അടിമയുടമ ബന്ധത്തിന്റെ പഴയ കാലം ഇനി തിരിച്ചു വരില്ല

#

(14-09-17) : പരമ്പരാഗത മാധ്യമങ്ങളില്‍ നിന്ന് നവമാധ്യമങ്ങളിലേക്ക്, സ്വന്തം തീരുമാനപ്രകാരമല്ലാതെ വന്നുപെടുന്ന പലര്‍ക്കും പുതിയ മാധ്യമത്തിന്റെ രീതികളും ശീലങ്ങളും മനസ്സിലാക്കാനോ, അവയുമായി പൊരുത്തപ്പെടാനോ കഴിയാറില്ല. മാധ്യമ ഉടമയുടെ ഇച്ഛ അനുസരിച്ച് നയം രൂപീകരിക്കുകയും അയാളുടെ (അവരുടെ) ആജ്ഞകള്‍ നടപ്പിലാക്കുകയും ചെയ്യുന്ന അടിമകളായാണ് അവര്‍ എഡിറ്റര്‍മാരുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ കണ്ടിട്ടുള്ളത്. അച്ചടി മാധ്യമങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും കാര്യത്തില്‍ നിലനിന്നു പോന്ന ഈ മാതൃകയെ അട്ടിമറിച്ചുകൊണ്ടാണ് പുതിയ മാധ്യമങ്ങൾ ജനാധിപത്യപരമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ പുതിയ മാത്യക സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഇന്റെറാക്ടീവ് ആയ പുതുമാധ്യമങ്ങളില്‍ ഉടമയുടെയും ഉടമയുടെ ഇംഗിതം നടപ്പാക്കാൻ ചുമതലപ്പെട്ട മാധ്യമ മേധാവിയുടെയും അവസാന വാക്ക് എന്നൊന്നില്ല.

ജനാധിപത്യത്തിന്റെ പുതുപരീക്ഷണങ്ങള്‍ക്കുള്ള വേദികള്‍ കൂടിയാണ് നവമാധ്യമങ്ങള്‍. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ഇടം നല്‍കി സ്വതന്ത്രവും ജനാധിപത്യപരവുമായ സംവാദങ്ങള്‍ സാധ്യമാകുന്ന ഇടങ്ങള്‍ എന്ന നിലയില്‍ നവമാധ്യമങ്ങള്‍, പരമ്പരാഗത മാധ്യമങ്ങളുടെ ഏകമുഖമായ ആശയവിനിമയ രീതിയില്‍ നിന്ന് തീര്‍ത്തും വിഭിന്നമാണ്. ഇവിടെ ആധിപത്യത്തിന്റെ അവസാനവാക്ക് പറയാന്‍ ആരെങ്കിലും ശ്രമിക്കുന്നത് അപഹാസ്യമാണ്.

നവമാധ്യമങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന വിപ്ലവകരമായ സാധ്യതകള്‍ യാഥാസ്ഥിതികത്വത്തിന്റെ കോട്ടകളില്‍ സൃഷ്ടിക്കുന്ന പരിഭ്രാന്തിയാണ് സൗത്ത്‌ലൈവ് എന്ന ന്യൂസ്‌പോര്‍ട്ടലുമായി ബന്ധപ്പെട്ട് അതിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കിടക്കുന്ന നടന്‍ ദിലീപിനോട് പോലീസ് ചെയ്യുന്നത് നീതിയല്ല എന്നു വാദിക്കുന്ന ഒരു ലേഖനം സൗത്ത് ലൈവില്‍, എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ എഴുതി. സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനത്തില്‍ ഉന്നയിച്ചിരിക്കുന്ന വാദത്തോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നും മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദം മൂലമാണ് അത് പ്രസിദ്ധീകരിച്ചതെന്നും സൗത്ത്‌ലൈവിലെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ പരസ്യമായി അഭിപ്രായപ്പെട്ടതോടെയാണ്  ഈ വിഷയം പൊതുസമൂഹത്തിന്റെ മുന്നിലെത്തിയത്. നവമാധ്യമങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ജനാധിപത്യ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ സെബാസ്റ്റ്യന്‍ പോള്‍ ശ്രമിച്ചിരുന്നെങ്കില്‍, തന്റെ സഹപ്രവര്‍ത്തകരുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുകയും അവരുടെ വാദങ്ങള്‍ സൗത്ത് ലൈവില്‍ തന്നെ പ്രസിദ്ധീകരിച്ചുകൊണ്ട് തുറന്ന സംവാദത്തിനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്യുമായിരുന്നു. അതിനുപകരം, പഴയ പത്രമുതലാളിമാരുടെ ഭാഷയിലും ശൈലിയിലും സൗത്ത് ലൈവിലെ മാധ്യമപ്രവര്‍ത്തകരെ വിരട്ടാനാണ് സെബാസ്റ്റ്യന്‍ പോള്‍ ശ്രമിച്ചത്.

