അപഹാസ്യമാകുന്ന ഇന്ത്യന്‍ തിണ്ണമിടുക്ക്

#

(14-09-17) : ഇന്ത്യന്‍ തിണ്ണമിടുക്ക് (Indian Patriotism) എങ്ങനെയൊക്കെ പരിഹാസ്യമാകാമെന്നതിന്റെ ദൃഷ്ടാന്തമാണ്, ഇക്കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി നടത്തിയ ഒരുവിധി. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങ് നടക്കുമ്പോള്‍, തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചത്, ദേശീയപതാകയെ അപമാനിക്കലാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍! ഡോക്ടര്‍, പോലീസ് കാവലില്‍ ഒരാഴ്ച തുടര്‍ച്ചയായി ആശുപത്രിയില്‍ ദേശീയപതാക ഉയര്‍ത്തണമെന്നും പതാകയ്ക്ക് സല്യൂട്ട് ചെയ്തുകൊണ്ട് ദേശീയഗാനം ചൊല്ലണമെന്നുമാണ് ഹൈക്കോടതിയുടെ ശിക്ഷ. പ്രാകൃത സമൂഹങ്ങളില്‍ തെറ്റ് ചെയ്യുന്നവനെ  "ഏത്തമിടീക്കുക"യും മരത്തില്‍ കെട്ടിയിട്ട് അടിക്കുകയും ചെയ്യുന്നതുപോലെയുമുള്ള ഈ ശിക്ഷ നഗ്നമായ മനുഷ്യാവകാശലംഘനമാണ്. മെഡിക്കല്‍ സര്‍വീസസ് ഡയറക്ടറുടെ ഓഫീസില്‍ നിന്നുള്ള ഒരടിയന്തിര ഫോണ്‍ അറ്റന്‍ഡ് ചെയ്യുക മാത്രമായിരുന്നു എന്ന "പ്രതി"യുടെ വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ വിധി. ഏതോ "തിണ്ണമിടുക്കന്‍" മൊബൈലില്‍ പകര്‍ത്തിയ ദൃശ്യത്തെയാണ് കോടതി തെളിവായി സ്വീകരിച്ചത്.

ദേശീയപതാക, ദേശീയഗാനം എന്നിവ ദേശാഭിമാനത്തിന്റെ ബാഹ്യചിഹ്നങ്ങള്‍ മാത്രമാണ്. സ്വതന്ത്ര പരമാധികാരമുള്ള രാജ്യങ്ങള്‍ അവയുടെ വ്യതിരിക്തത പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടി തിരഞ്ഞെടുക്കുന്ന അടയാളങ്ങള്‍ മാത്രമാണ് ഇത്തരം ചിഹ്നങ്ങള്‍. കന്നുകാലി ചന്തകളില്‍ വില്പനയ്ക്കായി കൊണ്ടു വരുന്ന കാളകളുടെ കഴുത്തില്‍ ഉടമസ്ഥര്‍ മണികെട്ടുന്നതുപോലെ ഒരേര്‍പ്പാടാകരുത് ഈ ചിഹ്നങ്ങൾ. കാളകളുടെ കഴുത്തിലെ അടയാളമണികള്‍ കാളകളെക്കാള്‍ പ്രധാനമാകാന്‍ ഉടമസ്ഥര്‍ അനുവദിക്കാറില്ല. എന്നാല്‍, സമകാല ഇന്ത്യയില്‍ സംഭവിക്കുന്നത് മറിച്ചാണ്. കന്നുകാലിച്ചന്തയുടെ വിവേകം പോലുമില്ലാത്ത ഒരവസ്ഥയിലേക്ക് നമ്മുടെ ഭരണാധികാരികൾ അധപ്പതിച്ചിരിക്കുന്നു. തിണ്ണമിടുക്കിന്റെ മൊത്തവ്യാപാരികള്‍ അധികാരത്തിലെത്തുകയും ജനങ്ങളെയാകെ തിണ്ണമിടുക്കിന്റെ തൊഴുത്തിലേക്ക് തെളിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍, നിയമവാഴ്ചയുടെ അന്തസ്സും പരമാധികാരവും സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരാണ് ന്യായാധിപന്മാര്‍. അതിനുപകരം, തിണ്ണമിടുക്കിന്റെ ചാട്ടവാറുകളെടുത്ത് അവര്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്. തിണ്ണമിടുക്കല്ലാതെ, മൗലികമായ മറ്റൊന്നുമില്ലാത്ത മോദിയുടെ സേച്ഛാധിപത്യത്തിനു മുന്നില്‍, മുട്ടുകുത്തുന്നവരുമായി മാറിയിരിക്കുന്നു മിക്ക ന്യായാധിപന്മാരും!

