കെ.പി.എ.സി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയണം : നാടക്

#

(19-09-17) : കെ.പി.എ.സി.ലളിത സംഗീത നാടക അക്കാഡമി സ്ഥാനം രാജിവയ്ക്കണമെന്ന് കേരളത്തിലെ നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടകിന്റെ സംസ്ഥാന കമ്മിറ്റി. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ ലളിത ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.കെ.പി.എ.സി എന്ന മഹത്തായ സാംസ്കാരിക പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള ലളിതയെപ്പോലെയുള്ള ഒരാള്‍, ഉത്തരവാദിത്വമുള്ള ഒരു പദവിയിലിരുന്നുകൊണ്ട് റേപ്പ് ക്വട്ടേഷന്‍ കേസില്‍ കുറ്റാരോപിതനായ ഒരാളെ സന്ദര്‍ശിച്ചതിനെ നാടക് സംസ്ഥാന കമ്മറ്റി പ്രസിഡന്റ് രഘുത്തമനും സെക്രട്ടറി ജെ.ശൈലജയും പ്രസ്താവനയിൽ ശക്തിയായി അപലപിച്ചു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം :

രാജ്യമെങ്ങും ചര്‍ച്ച പെയ്യപ്പെട്ടുണ്ടിരിയ്ക്കുന്ന അത്യപൂര്‍വ്വ ക്രിമിനല്‍ റേപ്പ് ക്വട്ടേഷന്‍ കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ സംഗീത നാടക അക്കാദമി അധ്യക്ഷ കെ പി എ സി ലളിത ജയിലില്‍ സന്ദര്‍ശിച്ചതിനെ നാടക് സംസ്ഥാന കമ്മറ്റി ശക്തമായി അപലപിയ്ക്കുന്നു.

കെ പി എ സി ലളിതയ്ക്ക് വ്യക്തി എന്ന നിലയില്‍ ആരെയും സന്ദര്‍ശിയ്ക്കാനുള്ള അവകാശം ഉണ്ട്. പക്ഷെ സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്തിരിയ്ക്കുന്ന ഒരാള്‍ സ്ഥാനത്തിന്റെ അന്തസ്സും ആ സ്ഥാപനത്തിന്റെ സാമൂഹ്യവും കലാപരവുമായ ഉത്തരവാദിത്തങ്ങളും ഉയര്‍ത്തിപ്പിടിയ്ക്കാന്‍ ബാധ്യസ്ഥയാണെന്ന് കലാ സമൂഹം വിശ്വസിയ്ക്കുന്നു. ഇത്തരമൊരു സന്ദര്‍ശനം എല്ലാ പ്രതിലോമതകള്‍ക്കും എതിരെ കനത്ത ജാഗ്രത പുലര്‍ത്തേണ്ടുന്ന വര്‍ത്തമാന കാലത്തില്‍, തികച്ചും തെറ്റായ, മൂല്യമറ്റ എതിര്‍ ചിന്തകള്‍ക്ക് വഴിയൊരുക്കും എന്നതില്‍ തര്‍ക്കമില്ല.

സമ്പത്തും കുറ്റകൃത്യങ്ങളും തമ്മിലുള്ള വിടവ് കുറഞ്ഞുവരികയും കുറ്റകൃത്യങ്ങളെ സമ്പത്തു ന്യായീകരിയ്ക്കുകയും ചെയ്യുന്ന സമകാലിക രാഷ്ട്രീയ-സാമൂഹ്യ യാഥാര്‍ത്ഥ്യം പേടിപ്പെടുത്തുന്നതാണ്. അത്തരം പ്രവണതകള്‍ക്കെതിരെ സ്വയം ശബ്ദമാകുന്ന കലാ സമൂഹത്തെ സംരക്ഷിയ്ക്കാനും പ്രചോദിപ്പിയ്ക്കാനും ഉദയം ചെയ്തതെന്ന് വിശ്വസിയ്ക്കുന്ന, അക്കാദമി പോലെയുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിയ്ക്കുന്നവര്‍ നടത്തുന്ന ഇത്തരം പരസ്യമായ അരാഷ്ട്രീയ പ്രകടനങ്ങള്‍ രാജ്യത്തു നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്ന ഫാസിസ്റ്റു അജണ്ടകള്‍ക്കു ആക്കം കൂട്ടാന്‍ മാത്രമേ ഉപകരിയ്ക്കു.

സമൂഹത്തില്‍ മാറ്റത്തിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിയ്ക്കുന്ന കലാ- സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്‌ക്കേണ്ട സ്ഥാപനങ്ങളുടെ തലപ്പത്തു, രാഷ്ട്രീയമായി നിയോഗിയ്ക്കപ്പെടുന്നവരുടെ പ്രതിബദ്ധതയും ദിശാബോധവുമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. മദ്യമുള്‍പ്പെടെയുള്ള എല്ലാറ്റിനും ഒരു നയമുള്ള കേരളത്തില്‍ എന്താണ് സാംസ്‌കാരിക നയം എന്ന ചോദ്യം ഇവിടെ പ്രസക്തവും അത് ഉണ്ടാകേണ്ടത് അനിവാര്യവുമാകുന്നു.

കെ പി എ സി ലളിതയുടെ അക്കാദമി അധ്യക്ഷ എന്ന നിലയിലുള്ള ഈ പ്രവൃത്തി നാടകലോകത്തിനു മാത്രമല്ല സാംസ്‌കാരിക കേരളത്തിന് മുഴുവന്‍ അപമാനമാണ്. നാടക് ന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനൊപ്പം പദവി രാജിവച്ചു കേരളത്തിലെ കലാസമൂഹത്തിന്റെ അഭിമാനത്തിനേറ്റ കളങ്കം തിരുത്തണമെന്ന് ശക്തമായി ആവശ്യപ്പെടുകായും ചെയ്യുന്നു.