ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ 7 ന് സമർപ്പിക്കും

#

കൊച്ചി (20-09-17) : നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ 7 ന് സമർപ്പിക്കും. കേസിന്റെ വിചാരണ നടക്കുന്ന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുക. ബലാത്സംഗം ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളായിരിക്കും ചുമത്തുക. കുറ്റപത്രം സമർപ്പിച്ചാലും അന്വേഷണം തുടരുന്നതിനാണ് പോലീസിന്റെ തീരുമാനം.

നടിയെ ആക്രമിച്ച കേസിലെ പ്രധാന തോണ്ടി മുതലായ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഇത് ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കുന്നതിന് അന്വേഷണസംഘം നിയമോപദേശം തേടിയിരുന്നു. അനുകൂലമായ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരായ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. ഇതിനുശേഷവും അന്വേഷണം തുടർന്നാൽ കൂടുതൽ തെളിവുകൾ ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം കൂടി സമർപ്പിക്കാമെന്ന് അന്വേഷണസംഘം കരുതുന്നു. കേസിലെ നിർണ്ണായക തൊണ്ടിമുതലായ മൊബൈൽ ഫോൺ പ്രതികൾ സംഘടിതമായി ഒളിപ്പിച്ചുവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കേസിലെ മുഖ്യപ്രതി പൾസർ സുനി മൊബൈൽ ഫോൺ ഏൽപ്പിച്ചുവെന്ന് പറയുന്ന അഡ്വ.പ്രതീഷ് ചാക്കോ, ഫോൺ നശിപ്പിച്ചതായി മൊഴി നൽകിയ അഡ്വ.രാജു ജോസഫ്, ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ, സുഹൃത്ത് നാദിർഷാ എന്നിവരെ ചോദ്യം ചെയ്തിട്ടും മൊബൈൽ ഫോണിനെപ്പറ്റി വെളിപ്പെടുത്താൻ ഇതുവരെ തയ്യാറായിട്ടില്ല. മൊബൈൽ ഫോൺ കിട്ടാതെ കുറ്റപത്രം സമർപ്പിക്കുന്നത് കേസിനെ ദുർബലപ്പെടുത്തുമെന്ന നിഗമനത്തിലാണ് സംഘടിതമായി തൊണ്ടിമുതൽ ഒളിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

കേസിലെ സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും മുഖ്യപ്രതികളുടെ കുറ്റസമ്മതവും കോർത്തിണക്കി കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. പിന്നീട് കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമർപ്പിക്കാനും വകുപ്പുകൾ ഉള്ളതിനാൽ എത്രയുംപെട്ടെന്ന് കുറ്റപത്രം സമർപ്പിക്കുക എന്നതിലേക്ക് അന്വേഷണസംഘം നീങ്ങുന്നത്.