കടകംപള്ളിയുടെ ഗുരുവായൂര്‍ ദര്‍ശനം : സി.പി.എം പ്രതിസന്ധിയിലാകുന്നതെങ്ങനെ?

#

(15-09-17) : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശ്രീകൃഷ്ണജയന്തി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് വന്‍ വിവാദമായിരിക്കുന്നു. വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സി.പി.എം നേതാക്കള്‍ നല്‍കുന്ന മറുപടികളിലെ അവ്യക്തതയും ആശയക്കുഴപ്പവുമാണ് പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കിയത്. മന്ത്രി കടകംപള്ളിയോ, ഇക്കാര്യത്തില്‍ മാധ്യമങ്ങളിലൂടെ പ്രതികരിച്ച സി.പി.ഐ (എം)  നേതാക്കളോ വിമര്‍ശകരുടെ ചോദ്യങ്ങളെ കൃത്യമായി നേരിടാനോ വ്യക്തമായ ഉത്തരം നല്‍കാനോ തയ്യാറായിട്ടില്ല. ഭക്തിയെയും മതവിശ്വാസത്തെയും രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗപ്പെടുത്താന്‍ ഹിന്ദുവര്‍ഗ്ഗീയവാദികള്‍ തീവ്രശ്രമം നടത്തുന്ന ഘട്ടത്തില്‍, മതവിശ്വാസവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തില്‍ സി.പി.എം നേതൃത്വം പുലര്‍ത്തുന്ന വ്യക്തതയില്ലായ്മ പാർട്ടി അണികളിലും അനുഭാവികളിലും വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിട്ടുള്ളത്.

ദേവസ്വം മന്ത്രി എന്ന നിലയില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായിരുന്നു കടകംപള്ളിയുടെ ഗുരുവായൂര്‍ ദര്‍ശനം എന്നതായിരുന്നു ആദ്യം വന്ന ഏറ്റവും പ്രധാന ന്യായീകരണം. മര്യാദയുടെ പേരിലാണ് താന്‍ വിഗ്രഹത്തെ തൊഴുതതെന്ന് മന്ത്രി വിശദീകരിക്കുകയും ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ പേരില്‍ ക്ഷേത്രം സന്ദര്‍ശിക്കുന്ന മന്ത്രി വിഗ്രഹത്തെ തൊഴണമെന്ന് നിര്‍ബന്ധമില്ലെങ്കിലും മര്യാദയുടെ പേരിലാണ് അങ്ങനെ ചെയ്തതെന്ന മന്ത്രിയുടെ വിശദീകരണം നമുക്ക് വിശ്വസിക്കാം. അവിടെ പറ ചരിക്കുക എന്നോ മറ്റോ പേരിലുള്ള അനുഷ്ഠാനപരമായ ഒരു ചടങ്ങ് നിര്‍വ്വഹിക്കുകയും ചെയ്തു മന്ത്രി. വ്യക്തികള്‍ അവരുടെ വിശ്വാസത്തിന്റെ പേരില്‍ നിര്‍വ്വഹിക്കുന്ന ആ ചടങ്ങ് നിറവേറ്റേണ്ട ഒരു ഔദ്യോഗിക ബാധ്യതയും മന്ത്രിക്കില്ല. അതുകൂടാതെ ഭാര്യയുടെയും മക്കളുടെയും പേരില്‍ വഴിപാട് കഴിക്കുകയും ചെയ്തു മന്ത്രി.

മന്ത്രി ഗുരുവായൂരില്‍ പോയതോ, ദര്‍ശനം നടത്തിയതോ അല്ല സത്യത്തില്‍ പ്രശ്‌നമായത്. യാഥാസ്ഥിതിക ഹൈന്ദവ വിശ്വാസിയുടെ എല്ലാ പരിവേഷങ്ങളോടെയുമാണ് കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ദര്‍ശനം നടത്തിയത്. ഷര്‍ട്ട് ധരിച്ചുകൊണ്ട് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഉള്ളില്‍ പ്രവേശിക്കാന്‍ പുരുഷന്മാര്‍ക്ക് അനുവാദമില്ല. ഉടുപ്പൂരി കയ്യില്‍ പിടിച്ചോ, തോളിലിട്ടുകൊണ്ടോ ആണ്  സാധാരണ ഭക്തന്‍ ക്ഷേത്രദര്‍ശനം നടത്തുന്നത്.  ഭക്തി ഭൂണമായി കരുതുന്ന "പ്രമാണിമാര്‍", തങ്ങളുടെ പ്രമാണിത്തത്തിന് തിളക്കം കൂട്ടാനെന്നവണ്ണം കസവുനേര്യതു കൊണ്ട് ശരീരം പുതച്ചാണ് ക്ഷേത്രദര്‍ശനം നടത്തുക. പഴയ ജന്മി-മാടമ്പിമാരുടെ ഈ രീതി പകര്‍ത്തേണ്ട എന്ത് ആവശ്യമായിരുന്നു കടകംപള്ളി സുരേന്ദ്രനുണ്ടായിരുന്നത്? കസവുനേര്യതും കളഭക്കുറിയും തുടങ്ങി എല്ലാ "ഹൈന്ദവ" ചിഹ്നങ്ങളോടും കൂടി ക്ഷേത്രനടയില്‍ നിന്ന മന്ത്രി, ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിയെത്തിയ ഒരു കുട്ടിയെ കണ്ടപ്പോള്‍ സര്‍വ്വതും മറന്ന് ആ കുട്ടിയെ വാരിയെടുക്കുകയും ചെയ്തു. ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി ക്ഷേത്രം സന്ദര്‍ശിക്കേണ്ടിവന്ന ഒരു അവിശ്വാസിയെയല്ല ശ്രീകൃഷ്ണജയന്തി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ടത്.