നവമാധ്യമങ്ങള്‍  സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന, മാധ്യമപ്രവര്‍ത്തനത്തിലെ സര്‍ഗ്ഗാത്മകമായ കൂട്ടായ്മയെക്കുറിച്ച് സെബാസ്റ്റ്യന്‍ പോളും സൗത്ത് ലൈവിന്റെ ഉടമകളും ഒന്നും മനസ്സിലാക്കിയിട്ടില്ല. തന്റെ സഹപ്രവര്‍ത്തകരെ കീഴ് ജീവനക്കാരായാണ് സെബാസ്റ്റ്യന്‍ പോള്‍ കാണുന്നത്. ചീഫ് എഡിറ്റര്‍ പറയുന്നതാണ് എഡിറ്റോറിയല്‍ പോളിസി എന്നും അതനുസരിക്കാന്‍ കഴിയുന്നവര്‍ സ്ഥാപനത്തില്‍ തുടര്‍ന്നാല്‍ മതിയെന്നും പറയുന്നവര്‍, സ്വന്തം വീക്ഷണമോ അഭിപ്രായമോ ഇല്ലാത്ത, പണത്തിനു വേണ്ടി പണിയെടുക്കുന്ന അടിമകള്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ എന്നു കരുതുന്നു എന്ന് മാത്രമല്ല, അത് പരസ്യമായി പറയുന്നതില്‍ ഒരു തെറ്റുമില്ല എന്നു വിശ്വസിക്കുകയും ചെയ്യുന്നു. പഴയ രീതിയിലുള്ള പത്രങ്ങളോ, വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന ദൃശ്യമാധ്യമങ്ങളോ അല്ല നവമാധ്യമങ്ങള്‍. രാഷ്ട്രീയവും സാമൂഹ്യവുമായ പ്രശ്‌നങ്ങളില്‍ ഒരേ തരംഗ ദൈര്‍ഘ്യത്തോടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തയ്യാറുള്ളവരുടെ കൂട്ടായ്മകളാണ് ലോകത്തെവിടെയും പുതുമാധ്യമങ്ങളിലൂടെ പുതു ചലനങ്ങള്‍ സൃഷ്ടിച്ചത്. അത് തിരിച്ചറിയാതെ, പഴയ രീതിയില്‍ മുതലാളി കല്പിക്കുന്നത് നാട്ടുകാരിലെത്തിക്കാന്‍ വേണ്ടിയുള്ള  സംഗതിയാണെങ്കില്‍, ആര്‍ക്കുവേണം ഈ പുതു മാധ്യമങ്ങളെ?

ന്യായമായ പ്രതിഫലവും അന്തസ്സുള്ള തൊഴില്‍ സാഹചര്യവും ഏതു തൊഴിലാളിയുടെയുമെന്നതുപോലെ മാധ്യമപ്രവര്‍ത്തകരുടെയും അവകാശമാണ്. അതിന്റെ പേരില്‍ തൊഴില്‍ ഉടമ പറയുന്നതെന്തും തൊണ്ടതൊടാതെ വിഴുങ്ങണമെന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരമില്ല. സാവകാശമാണെങ്കിലും, നമ്മുടെ നവമാധ്യമങ്ങളില്‍ രൂപപ്പെട്ടു വരുന്ന പുതിയ സര്‍ഗ്ഗാത്മകമായ തൊഴില്‍ സാഹചര്യത്തെ തകര്‍ക്കുന്നതാണ് ആധിപത്യത്തിന്റെ അഹന്ത നിറഞ്ഞ അധികാരപ്രയോഗങ്ങള്‍. ഒരേസമയം മുതലാളിത്തത്തിന്റെയും, നമ്മുടെ നാട്ടില്‍ ലെനിനിസം എന്ന പേരില്‍ പ്രചരിക്കുന്ന സംഘടനാരീതിയുടെയും ചീത്ത ശീലങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണോ സെബാസ്റ്റ്യന്‍ പോള്‍ ശ്രമിക്കുന്നത്?

സാങ്കേതികവിദ്യയുടെ വികാസവും ജനാധിപത്യത്തിന്റെ വളര്‍ച്ചയും പരസ്പര പൂരകങ്ങളാണ്. ഈ മുന്നേറ്റത്തില്‍ ആശയ വിനിമയോപാധികളുടെ സ്വഭാവം ഇനിയും മാറും. മാധ്യമപ്രവര്‍ത്തനത്തില്‍ പുതിയ രീതികളും സമ്പ്രദായങ്ങളും വരും. അതിവേഗം സംഭവിക്കുന്ന ഈ മാറ്റങ്ങളില്‍ യാഥാസ്ഥിതികത്വത്തിന്റെ വക്താക്കള്‍ക്ക് അസഹിഷ്ണുതയുണ്ടാകുക സ്വഭാവികം. ആധിപത്യശീലങ്ങള്‍ക്കു പകരം ജനാധിപത്യ മര്യാദ, ജീവിതരീതിയായി സ്വീകരിക്കുന്ന തലമുറകള്‍ ഉണ്ടായിവരുന്നതില്‍, സെബാസ്റ്റ്യന്‍ പോളിനെപ്പോലെയുള്ളവര്‍ക്ക് ആശങ്കയുണ്ടാകാം. അത്തരക്കാരുടെ ആശങ്കയ്ക്ക് കീഴ്‌വഴങ്ങിയല്ലല്ലോ മാറ്റങ്ങള്‍ സംഭവിക്കുക. ചീഫ് എഡിറ്റര്‍ എഡിറ്റോറിയല്‍ പോളിസി തീരുമാനിച്ച് അത് നടപ്പാക്കാന്‍ മുതലാളിമാര്‍ ആജ്ഞാപിക്കുമ്പോള്‍, അത് അനുസരിച്ച് പണിയെടുക്കാന്‍ ആളെക്കിട്ടാത്ത കാലമാണ് വരാന്‍ പോകുന്നത്.