ഫാ.ഉഴുന്നാലിന്റെ മോചനത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് ഒരു പങ്കുമില്ല

#

(13-09-17) : 17 മാസമായി യെമനില്‍ തടവില്‍ കഴിയുകയായിരുന്ന മലയാളി വൈദികന്‍ ഫാദര്‍ ഉഴുന്നാലില്‍ മോചിതനായത് ഒമാന്‍ ഭരണകൂടത്തിന്റെ നിരന്തരമായ ഇടപെടല്‍ മൂലം. അബൂദാബിയിലെ കത്തോലിക്കാ ബിഷപ്പ് ഒമാന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമങ്ങളാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. ജര്‍മ്മന്‍കാരനായ അബുദാബിയിലെ കത്തോലിക്കാ ബിഷപ്പും വത്തിക്കാനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഈ ആവശ്യത്തിനുവേണ്ടി പല തവണ യെമന്‍ സന്ദര്‍ശിച്ചിരുന്നു.

ഫാദര്‍ ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് ഒരു അവകാശവാദവും ഉന്നയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ല. ഒമാനിലെ ഇന്ത്യന്‍ എംബസി ഇക്കാര്യത്തില്‍ ചെറുവിരലനക്കിയിട്ടില്ല. ഫാദര്‍ ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് ഒമാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവന തന്നെയാണ് ഇതിന് ഏറ്റവും വലിയ തെളിവ്. ആ പ്രസ്താവനയില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. ഇന്ത്യന്‍ വൈദികന്റെ മോചനത്തിനു വേണ്ടി ഇടപെട്ട വത്തിക്കാനെക്കുറിച്ച് ആ പ്രസ്താവനയില്‍ പരാമര്‍ശവുണ്ട് താനും. ഒമാനി വേഷം ധരിച്ചിരിക്കുന്നതില്‍ നിന്നുതന്നെ ഫാദര്‍ ഉഴുന്നാലിന് ഒമാനോടുള്ള ആദവ് പ്രകടമാണ്.

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നിരവധി സവിശേഷതകളുള്ള രാജ്യമാണ് ഒമാന്‍. തങ്ങളുടെ സ്വാതന്ത്ര്യത്തിന് പരമ പ്രാധാന്യം നല്‍കുന്ന ഒമാന്‍ ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങളിലോ മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിലോ കൈ കടത്താറില്ല. ഒരു സംഘര്‍ഷത്തിലും ഒമാന്‍ കക്ഷിയല്ല. സൗദി അറേബ്യയുമായും ഇറാനുമായും ഒരു പോലെ നല്ല സുഹൃദ്ബന്ധമാണ് ഒമാനുള്ളത്. ഷിയ-മുസ്ലീം തര്‍ക്കങ്ങളിലും സംഘര്‍ഷങ്ങളിലും ഒമാന്‍ കക്ഷിയല്ല. ഷിയ, സുന്നി വിഭാഗങ്ങളില്‍പ്പെട്ടവരല്ല ഒമാനിലെ ജനങ്ങള്‍. കിഴക്കന്‍ ആഫ്രിക്കയിലും ഒമാനിലും മാത്രമുള്ള ഇബാദി എന്ന മതവിഭാഗത്തിലാണ് ഒമാന്‍ ജനത വിശ്വാസം പുലര്‍ത്തുന്നത്.

സ്വന്തം മണ്ണില്‍ നിന്ന് ഒരു രാജ്യത്തിനുമെതിരായ വിഘടനപ്രവര്‍ത്തനങ്ങളോ തീവ്രവാദ പ്രവര്‍ത്തനങ്ങളോ അനുവദിക്കുന്ന രാജ്യമല്ല ഒമാന്‍. ഇറാനില്‍ തടവിലാക്കപ്പെട്ട അമേരിക്കക്കാരെ രക്ഷിക്കുന്നതിലും ഒമാന്‍ ഭരണകൂടം പങ്ക് വഹിച്ചിട്ടുണ്ട്. ഒമാന്‍ രാജാവിന് ഗള്‍ഫ് മേഖലയിലുള്ള ധാര്‍മ്മിക ഔന്നത്യവും അംഗീകാരവും ഉപയോഗപ്പെടുത്തിയാണ് ഫാദര്‍ ഉഴുന്നിനാലിന്റെ മോചനം സാധ്യമായത്. അതിനുവേണ്ടി അബുദാബിയിലെ കത്തോലിക്കാ ബിഷപ്പും വത്തിക്കാന്‍ അധികൃതരും നടത്തിയ പരിശ്രമങ്ങളും എടുത്തു പറയേണ്ടതുണ്ട്.

മതസൗഹാര്‍ദ്ദത്തിന്റെയും സമാധാനപരമായ വിദേശനയത്തിന്റെയും മാതൃകയായ, നിരവധി സവിശേഷതകളുള്ള ഒരു രാജ്യം അതിന്റെ സ്വാധീനം ഉപയോഗിച്ച് ഒരു ഇന്ത്യന്‍ പൗരന്റെ ജീവന്‍ രക്ഷിച്ചതിലുള്ള നന്ദി പരസ്യമായി രേഖപ്പെടുത്തുന്നതിനു പകരം അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ് ഇന്ത്യന്‍ ഭരണകൂടവും വിദേശകാര്യമന്ത്രി സുഷമസ്വരാജും ചെയ്യുന്നത്. നയതന്ത്ര ബന്ധങ്ങളില്‍ പുലര്‍ത്തേണ്ട അന്തസ്സിന്റെയും മാന്യതയുടെയും പരസ്പര ബഹുമാനത്തിന്റെയും ലംഘനം കൂടിയാണത്.