ഖത്തറുമായി നയതന്ത്രം ബന്ധം പുനസ്ഥാപിക്കാൻ പ്രാർത്ഥന: സൗദിയിൽ പണ്ഡിതർ അറസ്റ്റിൽ

#

ജിദ്ദ (13-09-17) : സൗദി ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തിയെന്നാരോപിച്ച് രണ്ട് മുസലീം പണ്ഡിതരെ അറസ്റ്റ് ചെയ്തു. സല്‍മാന്‍ അല്‍ ഒദാഹ്, അവാദ് അല്‍ ഖര്‍നി എന്നിവരെ അറസ്റ്റ് ചെയ്തതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ രാജാവ് ഫാഹ്ദിന്റെ മകന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫാഹ്ദ് അല്‍ സൗദിനെയും തടഞ്ഞുവെച്ചിരിക്കുകയാണെന്നുള്ള വാര്‍ത്തകളുണ്ട്. സൗദിയും ഖത്തറുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20 പേരെയാണ് സൗദിയില്‍ അറസ്റ്റ് ചെയ്തത്.

ഒദാഹ്‌യെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ട്വിറ്ററില്‍ 2.2 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള അല്‍-ഖര്‍നിനിയും തടവിലാണെന്ന് റോയിറ്റേഴ്‌സും ഹഫ്‌പോസ്റ്റും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌ലാമിക ഗ്രൂപ്പുകള്‍ രാജ്യത്തിന് ആഭ്യന്തര ഭീഷണി ഉയര്‍ത്തുകയാണെന്നാണ് സൗദി ഭരണകൂടത്തിന്റെ പക്ഷം.

മുസ്‌ലീം സാഹോദര്യം തകര്‍ക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനും ശ്രമിച്ചതിനാണ് അറസ്റ്റ് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സെപ്തംബര്‍ 15 ന് പ്രതിപക്ഷ പ്രവര്‍ത്തകര്‍ രാജകുടുംബത്തിനെതിരെ പ്രക്ഷോഭം നടത്തുന്നുണ്ട്.

നേരത്തെ ഇസ്‌ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നെന്നാരോപിച്ച് സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. മൂന്ന് മാസമായി തുടരുന്ന പ്രതിസസി പരിഹരിക്കാൻ തുറന്ന ചർച്ചക്ക് തയ്യാറാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി അറിയിക്കുകയുണ്ടായി.