സമരക്കാര്‍ക്കെതിരെ പോലീസ് അതിക്രമം : യു.എന്‍.എ സംസ്ഥാന വൈസ്പ്രസിഡന്റ് സിബി മുകേഷ് അടക്കം അറസ്റ്റില്‍

#

കോട്ടയം (15-09-17) : ഭാരത് ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യു.എന്‍.എ നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം.സമരം നടത്തുന്ന നഴ്‌സുമാരെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാകാതെ തുടരുന്ന സാഹചര്യത്തിലായിരുന്നു യു.എന്‍.എ ജില്ലയില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. 

പ്രതിഷേധ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭാരത് ആശുപത്രിയിലെ നഴ്‌സുമാരും സമരത്തിനിറങ്ങിയിരുന്നു. ഹോസ്പിറ്റലിന് മുന്നിലെ റോഡ് ഉപരോധിച്ച് ഇവര്‍ നടത്തിയ ധര്‍ണ്ണ പോലീസ് ഇടപെട്ട് തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. നഴ്‌സുമാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ നീക്കമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഇത് തടയാന്‍ നഴ്‌സുമാര്‍ ശ്രമിച്ചതോടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഭാരത് ആശുപത്രി ഉപരോധിച്ച യു എന്‍ എ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ്, സംസ്ഥാന കമ്മിറ്റി അംഗം സാലിഹ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുനീഷ് , ഭാരത് യൂണിറ്റ പ്രസിഡന്റ് അശ്വതി സെക്രട്ടറി ശ്രുതി, ലീസ്സു മൈക്കിള്‍ തുടങ്ങിയവരെ ആണ് അറസ്റ്റ് ചെയ്തത്. സമാധാനപരമായ സമരത്തെ അടിച്ചമര്‍ത്താനാണ് പോലീസ് ശ്രമിച്ചതെന്നും ഇതിനെതിരെ ശക്തമായ തന്നെ തിരിച്ചടിക്കുമെന്നുമാണ് യു.എന്‍.എ പ്രതിനിധികള്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാന വ്യാപകമായ കരിദിനം ആചരിക്കുമെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.