പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഖത്തര്‍

#

ഖത്തർ (10-09-17) : നിലവില്‍ ഖത്തറിനെതിരെ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ തുടരുന്ന ഉപരോധം പിന്‍വലിക്കാനും പ്രതിസന്ധിക്ക് പരിഹാരം കാണാനും ചര്‍ച്ചക്ക് തയ്യാറെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ക്ക് ഖത്തര്‍ തയ്യാറെന്ന്  ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സൌദി കീരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ അറിയിച്ചു കഴിഞ്ഞു. ഖത്തറിന്റെ നിലപാട് മാറ്റം സൌദി കീരീടാവകാശി സ്വാഗതം ചെയ്തു. എന്നാല്‍ ഖത്തര്‍ പരസ്യമായി നിലപാടറിയിച്ച ശേഷമാകാം ചര്‍ച്ചകളെന്ന് സൗദി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത്, സൗദി രാജ്യങ്ങള്‍ നിര്‍ദേശിച്ച കാര്യങ്ങളില്‍ പരസ്യ നിലപാടറിയിക്കാതെ ചര്‍ച്ചകള്‍ക്ക് വേദിയൊരുങ്ങില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇതിനെ കുറിച്ച് ഔദ്യോഗിക പ്രസ്താവന വരട്ടെയെന്നും മന്ത്രാലയം പറഞ്ഞു. വിഷയം ഖത്തര്‍ ഗൌരവമായി എടുത്തിട്ടില്ലെന്നും സൌദി കുറ്റപ്പെടുത്തി. അതേ സമയം സൗദി കിരീടാവകാശിയും ഖത്തര്‍ അമീറുമായി നടന്ന ഫോണ്‍ സംഭാഷണം ഖത്തര്‍ പ്രസ്സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ നീക്കങ്ങള്‍ വിജയം കാണുകയാണെങ്കില്‍ ഖത്തറിനെതിരെ തുടരുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെടും.

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്നാലെയാണ് ഖത്തറിന്റെ പുതിയ നീക്കം. എന്നാല്‍ ട്രംപിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന കരുനീക്കങ്ങള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കുമോ എന്നത് വ്യക്തമല്ല. നേരത്തെ ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് ശേഷമായിരുന്നു ഖത്തറിനെതിരെ ഉപരോധവുമായി സൗദി രംഗത്തെത്തിയത്. ഇപ്പോള്‍ തുര്‍ക്കിയുടെ പിന്തുണയോടെയാണ് ഖത്തര്‍ വിപണിയിലെ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. അതെ സമയം ചര്‍ച്ചക്കായി രണ്ട് പ്രതിനിധികളെ അയക്കാമെന്ന സൌദി കിരീടാവകാശിയുടെ അഭിപ്രായത്തെ ഖത്തര്‍ അമീര്‍ സ്വാഗതം ചെയ്തന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.