മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല : ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

#

ഹൈദരാബാദ്(19-09-17) മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഹൈദരാബാദ് നഗോലയിലാണ് ദാരുണ കൊല നടന്നത്. ഹരികയെന്ന 25 കാരിയെ ഭര്‍ത്താവ് റിഷികുമാര്‍ തീകൊളുത്തുകയായിരുന്നു.

ഹരിക മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മനംനോന്ത് ആത്മഹത്യ ചെയ്തതായി വരുത്തിതീര്‍ക്കാനായിരുന്നു റിഷികുമാറിന്റെ ശ്രമം. കുറ്റകൃത്യം മറച്ചുവെയ്ക്കാനായി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസില്‍ മൊഴിയും നല്‍കി. എന്നാല്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതയുള്ളതായി മനസ്സിലാകുകയായിരുന്നു. സ്ഥല പരിശോധനയില്‍ റിഷികുമാര്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിയല്ലെന്ന് വ്യക്തമായതായി എ.സി.പി. വേണുഗോപാല റാവു പറഞ്ഞു. ഇതേത്തുടര്‍ന്ന് റിഷികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഹരികയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം തീ കൊളുത്തിയതാവാമെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരും.

രണ്ട് വര്‍ഷം മുന്‍പായിരുന്നു ഹരികയും റിഷികുമാറും വിവാഹിതരായത്. മുമ്പും മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഹരിക പരാജയപ്പെട്ടിരുന്നതായും ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാതായും ഹരികയുടെ സഹോദരി വെളിപ്പെടുത്തി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നായി ഹരികയുടെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ പറയുന്നു. യുവതിയടെ രക്ഷിതാക്കളുടെ പരാതിയിന്മേലാണ് ഇപ്പോള്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.