എല്ലാവരുടെയും പ്രിയപ്പെട്ട ടീച്ചറുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നു

#

(09-08-17) : ഒരു പള്ളിക്കൂടത്തിലും പഠിപ്പിച്ചിട്ടില്ലെങ്കിലും സുഗതകുമാരി എല്ലാവര്‍ക്കും ടീച്ചറാണ്. നന്മയുടെയും കാരുണ്യത്തിന്റെ പ്രതീകം. പ്രകൃതിയുടെ നാശവും മനുഷ്യരുടെ ക്രൂരതയുമോര്‍ത്ത് കരഞ്ഞ് കരഞ്ഞ് ടീച്ചറുടെ കണ്ണീര് വറ്റിപ്പോയിരിക്കുന്നു. കേരളത്തിലെ പൊതു മനസ്സാക്ഷിയുടെ പ്രതീകമാണ് താനെന്നാണ് ടീച്ചര്‍ സ്വയം കരുതുന്നത്. കേരളത്തിലെ എല്ലാ ജനങ്ങളും അങ്ങനെ കരുതണമെന്നും അവരാഗ്രഹിക്കുന്നു.

സമൂഹവും രാഷ്ട്രീയവുമൊന്നും കവിതയ്ക്ക് വിഷയമല്ലെന്നും സ്വന്തം വിചാര വികാരങ്ങളും അനുഭൂതികളും മാത്രം ആവിഷ്‌കരിക്കുന്ന എഴുത്തുകാരിയാണ് താനെന്നുമായിരുന്നു എഴുത്ത് തുടങ്ങിയ കാലത്ത് സുഗതകുമാരിയുടെ അവകാശവാദം. ഇന്ദിരാഗാന്ധിയുടെ പ്രതാപകാലം ആയപ്പോഴേക്ക് സുഗതകുമാരിക്ക് രാഷ്ട്രീയം അലര്‍ജിയല്ലാതായി. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്ക് അനുകൂലമായി എഴുത്തുകാരെ സംഘടിപ്പിക്കാന്‍ വേണ്ടി എന്‍.വി.കൃഷ്ണവാരിയരോടും എസ്.ഗുപ്തന്‍നായരോടുമൊപ്പം ചേര്‍ന്ന് സംഘടനയുണ്ടാക്കാന്‍ വരെ ശ്രമിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇന്ദിരാഗാന്ധിയെ അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞപ്പോള്‍ അത് സഹിക്കാനായില്ല സുഗതകുമാരിക്ക്. "പ്രിയ ദര്‍ശിനീ, നിന്നെ സ്‌നേഹിച്ചൂ ഞങ്ങള്‍" എന്ന കവിതയെഴുതി അവര്‍.

സൈലന്റ്‌വാലി ജലവൈദ്യുതപദ്ധതിക്ക് എതിരായി ഉയര്‍ന്നുവന്ന ബഹുജനപ്രസ്ഥാനത്തില്‍ സുഗതകുമാരിയും ചേര്‍ന്നു. കെ.വി.സുരേന്ദ്രനാഥ്, എന്‍.വി.കൃഷ്ണവാരിയര്‍, എം.കെ.പ്രസാദ് തുടങ്ങി നിരവധി പേരോടൊപ്പം കേരളത്തില്‍ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായി അവര്‍. പൊതുരംഗത്തേക്ക് സുഗതകുമാരിയുടെ പ്രവേശനം അങ്ങനെയാണ്. കേരളീയ സമൂഹത്തില്‍ കടിഞ്ഞാണില്ലാത്ത എന്‍.ജി.ഒ വല്ക്കരണം ആരംഭിക്കുന്ന കാലം. പൊതുപ്രവർത്തനത്തിന്റെ "രുചി"അറിഞ്ഞ സുഗതകുമാരി, പിന്നീട് അതില്‍ നിന്ന് മാറിയില്ല. പല പേരുകളില്‍, പലതരം എന്‍.ജി.ഒകള്‍ക്ക് അവരും അവരുടെ പാര്‍ശ്വവര്‍ത്തികളും രൂപം നല്‍കി. അഭയ, അത്താണി, ബോധി, പകല്‍വീട് എന്നിങ്ങനെ പല പേരുകളില്‍ തുടങ്ങിയ എന്‍.ജി.ഒകളെല്ലാം സുഗതകുമാരിയുടെയും അടുത്ത ബന്ധുക്കളുടെയും സ്വകാര്യ താല്പര്യങ്ങള്‍ക്കു വേണ്ടിയുള്ള സ്ഥാപനങ്ങളായിരുന്നു. ഈ സ്ഥാപനങ്ങളില്‍ നടന്ന അഴിമതിക്കും ക്രമക്കേടുകള്‍ക്കുമെതിരായ എല്ലാ വിമര്‍ശനങ്ങളെയും "കാരുണ്യത്തിന്റെ മൂര്‍ത്തിമദ്ഭാവമായ കാവല്‍ മാലാഖ" എന്ന് തന്നെക്കുറിച്ച് താന്‍ വളര്‍ത്തിയെടുത്ത പ്രതിച്ഛായ ഉപയോഗിച്ച് അവര്‍ നേരിട്ടു.

ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷം രാജീവ് ഗാന്ധിയുടെ കാലമായപ്പോള്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഔദ്യോഗിക സമിതികളിലൊക്കെ സുഗതകുമാരി അംഗമായി.  ഔദ്യോഗിക സമിതികളില്‍, സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ശബ്ദത്തെ നിര്‍വീര്യമാക്കത്തക്ക തരത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭയുടെ വിശ്വസ്തയായ ദല്ലാളായി അവര്‍ മാറി. എ.കെ.ആന്റണി മുഖ്യമന്ത്രിയായി ആദ്യത്തെ വനിതാക്കമ്മീഷന്‍ രൂപീകരിച്ചപ്പോള്‍ അദ്ധ്യക്ഷയാകാന്‍ കണ്ടെത്തിയത് സുഗതകുമാരിയെ ആയിരുന്നു. വനിതാക്കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ സര്‍ക്കാരുമായി അവര്‍ ഏറ്റവും അധികം എഴുത്തുകുത്തുകള്‍ നടത്തിയത് ഔദ്യോഗിക വാഹനത്തിനുമുകളില്‍ കറങ്ങുന്ന ചുവന്നലൈറ്റ് സ്ഥാപിക്കാന്‍ വേണ്ടിയാണ്.

കോണ്‍ഗ്രസിന്റെ മാത്രം ആളായി നില്‍ക്കുന്നത്, 5 കൊല്ലം കൂടുമ്പോള്‍ ഭരണം മാറുന്ന കേരളത്തില്‍ ശരിയാകില്ലെന്ന് സുഗതകുമാരിക്ക് അറിയാമായിരുന്നു. സി.പി.എമ്മിനും സി.പി.ഐക്കും എല്ലാം സുഗതകുമാരി ഏറ്റവും വേണ്ടപ്പെട്ടവരായി. ചുക്ക് ചേരാത്ത കഷായമില്ലാത്തതുപോലെ, സുഗതകുമാരി ഇല്ലാതെ പരിസ്ഥിതി, സ്ത്രീ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക സമിതികളില്ലെന്ന സ്ഥിതിയായി. ഏതു കാര്യത്തിലും "ടീച്ചറുടെ" അഭിപ്രായം ആരായുക, ഇടതുപക്ഷ നേതാക്കളുടെയും ശീലമായി. ഭരിക്കുന്നവര്‍ ആരായാലും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതില്‍ ടീച്ചറും പ്രത്യേകം ശ്രദ്ധിച്ചു. മുത്തങ്ങയില്‍ ആദിവാസി ഗോത്ര മഹാസഭ പ്രവര്‍ത്തകര്‍, ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ സമരം ആരംഭിച്ചപ്പോള്‍, അതിനെതിരേ "സാംസ്‌കാരിക നായക"രുടെ ഒപ്പ് ശേഖരിച്ച് പ്രസ്താവന ഇറക്കിയത് സുഗതകുമാരിയാണ്. പോലീസ് അതിക്രമത്തെ ന്യായീകരിക്കാന്‍ വാര്‍ത്താസമ്മേളനത്തില്‍ എ.കെ.ആന്റണി ഉയര്‍ത്തിക്കാട്ടിയത് "സാംസ്‌കാരിക നായകരുടെ" കൂട്ട പ്രസ്താവനയാണ്.

ഒരേസമയം കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സാംസ്‌കാരിക നായികയാണെങ്കിലും ടീച്ചറുടെ ഹൃദയം ശരിക്കും തുടിക്കുന്നത് ഹിന്ദുവലതുപക്ഷത്തിനു വേണ്ടിയാണ്. സവര്‍ണ്ണ ഹൈന്ദവതയ്ക്ക് ഏല്‍ക്കുന്ന ചെറിയ മുറിവ് പോലും ടീച്ചറെ വേദനിപ്പിക്കുന്നു. ആര്‍.എസ്.എസ്, സാംസ്‌കാരിക സംഘടനയാണെന്ന് ഒരു പറ്റം ആര്‍.എസ്.എസ് അനുകൂല എഴുത്തുകാരോടൊപ്പം കൂട്ട പ്രസ്താവനയിറക്കുകയുണ്ടായി അവര്‍. സവര്‍ണ്ണ ഭൂതകാലത്തെക്കുറിച്ചുള്ള ഗൃഹാതുരസ്മരണകളില്‍ ജീവിക്കുന്ന സുഗതകുമാരിക്ക്, ആ ഭൂതകാലത്തിന്റെ "നന്മകള്‍" വീണ്ടെടുക്കാന്‍ നിലകൊള്ളുന്ന സംഘപരിവാറിനോട് അനുഭാവമുണ്ടാകുന്നത് സ്വാഭാവികം മാത്രം. ഏറ്റവും ഒടുവില്‍ ഗൗരീ ലങ്കേഷിന്റെ കൊലപാതകത്തെ, കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളോട് സമീകരിച്ചുകൊണ്ട് തന്റെ രാഷ്ട്രീയനിറം അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു അവര്‍. ഇനിയും, എല്ലാവരുടെയും പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറെ, സ്വന്തം ചേരിയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസും ഇടതുപക്ഷപ്പാര്‍ട്ടികളും മത്സരിക്കുമോ എന്നു മാത്രമാണ് അറിയാനുള്ളത്.