ആരാണ് ഈ റോഹിങ്ക്യൻ അഭയാർത്ഥികൾ ?

#

(19-09-17) : പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ മ്യാന്‍മറിലെ "റാക്കൈയ്ന്‍" പ്രവിശ്യയില്‍ ജീവിച്ച മുസ്ലീം വിഭാഗത്തില്‍പ്പെട്ട ന്യൂനപക്ഷ സമുദായക്കാരാണ് റോഹിങ്ക്യന്‍ വിഭാഗക്കാര്‍. ജന്‍മനാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ഒരു ജനസമൂഹം. "ഭരണകൂടത്തിന്റെ ഒത്താശയോടെ ആസൂത്രിതമായ വംശഹത്യക്ക് ഇരകളായവര്‍". ലോകത്തില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരകളാകുന്ന വംശീയ, മത ന്യൂനപക്ഷ സമൂഹം. എന്നാല്‍ മ്യാന്‍മാര്‍ ഭരണകൂടത്തിന്റെയും ഭൂരിപക്ഷബുദ്ധമത വിഭാഗക്കാരുടേയും ഭാഷയില്‍, റോഹിങ്ക്യകള്‍ റാക്കൈയ്ന്‍ പ്രവിശ്യയില്‍ ജനിച്ചവരല്ല, മറിച്ച് 1971-ലെ ബംഗ്ലാദേശ് യുദ്ധസമയത്ത് ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിപാര്‍ത്തവരാണ്.

2015-ലെ കലാപത്തിനു മുന്‍പ് വരെ 1.1 മുതല്‍ 1.3 ദശലക്ഷം റോഹിങ്ക്യന്‍ വംശജര്‍ ഉണ്ടെന്നാണ് കണക്ക്.  1982 ലെ മ്യാന്‍മറിലെ ഭരണഘടന അംഗീകരിക്കുന്ന 135 വംശീയ വിഭാഗങ്ങളില്‍ റോഹിങ്ക്യകള്‍ ഉള്‍പ്പെടുന്നില്ല.

വംശഹത്യയിലേക്ക് ഉരുതിരിഞ്ഞ സാഹചര്യങ്ങള്‍ ഉടലെടുക്കുന്നത്, രണ്ടാംലോക മഹായുദ്ധ സമയത്ത്, റോഹിങ്ക്യകള്‍ ബ്രിട്ടീഷുകാരെ പിന്തുണയ്ക്കുകയും ഭൂരിപക്ഷമായ ബുദ്ധമത വിഭാഗക്കാര്‍ ജപ്പാനൊപ്പം നിലനില്‍ക്കുകയും ചെയ്തതോടെയാണ്. പിന്നീടങ്ങോട്, പ്രത്യേകിച്ചും 1948-ല്‍ ബര്‍മ്മ സ്വതന്ത്രമായതിനുശേഷം ഭരണകൂടത്തിന്റെ ഒത്താശയോടെ മുസ്ലീങ്ങള്‍ക്കെതിരായ പീഡന പരമ്പര അരങ്ങേറുകയായിരുന്നു.

റോഹിങ്ക്യന്‍ പ്രശ്‌നം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നത് 2012-ലും റാക്കൈയ്ന്‍ പ്രവിശ്യയിലുണ്ടായ കലഹങ്ങളുടെയും, 2016-17 കാലഘട്ടത്തിലെ സൈനിക അടിച്ചമര്‍ത്തലിന്റെയും വെളിച്ചത്തിലാണ്.

