ഖത്തര്‍ ഉപരോധം : മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്

#

വാഷിംഗ്ടണ്‍ (09-08-17) : ഖത്തര്‍ ഉപരോധ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് താത്പ്പര്യം പ്രകടിപ്പിച്ച് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനേര്‍പ്പെടുത്തിയ ഉപരോധം മൂന്നാം മാസം പിന്നിടുമ്പോഴാണ് ട്രംപിന്റെ പ്രതികരണമെത്തുന്നത്.

ഗൾഫ് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ മധ്യസ്ഥതയ്ക്കായി ഇടപെടാന്‍ തയ്യാറാണെന്നും അങ്ങനെ വന്നാല്‍ എത്രയും വേഗം പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഉപരോധ വിഷയം പരിഹരിക്കുന്നതിനായി തുടക്കം മുതല്‍ തന്നെ സജീവമായി ഇടപെടുന്ന കുവൈറ്റ് അമീറിനൊപ്പം വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈറ്റിന്റെ ഇടപെടലില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അങ്ങനെ വന്നില്ലെങ്കില്‍ വൈറ്റ്ഹൗസില്‍ ഒരു മധ്യസ്ഥന്‍ ഉണ്ടായിരിക്കുമെന്നുമായിരുന്നു ട്രംപിന്റെ വാക്കുകള്‍.

തീവ്രവാദ ബന്ധം ആരോപിച്ച് കഴിഞ്ഞ ജൂണിലാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിന് ഉപരോധമേര്‍പ്പെടുത്തിയത്. ചില ഉപാധികളോടെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാമെന്ന് അറിയിച്ചിരുന്നുവെങ്കിലും പരമാധികാരത്തെ ബാധിക്കുന്ന ഒരു നിബന്ധനക്കും വഴങ്ങില്ലെന്ന ഖത്തറിന്റെ നിലപാട് പ്രശ്‌നങ്ങള്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.ആ സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരത്തിനായി കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ട് വരുന്നത്.