കൃത്രിമ ഗർഭധാരണം വന്ധ്യതയ്ക്കുള്ള പ്രതിവിധി

#

(13-09-17) :  പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ അതിജീവിച്ചു മുന്നേറണം എന്ന് ആർജവത്തോടെ  പറഞ്ഞ, ഒരു കാലത്ത് കേരളക്കരയുടെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ അമ്മയായി മാറിയ ഭവാനിയമ്മ ടീച്ചർ (76 ) കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ  നിര്യാതയായി.

ആദ്യ വിവാഹത്തിൽ കുട്ടികൾ ഉണ്ടാകാത്തതിനാൽ ആദ്യ ഭർത്താവിന്റെ നിർബന്ധപ്രകാരം ഭവാനിയമ്മ വീണ്ടും വിവാഹിതയാകുകയായിരുന്നു . ആ വിവാഹത്തിലും കുട്ടികൾ ഉണ്ടായില്ല. തുടർന്ന് അവർ അദ്ദേഹത്തെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയും അതിൽ ഉണ്ടായ കുട്ടിയെ കാണുവാൻ അനുവാദം കിട്ടാതെയതോടെ അവർ സ്വന്തമായി ഒരു കുഞ്ഞിനുവേണ്ടി തിരുവനന്തപുരത്തു സമദ് ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് എത്തുകയും ചെയ്തു.

62ാംവയസ്സിൽ  കൃത്രിമ ഗർഭധാരണത്തിലൂടെ ഭവാനിയമ്മ ഒരു കുഞ്ഞിന് ജന്മം നൽകി. 2004 ഏപ്രിൽ 14ന് ജനിച്ച  കണ്ണൻ എന്ന ആ കുഞ്ഞായിരുന്നു കേരളത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു.

കൃത്രിമ ഗർഭധാരണത്തിന്റെ സാധ്യതകളിലേക്കുള്ള ജാലകം തുറക്കുമ്പോൾ അതിലെ നിറങ്ങൾ നിരവധിയാണ് . വന്ധ്യത എന്നത് ബാലികയറാമലയല്ല എന്നും അത് താണ്ടി പുഞ്ചിരി വിരിയിച്ച അച്ഛനമ്മമാർ ഏറെയുണ്ട് എന്നതും ഓർക്കേണ്ടതാണ്.

ആർട്ട് അഥവാ അസിസ്റ്റഡ് റീപ്രൊഡക്ടിവ് ടെക്നോളജിയുടെ ഭാഗമാണ് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അഥവാ കൃത്രിമ ഗര്ഭധാരണം.ഇതിൽ അണ്ഡത്തെയും ബീജത്തെയും ശേഖരിച്ചു അതിന് ഗർഭപാത്രത്തിലേതിന് സമാനമായ അന്തരീക്ഷം ശരീരത്തിന് പുറത്ത് (ലാബിൽ ) നൽകി അവയുടെ സങ്കലനം ഉറപ്പിക്കുകയും അതിനെ ഗർഭപാത്രത്തിലേക്ക് പറിച്ചുനട്ടു വളരുവാൻ അനുവദിക്കുകയും ചെയ്യുന്നു.

എന്താണ് ഐ വി എഫ്?

അണ്ഡോത്പാദനത്തിനു വേണ്ടിയുള്ള മരുന്നുകൾ കൊടുത്ത അതിൽ നിന്നും ഏറ്റവും ഉത്തമമായ അണ്ഡത്തെ തിരഞ്ഞെടുക്കും. ഈ സമയം ഹോർമോണിന്റെ നിലവിലുള്ള അളവ് അറിയുവാനായി രക്തം പരിശോധിക്കുന്നു.ഹോളോ നീഡിൽ ഉപയോഗിച്ച് ആ അണ്ഡത്തെ പുറത്തെടുത്ത് ബീജവുമായി കലർത്തി അവയുടെ സങ്കലനത്തിനുവേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ആ ലബോറട്ടറി ഡിഷിൽ ഒരുക്കികൊടുക്കുന്നു .ഇത് പരാജയപ്പെടാൻ സാധ്യതയുണ്ട് എന്ന പക്ഷം അണ്ഡത്തിന്റെ സൈറ്റോപ്ലാസത്തിലേക്ക് ബീജത്തിനെ കുത്തിവയ്ക്കും (ഐ സി എസ് ഐ ). സങ്കലനവും , കോശവിഭജനവും ഉറപ്പാക്കിയശേഷം (ഏകദേശം 5ദിവസം). അതിനെ ഗർഭപാത്രത്തിലേക്ക് മാറ്റി സ്ഥാപിക്കും. ഒരു ചെറിയ ട്യൂബിലൂടെയാണ് വേദനരഹിതമായ ഈ ക്രിയ ചെയ്യുന്നത്.

എന്തുകൊണ്ട് ഐ വി എഫ് ?

അണ്ഡവാഹിനിക്കുഴലിലെ തടസ്സം,പുരുഷനിലെ വന്ധ്യത, അണ്ഡോൽപാദനത്തിന്റെ അവ്യവസ്ഥ ,ജനിതക രോഗങ്ങൾ , ഗർഭപാത്രത്തിൽ ഫൈബ്രോയ്ഡ് എന്നീ കാരണങ്ങൾക്കാണ് ഐ വി എഫ് ചെയ്തുവരുന്നത്. ചെറിയ ചെറിയ തടിപ്പുകൾ, വലിവുകൾ ,മലബന്ധം,സ്തനത്തിന്റെ ബലഹീനത , തലവേദന ,ക്ഷിപ്രകോപം , അടിവയറ്റിലെ വേദന എന്നിങ്ങനെയുള്ള പാർശ്വഫലങ്ങളുണ്ടായേക്കാം. മനംപിരട്ടൽ, ശ്വാസതടസ്സം, തലകറക്കം, വയറുവേദന എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതും ആവശ്യമാണ്.

അണ്ഡത്തിന്റെയോ ബീജത്തിന്റെയോ വളർച്ചക്കുറവാണ് വന്ധ്യതയ്ക്ക് കാരണമെങ്കിൽ കൗൺസിലിങ്ങിലൂടെ  ദാതാവിന്റെ അവകാശങ്ങളെന്തെല്ലാമെന്ന് വ്യക്തമായി മനസ്സിലാക്കി ഉത്തമ ദാതാവിനെ വൈദ്യ സഹായത്തോടെ തിരഞ്ഞെടുക്കാം.