തുറന്ന ചര്‍ച്ചക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് ഖത്തര്‍

#

ജനീവ (12 -09 -17 ) :  പ്രശ്ന പരിഹാരത്തിനായി ഉപാധികളില്ലാത്ത തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് ഖത്തര്‍ വീണ്ടും വ്യക്തമാക്കിയതോടെ ഗള്‍ഫ് പ്രതിസന്ധി പരിഹാരത്തിന് വഴി തെളിയുന്നു.. ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനിയാണ് ഇക്കാര്യം ഒരിക്കല്‍കൂടി ആവര്‍ത്തിച്ചത്. ജനീവയില്‍ നടന്ന മനുഷ്യവകാശ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന തൊഴിലാളികളെയും വ്യാപാരികളെയും കടുത്ത ബുദ്ധിമുട്ടിലാക്കി കഴിഞ്ഞ മൂന്ന് മാസമായി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഖത്തറിന്റെ പുതിയ അടവ് നയം ആശ്വാസം ജനിപ്പിക്കുന്നതാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറെന്ന് അറിയിച്ചിരുന്നു. &

നിലവില്‍ കുവൈത്തുമായി സഹകരിച്ച് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക്  പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നറിയിച്ച ഖത്തര്‍ വിദേശകാര്യ മന്ത്രി, ചര്‍ച്ചയും പ്രതിസന്ധി പരിഹാരവും ഖത്തറിന്റെ പരമാധികാരത്തിന് കോട്ടംതട്ടാത്ത ഏതു രീതിയിലും ആവാമെന്നും ഉപാധികളുമായി ചര്‍ച്ചക്ക് വന്നാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും  വ്യകതമാക്കിയിട്ടുണ്ട് .   രാജ്യാന്തര നിയമങ്ങള്‍ പോലും കാറ്റില്‍ പറത്തികൊണ്ടാണ് ഖത്തറിനെതിരെ ഉപരോധം കൊണ്ടുവന്നത്. നിര്‍ണ്ണയിക്കാനാവാത്ത നഷ്ടങ്ങളാണ്  രാജ്യത്തിനുണ്ടായത്. 26,000ലധികം പരാതികളാണ് ഇത്തരത്തില്‍ ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി നടന്ന ചര്‍ച്ചക്ക് പിന്നാലെ അദ്ദേഹത്തിന്റെ കൂടി താല്‍പര്യത്തോടെയാണ് സൗ?ദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആ്ല്‍ഥാനി നടത്തിയ ടെലിഫോണ്‍ സംഭാഷണം നടത്തിയത്.  പക്ഷെ സംഭാഷണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം സൗദി നിലപാട് മാറിയതെങ്ങനെയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപരോധത്തിന്റെ ദുരിതം അനുഭവിക്കുന്നത് ഖത്തറിലുള്ളവര്‍ മാത്രമല്ല. ഉപരോധ രാജ്യങ്ങളിലെ ജനങ്ങളും തുല്യദുരിതം അനുഭവിക്കുന്നവരാണ്. ഇത് കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനമെനു പറഞ്ഞ അൽതാനി, രാജ്യം ഭീകരവാദത്തിനെതിരായി നിലകൊള്ളുന്നവരാണെന്ന പ്രസ്താവനയും ആവർത്തിച്ചു.