സമീപകാല  അമേരിക്കന്‍ ചരിത്രത്തിലെ ഒരശ്ലീലമായ ഡൊണാള്‍ഡ് ട്രംപിന്റെ സേച്ഛാധിപത്യ നയങ്ങളെ നിയമവ്യവസ്ഥയുടെ അന്തസ്സുയര്‍ത്തിപ്പിടിച്ചുകൊണ്ട് നേരിടുന്ന അമേരിക്കന്‍ ന്യായാധിപന്മാരെയും നാം കാണുന്നുണ്ട്. അമേരിക്കന്‍ ജുഡീഷ്യറിയുടെ ഏറ്റവും താഴെത്തട്ടിലുള്ള ന്യായാധിപന്മാര്‍ പോലും ട്രംപിന്റെ നിയമവിരുദ്ധ ഉത്തരവുകള്‍ റദ്ദാക്കാന്‍ കാണിക്കുന്ന നിര്‍ഭയത്വം നമ്മുടെ ന്യായാധിപന്മാര്‍ക്ക് പാഠമാകേണ്ടതാണ്. എന്നാല്‍, പ്രമോഷനുകളുടെയും വിരമിച്ചതിനു ശേഷമുള്ള ഔദാര്യങ്ങളുടെയും പ്രലോഭനമാണ് ഇന്ത്യയിലെ മിക്ക ന്യായാധിപന്മാരെയും നയിക്കുന്നത്. തങ്ങള്‍ മോദിയെക്കാള്‍ വലിയ തിണ്ണമിടുക്കരാണെന്ന് തെളിയിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

തിണ്ണമിടുക്കിന്റെ പേരിലുള്ള കൊലകളും മര്‍ദ്ദനങ്ങളും ഭീഷണികളും നാള്‍ക്കുനാള്‍ പെരുകുന്നു. അക്രമാസക്തമായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ തിണ്ണമിടുക്കിന്റെ അവസാനത്തെ ഇരയാണ് ഗൗരി ലങ്കേഷ്. മൗലികവും സര്‍ഗാത്മകവുമായതൊന്നും ലോകത്തിനു സംഭാവന ചെയ്യാന്‍ കഴിവില്ലാത്ത ഒരു പാര്‍ട്ടി അധികാരത്തിലെത്തുകയും ഇരുവശത്തേക്കും കൈകള്‍ വീശി അട്ടഹസിക്കാന്‍ മാത്രമറിയാവുന്ന ഒരു അസംസ്‌കൃതന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുകയും ചെയ്തതോടെയാണ്, തിണ്ണമിടുക്കുകാര്‍ അവരുടെ സ്വൈരവിഹാരമാരംഭിച്ചത്. മോദിയുടെ ഭരണപരാജയങ്ങളെ- നോട്ടസാധുവാക്കല്‍ കൊണ്ട് കള്ളപ്പണം ഇല്ലാതാക്കുമെന്ന വാദത്തിന്റെ പരാജയം, വിലക്കയറ്റം നിയന്ത്രിക്കുമെന്ന പ്രഖ്യാപനത്തിന്റെ പരാജയം, കര്‍ഷക ആത്മഹത്യ അവസാനിപ്പിക്കുമെന്ന വാദത്തിന്റെ പരാജയം, ദേശീയ സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുമെന്ന അവകാശവാദത്തിന്റെ പരാജയം, ശക്തമായ ഒരു ഇന്ത്യ സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തിന്റെ പരാജയം- മറച്ചുവെയ്ക്കുന്നതിനുള്ള മാര്‍ഗമായിരിക്കുകയാണ് ഇന്ത്യന്‍ തിണ്ണമിടുക്ക്. മോദിഭരണത്തിന്റെ മൂന്നുവര്‍ഷം കഴിയുമ്പോള്‍, ഇന്ത്യ ലോകരാജ്യങ്ങള്‍ക്കുമുമ്പില്‍ അപഹാസ്യമായിക്കൊണ്ടിരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ മോദിയുടെ പ്രസംഗങ്ങള്‍ സൃഷ്ടിച്ച പ്രതിച്ഛായ ദയനീയമാണ്. മാന്യമായും യുക്തിസഹമായും ആകര്‍ഷകമായും സംസാരിക്കാനറിയാത്ത ഒരു നിരക്ഷരനെയാണോ ഇന്ത്യക്കാര്‍ അവരുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതെന്ന് ന്യൂയോര്‍ക്ക് ടൈംസ് ചോദിച്ചു. ഗുജറാത്തി ലിപിയിലെഴുതിയ ഇംഗ്ലീഷ് പോലും ശരിയായി ഉച്ചരിക്കാന്‍ അറിയാത്ത ഈ മനുഷ്യന്, വഴങ്ങുന്നത് തിണ്ണമിടുക്ക് മാത്രമാണ്. തിണ്ണമിടുക്കിന്റെ  അഭ്യാസപ്രകടനങ്ങള്‍ക്ക് വിദ്യാഭ്യാസമോ മാന്യതയോ സംസ്‌കാരമോ ആവശ്യമില്ല. ഗുജറാത്തിലെ തെരുവുകളില്‍ നിന്നഭ്യസിച്ചതാണ് തിണ്ണമിടുക്കിന്റെ കായികപ്രകടനങ്ങള്‍. വിദ്യാഭ്യാസവും പ്രൊഫഷണല്‍ പരിശീലനവുമില്ലാത്ത തെരുവു സര്‍ക്കസുകാര്‍, കാഴ്ചക്കാരെ കൈയ്യിലെടുക്കുന്നതുപോലെ, ശരാശരി ഇന്ത്യക്കാരെ വശീകരിക്കാനുള്ള തന്ത്രമൊക്കെ ഈ തിണ്ണമിടുക്കഭ്യാസിക്കറിയാം.

