസ്ഥാനത്തുനിന്നും തുടച്ചകറ്റിയ ഡിഫ്തീരിയ തിരിച്ചു വന്നതായി സ്ഥിരീകരണം. കോഴിക്കോട് ജില്ലയിലാണ് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് നാദാപുരം സ്വദേശികളായ വിദ്യാര്‍ഥികള്‍ക്കാണ് രോഗമെന്നാണ് വിവരം. വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാദാപുരം ജനറല്‍ ആശുപത്രിയിലുമായി ചികിത്സ തേടിയിരിക്കുകയാണ.

രോഗം സ്ഥിരീകരിച്ചതോടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്  ശക്തമായ നടപടികളുമായി മുന്നോട്ട് നീങ്ങുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ ഇതിനിടെ നടന്ന പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം രോഗികളുമായി അടുത്തിടപഴകുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ വാക്‌സിനെടുക്കണം. ഡിഫ്ത്തീരിയ ബാധിച്ച ആളുടെ വീടിനുസമീപത്തെ 100 വീട്ടുകാരും പ്രതിരോധകുത്തിവെപ്പെടുക്കണം.

പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രോഗം സ്ഥിരീകരച്ച കുട്ടികളുടെ വീടീന് സമീപത്തെ നൂറ് വീടുകളിലെ കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കാനാണ് അധികൃതരുടെ തീരുമാനം. ഇപ്പോള്‍ ചികിത്സയിലുള്ള വിദ്യാര്‍ഥികള്‍ക്കല്ലാതെ വേറെ ആര്‍ക്കെങ്കിലും  രോഗലക്ഷണമുണ്ടോ എന്നും പരിശോധിക്കും. ഡിഫ്തീരിയ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഉടനടി വിദഗ്ധചികിത്സയും പരിചരണവും നല്‍കാനും തീരുമാനമായിട്ടുണ്ട്.