ഭാര്യയുടെ മക്കളുടെയും പേരില്‍ വഴിപാട് നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മാത്രമാണ് കൃത്യമായും വ്യക്തമായും കടകംപള്ളി മറുപടി പറഞ്ഞത്. താന്‍ കമ്മ്യൂണിസ്റ്റും അവിശ്വാസിയുമാണെങ്കിലും ഭാര്യയും മക്കളും ഭക്തിയുള്ളവരാണെന്ന് പറഞ്ഞ മന്ത്രി അവിടെ നിറുത്തിയില്ല. അവരുടെ ഭക്തിയുടെ കാര്യത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും ഇനി ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും അല്പം രോഷത്തോടുകൂടിത്തന്നെ മന്ത്രി വ്യക്തമാക്കി. ഭാര്യയുടെ ഭക്തിയില്‍ താന്‍ ഇടപെടില്ലെന്ന് മന്ത്രി പറഞ്ഞതിനെ, ഉന്നതമായ ജനാധിപത്യ മര്യാദയുടെ ഭാഗമായി വേണമെങ്കില്‍ മനസ്സിലാക്കാം. പക്ഷേ, മക്കളുടെ ഭക്തിയില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞ മന്ത്രി, രാഷ്ട്രീയത്തെക്കുറിച്ച് ഗൗരവത്തില്‍ ആലോചിക്കേണ്ടിയിരിക്കുന്നു. മാര്‍ക്‌സിസത്തിന്റെ പ്രപഞ്ചവീക്ഷണം അംഗീകരിക്കുന്ന ഒരാൾക്കേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാകാൻ കഴിയൂ. താൻ തീർത്തും തെറ്റെന്ന് വിശ്വസിക്കുന്ന കാര്യങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്ന മക്കളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കില്ലെന്ന്  ഒരു കമ്മ്യൂണിസ്റ്റ് നേതാവ് അഭിമാനപൂര്‍വ്വം പറയുമ്പോള്‍ അത് നല്‍കുന്ന സന്ദേശമെന്താണ്?

സാധാരണ പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും മതവിശ്വാസികളാകുന്നതും മതാചാരങ്ങള്‍ പിന്തുടരുന്നതും കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ വിലക്കിയിട്ടില്ല. പക്ഷേ, നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍, സ്വന്തം വ്യക്തിജീവിതത്തിൽ മതത്തെ നിരാകരിക്കുകയും മതാചാരങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യണമെന്നാണ് പാര്‍ട്ടി അനുശാസിക്കുന്നത്. എല്ലാത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിന്തുടരുകയും അതോടൊപ്പം പാര്‍ട്ടി നേതാവായി തുടരുകയും ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് കടകംപള്ളി ചെന്നുപെട്ടതുപോലുള്ള അപകടങ്ങളില്‍ ചാടുന്നത്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമില്ലാതാകുമ്പോഴുള്ള പ്രശ്‌നം. പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാകുമ്പോള്‍ അണികളിലും ജനങ്ങളിലും സംശയങ്ങളുണ്ടാകുക സ്വാഭാവികം. അവര്‍ ചോദ്യങ്ങള്‍ ചോദിക്കും. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ  ചീത്ത വിളിക്കുകയല്ല-മറുപടി. "എന്തു ചെയ്യണമെന്ന് ഞങ്ങള്‍  തീരുമാനിച്ചോളും,  ബാക്കിയുള്ളവര്‍ വേവലാതിപ്പെടേണ്ടതില്ല" എന്നായിരുന്നു ഇതു സംബന്ധിച്ചുള്ള ഒരു ചോദ്യത്തിന് എന്‍.എന്‍.കൃഷ്ണദാസ് എന്ന സി.പി.എം നേതാവ് നല്‍കിയ മറുപടി. ശരിയാണ്.പാര്‍ട്ടിക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാം. തീരുമാനമെടുക്കാന്‍ ജനങ്ങള്‍ക്കും അവകാശമുണ്ടെന്നു കൂടി മനസ്സിലാക്കിയാല്‍ മതി.