പൊളിഞ്ഞുവീഴാറായ തുരുമ്പിച്ച ബോട്ടുകളില്‍ കയറി ജീവരക്ഷയ്ക്കായി ഉള്‍ക്കടലുകളിലൂടെയുള്ള അതിസാഹസികമായ യാത്രയ്ക്കൊടുവില്‍ അയല്‍രാജ്യങ്ങളില്‍ എത്തിപ്പെട്ട റോഹിങ്ക്യകളെ സ്വീകരിക്കുവാന്‍ ആരും മുന്നോട്ട് വന്നില്ല. അവിടെയും പട്ടിണിയും അവഗണനയുമാണ് അവരെ കാത്തിരുന്നത്. ചുരുങ്ങിയത് 10 ലക്ഷത്തോളം റോഹിങ്ക്യകള്‍ 1970-കള്‍ക്ക് ശേഷം വിവിധ രാജ്യങ്ങളിലായി കഴിയുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി വിഭാഗം ഹൈകമ്മീഷന്റെ കണക്കനുസരിച്ച് 2012-ന് ശേഷം മാത്രം 168000 ജനങ്ങള്‍ മ്യാന്‍മാറില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. സമീപരാജ്യമായ ബംഗ്ലാദേശില്‍ മാത്രം 2016-നും 2017-നും ഇടക്ക് 87,000 പേര്‍ എത്തിയിട്ടുണ്ട്. ഇനിയൊരു റോഹിങ്ക്യനെ പോലും സ്വീകരിക്കുവാന്‍ ഈ രാജ്യങ്ങളൊന്നും തയ്യാറല്ല എന്നാണ് അവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത്.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തി പോരാടിയിരുന്ന പലരുടേയും, പ്രത്യേകിച്ച് സമാധാന നൊബേല്‍ സമ്മാന ജേതാവും, ഭരണകൂടത്തിന്റെ അമരക്കാരിയുമായ ഓങ്ങ് സാന്‍ സൂചിയുടെ റോഹിങ്ക്യന്‍ വിഷയത്തിലുള്ള മൗനവും നിഷ്‌ക്രിയത്വവും ഏറെ അപലപനീയമാണ്. രാഷ്ട്രീയാധികാരം കൈവരുമ്പോള്‍ മനുഷ്യാവകാശ വാദം ഉപേക്ഷിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇവിടെ കാണുന്നത്. ഈയൊരു സാഹചര്യത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ കേന്ദ്ര നേതൃത്വം നിലവില്‍ ഇന്ത്യയിലുള്ള 40,000-ല്‍ പരം റോഹിങ്ക്യകളെ നാടുകടത്തുമെന്നത് എത്ര വിചിത്രമാണ്. ഇന്ത്യയുടെ രാഷ്ട്രീയ ധാര്‍മ്മികതയുടെ നിലനില്‍പ്പിനെ തന്നെയാണ് ഇത് ചോദ്യം ചെയ്യുന്നത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ 2014 ഡിസംബർ 31 ലെ ഔദ്യോഗിക കണക്കനുസരിച്ച് ഇന്ത്യയില്‍ നിലവില്‍ 28 രാജ്യങ്ങളില്‍ നിന്നായി 289,394 അഭയാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. ഈ കണക്കുകളില്‍ നിയമവിരുദ്ധ താമസക്കാര്‍ എന്ന് കേന്ദ്രനേതൃത്വം മുദ്രകുത്തിയിരിക്കുന്ന റോഹിങ്ക്യകളെ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ ഇന്ത്യയില്‍ 40,000-ല്‍ പരം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുണ്ട്. അതില്‍ 16,500 അഭയാര്‍ത്ഥികള്‍ ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി വിഭാഗം ഹൈക്കമീഷന്‍ അംഗീകരിച്ച് തിരിച്ചറിയല്‍ കാര്‍ഡിനു അര്‍ഹരായവരാണ്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി, പ്രത്യേകിച്ച്, ജമ്മു-കാശ്മീര്‍, തെലുങ്കാന, ഹരിയാന, ഉത്തര്‍പ്പദേശ്, ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്ത്യയിലെ നിയമങ്ങള്‍ പാലിച്ചും, തുച്ഛവരുമാനം നല്‍കുന്ന ജോലികളില്‍ ഏര്‍പ്പെട്ടും, ഭാഷാപ്രാവീണ്യം ഇല്ലാത്തതിനാല്‍ ഇവിടുത്തെ ജനങ്ങളോട് കാര്യമായ സമ്പര്‍ക്കം പുലര്‍ത്താതെയും കഴിഞ്ഞുവരുന്ന അഭയാര്‍ത്ഥികളെ പൂര്‍ണ്ണമായും നാടുകടത്തും എന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം, പ്രധാനമായും ഇന്ത്യയുടെ സുരക്ഷാഭീഷണി എന്ന സാങ്കേതികമായ അഴകാശവാദത്തിലൂന്നിയതാണ്. റോഹിങ്ക്യകളുടെ പേരില്‍ പെറ്റി കേസുകള്‍ പോലും നിലവിലില്ല.  റോഹിങ്ക്യകൾ സമാധാനപരമായി ജീവിക്കുന്നവരാണെന്നും പ്രശ്‌നക്കാരായി കാണേണ്ടതില്ലെന്നും അവർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലെ പോലീസ് അധികാരികൾ പറഞ്ഞിട്ടുള്ളത് എങ്ങനെ അവഗണിക്കാൻ കഴിയും? സര്‍ക്കാരിന്റെ വാദങ്ങളെ വിമര്‍ശനാത്മകമായി മാത്രമേ നോക്കിക്കാണാനാകൂ.

