ആര്‍ത്തവാവശിഷ്ടം മാലിന്യക്കൂമ്പാരമല്ല ; ബദല്‍ മാര്‍ഗ്ഗങ്ങളുമായി മെന്‍സ്ട്രല്‍ കാംപെയിനുകള്‍

#

(09-09-17) : സ്ത്രീകളും ആര്‍ത്തവകാല ദുരിതങ്ങളും എക്കാലവും ചര്‍ച്ചചെയ്യപ്പെട്ട വിഷയമായിരുന്നു. ഇന്നത്തെ നവലിബറല്‍ സമൂഹത്തില്‍ ലിബറല്‍ ചിന്താഗതികളും ആശയങ്ങളും സമൂഹത്തിന്റെ പലകോണുകളിലും വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോഴും ആര്‍ത്തവ വിഷയങ്ങള്‍ പടിക്ക് പുറത്ത് നില്‍ക്കുകയാണ്. എന്നാല്‍ ഈ വിഷയങ്ങളെ തുറന്ന ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്ന പ്രതീക്ഷാത്മക പ്രവണത ഉയര്‍ന്ന് വരുന്നുണ്ട് എന്നത് സമീപകാലത്ത് ശ്രദ്ധേയമാണ്. കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെങ്കില്‍ക്കൂടിയും ചില മാധ്യമസ്ഥാപനങ്ങളിലടക്കം അനുവദിച്ച ആര്‍ത്തവ അവധിയും, ജിഎസ്ടി പ്രഖ്യാപനത്തിലെ സാനിറ്ററി നാപ്കിന്‍ വിലക്കയറ്റത്തിന് എതിരെ നടത്തിയ ലിംഗഭേദമന്യേയുള്ള പ്രതിഷേധങ്ങളും ഇതിന് വലിയ ഉദാഹരണങ്ങളാണ്.

കൂടാതെ സാനിറ്ററി നാപ്കിനുകള്‍ എന്ന അജൈവ മാലിന്യത്തെക്കുറിച്ചും ആളുകളിലെ അജ്ഞതയെക്കുറിച്ചുംകൂടി ഇന്ന് ചര്‍ച്ചയാവുന്നുണ്ട് എന്ന കാര്യവും വലിയ മാറ്റങ്ങള്‍ക്കുള്ള തുടക്കം തന്നെയാണ്. പ്രകൃതിക്ക് ദോഷം ചെയ്യാത്ത സാനിറ്ററി നാപ്കിന്‍സ് എന്ന ആശയവുമായി ഇന്ത്യയില്‍ പല ക്യാംപയ്‌നുകളും നടക്കുന്നുണ്ട്. സാനിറ്ററി നാപ്കിനുകള്‍ പ്രകൃതിയില്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ക്യാംപയിന്റെ ലക്ഷ്യം. പ്രകൃതിക്കും ഒരുപരിധി വരെ ശരീരത്തിനും ദോഷകരമായ സാനിറ്ററി നാപ്കിനുകള്‍ ഉപേക്ഷിച്ച് കഴുകി ഉപയോഗിക്കാവുന്ന പാഡുകളും മെന്‍സ്ട്രല്‍ കപ്പുകളും ഉപയോഗിക്കാനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്.

ഇന്ന് പ്രചാരത്തിലുള്ള മിക്ക സാനിറ്ററി നാപ്കിനുകളും ഒരു തവണ മാത്രമേ ഉപയോഗിക്കാനാവു. അതു കഴിഞ്ഞ് ദിവസേന കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂട്ടത്തിലേക്ക് ഇതും തള്ളപ്പെടുന്നു. ഇത് ആരോഗ്യപരമായും സാമ്പത്തികമായും ധാരാളം നഷ്ടങ്ങള്‍ക്കു വഴിവെക്കുന്നുണ്ട്. മെന്‍സ്ട്രല്‍ കപ്പ് പോലെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഇന്ന് വിദേശരാജ്യങ്ങളില്‍ സുപരിചിതമാണെങ്കിലും നമ്മുടെ നാട്ടില്‍ ആളുകള്‍ ഇതേപ്പറ്റി അറിഞ്ഞു വരുന്നതേയുള്ളു.

കര്‍ണാടക പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോഡും പാന്‍ ഇന്ത്യ കളക്റ്റീവും ചേര്‍ന്ന് ബെംഗളൂരുവില്‍ നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ദിവസേന കുമിഞ്ഞുകൂടുന്ന 160 ടണ്‍ മാലിന്യത്തില്‍ 90 ടണ്‍ മാലിന്യങ്ങളും സാനിറ്ററി നാപ്കിനുകളാണെന്ന് റിപ്പോര്‍ട്ടില്‍ തെളിവുസഹിതം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ എല്ലാ നഗരങ്ങളുടേയും സ്ഥിതി സമാനമോ അതില്‍ കൂടുതൽ മോശമോ ആണെന്ന കാര്യത്തില്‍ സംശയമില്ല.

സാനിറ്ററി വേസ്റ്റുകളുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് ആക്റ്റിവിസ്റ്റായ ശ്രദ്ധ ശ്രീജയ കേരളത്തില്‍ ക്യാംപയ്ന്‍ തുടങ്ങിയിട്ടുണ്ട്. സാനിറ്ററി നാപ്കിനു പകരം മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുക എന്നതാണ് ശ്രദ്ധ മുന്നോട്ടു വയ്ക്കുന്ന ആശയം. അതുപോലെ വ്യവസായ സംരഭകയും മെന്‍സ്ട്രല്‍ എജ്യുക്കേറ്ററുമായ പ്രിയങ്ക നാഗ്പാല്‍ ജെയ്ന്‍ യൂട്യൂപ് ചാനലിലൂടെ നടത്തുന്ന കാംപെയ്ന്‍ ശ്രദ്ധേയമാണ്. മെന്‍സ്ട്രല്‍ കാംപെയ്‌നിലൂടെ മെന്‍സ്ട്രല്‍ കപ്പുകള്‍ എങ്ങനെ ഉപയോഗിക്കാം, അതിന്റെ വിവിധ ഗുണങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പ്രിയങ്ക വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.

വീണ്ടും ഉപയോഗിക്കാവുന്ന തുണികൊണ്ടുള്ള നാപ്കിനുകള്‍ ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നതിന് കാരണമാകുമോ? എങ്ങനെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുക? അത് സുരക്ഷിതമാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് താന്‍ ആദ്യം മുതലേ നേരിട്ടിരുന്ന ചോദ്യങ്ങളെന്ന് പ്രിയങ്ക പറയുന്നു. അതുകൊണ്ട് ഇവര്‍ ബ്ലോഗ് തുടങ്ങി, അതുവഴി ക്യാംപയ്ന്‍ നടത്തുകയാണ് ചെയ്യുന്നത്.

അഹമ്മദാബാദ് ആസ്ഥാനമാക്കി സാതി എന്ന പേരില്‍ വീണ്ടും ഉപയോഗിക്കാവുന്ന സാനിട്ടറി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന യുവ സംരംഭകരും ക്യാംപയിന്റെ ഭാഗമായി നില്‍ക്കുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജനങ്ങളെ പരമാവധി ബോധവല്‍ക്കരിച്ച് സാതി പാഡുകള്‍ വിപണിയില്‍ സുലഭമാക്കാനാണ് ഇവരുടെ ശ്രമം