ലോക കപ്പാണോ ജനങ്ങളുടെ ജീവിതമാര്‍ഗ്ഗമാണോ വലുത് ?

#

കൊച്ചി(16-09-2017)വേള്‍ഡ് കപ്പിലെ മത്സരങ്ങള്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനു അനുവദിക്കണമെങ്കില്‍ പരിസരങ്ങളിലെ കച്ചവട സ്ഥാപനങ്ങള്‍ ഒഴിയണമെന്ന കര്‍ക്കശ നിയമവുമായി ഫിഫ രംഗത്തു വന്നിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ കച്ചവട സ്ഥാപനങ്ങള്‍ ഒഴിയണമെന്ന ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. വിവാദ ഉത്തരവിനെതിരെ കടയുടമകള്‍ ഹൈക്കോടതിയെ സമീപ്പിക്കുകയും സ്പോര്‍ട്സിനേക്കാള്‍ പ്രധാന്യം ജനങ്ങളുടെ ജീവിതമാര്‍ഗത്തിനല്ലേയെന്ന് സര്‍ക്കാരിനോട് കോടതി ചോദിക്കുകയും ചെയ്തു.

വേള്‍ഡ്ക്കപ്പ് ഇന്ത്യയിലെത്തുന്നതും കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകുന്നതുമെല്ലാം നല്ലതുതന്നെ എന്നാല്‍ പരിസരങ്ങളിലെ കച്ചവടക്കാരെ ഒഴിപ്പിച്ച് അവരുടെ ജീവിതമാര്‍ഗ്ഗം ഇല്ലാതാക്കിയുള്ള ലോകക്കപ്പ് ഒരു ജനാധിപത്യ നടപടിയായി കാണാന്‍ കഴിയില്ല. വ്യാപാരികളുള്‍പ്പടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം തീര്‍ക്കുമെന്ന് കായികമന്ത്രി എ സി മൊയ്തീന്‍ പറഞ്ഞിട്ടുണ്ട്. തൊഴിലാളി വര്‍ഗ്ഗ നേതാവിന്റെ പ്രശ്‌ന പരിഹാര നടപടികള്‍ തൊഴിലനുകൂലമാകുമോയെന്ന് ആശങ്കപ്പെട്ടിരിക്കുകയാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന വ്യാപാരികള്‍.

പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാരും ജിസിഡിഎയും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും മത്സരത്തെ ബാധിക്കരുതെന്നുമാണ് ഫിഫ നിലപാട്. വര്‍ഷങ്ങളായി സ്റ്റേഡിയം പരിസരത്തെ വ്യാപര സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളെ എങ്ങനെ ജോലി സുരക്ഷിതത്വം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. അതേസമയം സ്ഥാപനങ്ങള്‍ക്ക് സ്ഥലം ഒഴിയാന്‍ ഒരു മാസത്തെ നോട്ടീസ് പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങളോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ ഉള്‍പെടെയുള്ളതിനാല്‍ സുരക്ഷയുടെ ഭാഗമായാണ് സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ കായിക മത്സരത്തിനല്ല ജീവിക്കാനുള്ള അവകാശത്തിനാണ് പ്രാധാന്യമെന്ന് കോടതി വാക്കാല്‍ പറഞ്ഞു.