ഒറ്റ നോട്ടത്തില്‍ മ്യാന്‍മറിലെ പുതിയ ഭരണകൂടമായുള്ള നയതന്ത്രബന്ധങ്ങള്‍ക്ക് റോഹിങ്ക്യകള്‍ ഒരു തടസ്സമാകരുതെന്ന് ഇന്ത്യന്‍ കേന്ദ്രഭരണകൂടം ആഗ്രഹിക്കുന്നതായി വേണം മനസ്സിലാക്കുവാന്‍. ഇന്ത്യയുടെ Look East Policy-ലെ ഒരു സുപ്രധാന പങ്കാളിയാണ്. മ്യാന്‍മര്‍ എന്ന വസ്തുതയും വിസ്മരിച്ചുകൂടാ. അതുകൊണ്ട്തന്നെ മ്യാന്‍മര്‍ ഭരണകൂടം ആട്ടിപ്പായിക്കുന്ന റോഹിങ്ക്യകളെ സംരക്ഷിച്ചാല്‍ ഇന്ത്യന്‍ മ്യാൻമാർ ബന്ധങ്ങളെ എതിരായി ബാധിക്കുമോ എന്ന ആശങ്കയാകാം ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നിലപാടിന്റെ ആന്തരിക രാഷ്ട്രീയ യുക്തിയെന്ന് അനുമാനിക്കാവുന്നതേയുള്ളൂ.

ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി വിഭാഗം ഹൈകമ്മീഷണര്‍ അംഗീകരിച്ച് അഭയാര്‍ത്ഥി എന്ന നിലക്ക് അവനെ/അവളെ തടങ്കലില്‍ വെക്കുന്നതില്‍നിന്നും, ജീവനും, സ്വാതന്ത്ര്യത്തിനും ഭീഷണിയുള്ള സ്വന്തം രാജ്യത്തേക്കോ, മറ്റേതെങ്കിലും രാജ്യത്തിലേക്കോ നിര്‍ബന്ധപൂര്‍വ്വം തിരിച്ചയക്കുന്നതില്‍നിന്നും (റിഫോള്‍മ)  പ്രത്യേകമായ സംരക്ഷണം നല്‍കേണ്ടതാണ്. എന്നാല്‍ നിയമവിരുദ്ധ താമസക്കാര്‍ എന്ന മുദ്രകുത്തി 40,000 ത്തിലേറെ വരുന്ന അഭയാര്‍ത്ഥികളെ നാടുകടത്തുന്നതോടെ ജീവനും സ്വത്തിനും ഭീഷണിയുള്ള സ്വന്തം രാജ്യത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം തിരിച്ചയക്കപ്പെടരുതെന്ന ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശത്തിന് യാതൊരുവിധ വിലയുമില്ലാതാവുകയാണ്.

1951-ലെ അഭയാര്‍ത്ഥി കണ്‍വെന്‍ഷനിലും, 1967-ലെ അതിന്റെ പ്രോട്ടോക്കോളിലും ഒപ്പിട്ടിട്ടില്ല എന്നതിനാല്‍ റിഫോള്‍മ നയം നടപ്പിലാക്കാമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്റെ വാദം അടിസ്ഥാന വിരുദ്ധവും, അന്താരാഷ്ട്ര മനുഷ്യാവകാശ പ്രക്രിയയെപ്പറ്റിയുള്ള അറിവില്ലായ്മ വ്യക്തമാക്കുന്നതുമാണ്. കാരണം 1984-ലെ "Torture Convention 1981-ലെ "Elimination of all forms of discrimination against women" 1969-ലെ "Elimination on Radical Discrimination" തുടങ്ങിയ അന്താരാഷ്ട്ര ഉടമ്പടികള്‍ ഇന്ത്യ അംഗീകരിക്കുന്നതാണ്. ഈ ഉടമ്പടികളില്‍ പ്രത്യേകിച്ച് 1984-ലെ torture convention- ന്റെ 3-ാം വകുപ്പ് പ്രകാരം" ഒരു വ്യക്തിയെ അവന്റെ ജീവന് യാതൊരു സംരക്ഷണവും നല്‍കാന്‍ പറ്റാത്ത സാഹചര്യങ്ങളുള്ള മറ്റൊരു രാജ്യത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം പുറത്താക്കുവാനോ തിരിച്ചയക്കുവാനോ, കൈമാറ്റം ചെയ്യാനോ പാടില്ല എന്ന് നിഷ്‌കര്‍ഷിക്കുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ സംരക്ഷണ ചട്ടക്കൂട് ഇങ്ങനെ ആയിരിക്കെ, ഇന്ത്യന്‍ ഭരണഘടനയുടെ 14-ാം വകുപ്പ് അനുശാസിക്കുന്ന തുല്യതയ്ക്കുള്ള അവകാശവും, 21-ാം വകുപ്പിലെ ജീവിക്കാനുള്ള അവകാശവും, 51-സി പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമങ്ങളോടും  ഉടമ്പടികളോടുമുള്ള ബഹുമാനവും  ജനവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെട്ട തര്‍ക്കവിഷയങ്ങളില്‍ സമാധാനപരമായ ഒത്തുതീര്‍പ്പ് വേണം എന്ന ഭരണഘടനാപരമായ നിര്‍ണ്ണായക പരാമര്‍ശവും റോഹിങ്ക്യകള്‍ക്കുകൂടെ ബാധകമാണ്. ഈ സന്ദർഭത്തിൽ, റോഹിങ്ക്യകളെ തിരിച്ചയക്കാനുള്ള നീക്കത്തെ സുപ്രീം കോടതിയില്‍ എതിര്‍ക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ  പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഭരണഘടനയുടെ 14-ലും 21-ലും, 51(സി)-യിലും പറയുന്ന കാര്യങ്ങൾ നമ്മുടെ ഗവൺമെന്റിന് എങ്ങനെ അവഗണിക്കാനാവും?