തിണ്ണമിടുക്കിന്റെ ജാലവിദ്യകൊണ്ട് 130 കോടി മനുഷ്യരുള്ള ഒരു രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഒമാനില്‍ ഐ.എസ് ഭീകരരുടെ തടവിലായിരുന്ന ഒരു കേരളീയ ക്രൈസ്തവ പുരോഹിതനെ മോചിപ്പിക്കാന്‍ പോലും ഇന്ത്യന്‍ തിണ്ണമിടുക്കിന് കഴിഞ്ഞില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വ്യക്തിപരമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് ഫാദര്‍ ഉഴുന്നാലില്‍ മോചിതനായതെന്ന് ലോകമാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ അപമാനം മറച്ചു വെയ്ക്കാന്‍ ബി.ജെ.പി ഗവണ്‍മെന്റും അടുത്തകാലത്ത് അവിടെ കയറിപ്പറ്റിയ അല്‍ഫോണ്‍സ് കണ്ണന്താനവും കെട്ടുകഥകള്‍ പ്രചരിപ്പിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടി  ഗവണ്‍മെന്റ് നടത്തിയ ശ്രമങ്ങള്‍ വെളിപ്പെടുത്താനാവില്ലത്രേ! വെളിപ്പെടുത്താനായി ഒന്നും കേന്ദ്രസര്‍ക്കാരിന്റെ പക്കലില്ലെന്ന സത്യത്തെ ഇന്ത്യന്‍ തിണ്ണമിടുക്ക് കൊണ്ട് മറയ്ക്കാനാണ് ഇപ്പോള്‍ ശ്രമം. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഒന്നും മറയ്ക്കാനില്ല. നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവനുവേണ്ടിയുള്ള യാചന മാത്രമാണ് അദ്ദേഹം ശ്രവിച്ചത്. മറ്റാര്‍ക്കൊക്കെയോ നന്ദി പറഞ്ഞ കേന്ദ്ര വിദേശ മന്ത്രാലയം മാര്‍പ്പാപ്പയെ ബോധപൂര്‍വം അവഗണിച്ചു. ഇന്ത്യന്‍ തിണ്ണമിടുക്കുകാരുടെ നന്ദിക്ക് വേണ്ടിയായിരുന്നില്ല മാര്‍പ്പാപ്പ ശ്രമിച്ചത് എന്ന സത്യം കേരളത്തിലെ ക്രിസ്ത്യാനികള്‍ മറക്കരുത്. ഫാ.ഉഴുന്നാലിന്റെ മോചനത്തിന്റെ പേരില്‍, കേരളത്തിലെ ക്രിസ്ത്യാനികളുടെ സിമ്പതി പിടിച്ചു പറ്റാനാണ് ഇപ്പോള്‍ ഇന്ത്യന്‍ തിണ്ണമിടുക്കുകാര്‍ ശ്രമിക്കുന്നത്. കണ്ണന്താനത്തെ അതിനുവേണ്ടി നിയോഗിക്കാനും സാധ്യതയുണ്ട്. മതേതര കേരളത്തെ മാത്രമല്ല കേരളത്തിലെ ക്രിസ്ത്യാനികളെയും ഉത്തരേന്ത്യന്‍ തിണ്ണമിടുക്കിന് ഒറ്റിക്കൊടുത്ത ഈ മനുഷ്യനെ തിരിച്ചറിയുക തന്നെ വേണം.

തിണ്ണമിടുക്കും അതിന്റെ ചിഹ്നപ്രതീകങ്ങളും മനുഷ്യരെക്കാള്‍ വിലപിടിപ്പുള്ളതാവുക എന്നതിനര്‍ത്ഥം, ഇന്ത്യ ഒരു അനുഷ്ഠാന സമൂഹ(Ceremonial Society)മായി മാറുന്നു എന്നാണ്. കൊടികളും ആലവട്ടങ്ങളും മനുഷ്യജീവനെക്കാള്‍ പ്രധാനമാകുമ്പോള്‍ ഗൗരി ലങ്കേഷ്മാരുടെ രക്തസാക്ഷിത്വങ്ങള്‍ വിസമരിക്കപ്പെടും. തിണ്ണമിടുക്കിന്റെ ശീലയുയരുമ്പോള്‍, ഫോണ്‍ ചെയ്ത ഒരു ഡോക്ടര്‍ ശിക്ഷിക്കപ്പെടുന്ന രാജ്യത്തിന് നഷ്ടപ്പെടുന്നത് മാനവികതയാണ്.