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഒരു ആഭ്യന്തരനിയമം ഇല്ല. നിലവില്‍ 1946-ലെ "Foreigners Act"- ഉം 1967-ലെ "Passport Act"-ഉം അനുസരിച്ചാണ് അഭയാര്‍ത്ഥികളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്നത്: ഈ നിയമമനുസരിച്ച് ഇന്ത്യന്‍ പൗരനല്ലാത്ത മറ്റേത് വ്യക്തിയെയും വിദേശപൗരനായിട്ടാണ് കാണുന്നത്, അതായത്, ജീവല്‍ ഭീതിയുണര്‍ത്തുന്ന നിരവധി സാഹചര്യങ്ങള്‍മൂലം ഉപജീവനത്തിനായി നാടുവിടേണ്ടി വന്ന അഭയാര്‍ത്ഥികളും മറ്റു സാഹചര്യങ്ങളില്‍ ഇവിടെയെത്തിയ വിദേശ പൗരന്മാരും തുല്യരീതിയിലാണ് പരിഗണിക്കപ്പെടുന്നത്. ഇതുതന്നെ അഭയാര്‍ത്ഥികളോടുള്ള വിവേചനം ഇന്ത്യന്‍ നയങ്ങളുടെ ചട്ടക്കൂട്ടിലുണ്ട് എന്നതിന് തെളിവാണ്. അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിനായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു നിയമവും നിലവില്‍ ഇന്ത്യയില്‍ ഇല്ല.

തൊണ്ണൂറുകളില്‍ "Citizens Campaign for Protection of Democracy (CCPD)" എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം സുരക്ഷിതമല്ലാത്ത നാടുകടത്തല്‍ മൂലം, അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ എന്ന് സംശയിക്കപ്പെട്ട നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തിലാണ് തങ്ങളുടെ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന വംശഹത്യയുടെ ഇരയാക്കപ്പെടുമെന്ന് ഉറപ്പുള്ള ഒരു ജനസമൂഹത്തെ ഒഴിവാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വം കിണഞ്ഞു ശ്രമിക്കുന്നത്. പാര്‍ലമെന്റിന്റെ മുന്നില്‍ വന്നിട്ടുള്ള  ഏകീകൃത അഭയാര്‍ത്ഥി നിയമത്തിന്റെ സാധ്യത വിശദമായി ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. അത്തരമൊരു നിയമം വഴി അന്താരാഷ്ട്ര രംഗത്ത് ഇന്ത്യന്‍ സമൂഹത്തിനുള്ള അന്തസ്സ് നിലനിര്‍ത്താനും, അതുവഴി അനേകം ജനവിഭാഗങ്ങളുടെ ജീവൻ സംരക്ഷിക്കാനുമുള്ള മൗലീകമായ അവസരം പുന:സ്ഥാപിക്കുവാനുമാണ് ഒരു ജനാധിപത്യസമൂഹം സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടത്. അത്തരമൊരു സാഹചര്യത്തില്‍ സങ്കുചിതമായ താല്ക്കാലിക രാഷ്ട്രീയ യുക്തി പങ്കുവെക്കുന്ന ഗവണ്‍മെന്റുകളുടെ മനുഷ്യാവകാശ വിരുദ്ധമായ നടപടികള്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാവുന്നതാണ്.