രാഷ്ട്രീയ ധാര്‍മികത ഇ.പി.ജയരാജനെ കുറ്റവിമുക്തനാക്കുമോ?

#

(20-09-17) : സംസ്ഥാന വ്യവസായ മന്ത്രിയായിരിക്കെ സ്വന്തം സഹോദരപുത്രനെ പ്രധാനപ്പെട്ട ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനം എടുത്തതിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഇ.പി.ജയരാജനെ വിജിലന്‍സ് കുറ്റവിമുക്തനാക്കി. കെ.എസ്.ഐ.ഇ (കേരള സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്) എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായാണ് തന്റെ സഹോദര പുത്രനായ  സുധീര്‍ നമ്പ്യാരെ നിയമിക്കാന്‍ ഇ.പി.ജയരാജന്‍ വ്യവസായമന്ത്രി  എന്ന നിലയില്‍ തീരുമാനമെടുത്തത്. സി.പി.ഐ(എം) കേന്ദ്രക്കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ പി.കെ.ശ്രീമതി എം.പിയുടെ മകനാണ് സുധീര്‍ നമ്പ്യാര്‍. കെ.എസ്.ഐ.ഇ മാനേജിംഗ് ഡയറക്ടറുടെ യോഗ്യത എന്താവണം എന്നതു സംബന്ധിച്ച് ചട്ടങ്ങളില്‍ കൃത്യമായി പറഞ്ഞിട്ടില്ലാത്തതിനാല്‍ സുധീര്‍ നമ്പ്യാരുടെ നിയമനത്തില്‍ ചട്ടങ്ങള്‍ക്കോ നിയമങ്ങള്‍ക്കോ വിരുദ്ധമായി ഒന്നുമില്ലെന്നതാണ് കുറ്റവിമുക്തനാക്കുന്നതിന് കാരണമായി വിജിലന്‍സ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നത്. സുധീര്‍ നമ്പ്യാര്‍, നിയമനം സ്വീകരിക്കാത്തതിനാല്‍, ഖജനാവിന് ലാഭമോ നഷ്ടമോ ഉണ്ടായിട്ടില്ലെന്ന കാരണവും നിയമോപദേശത്തിലുണ്ട്.

സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇ മാനേജിംഗ് ഡയറക്ടറായി നിയമിക്കുന്ന തീരുമാനം ഉള്‍ക്കൊള്ളുന്ന ഫയല്‍ മുഖ്യമന്ത്രി കാണണമെന്ന് വ്യവസായ സെക്രട്ടറി എഴുതിയെങ്കിലും ഫയല്‍ വ്യവസായമന്ത്രി മുഖ്യമന്ത്രിക്ക് അയച്ചില്ല. നിയമപരമായി മുഖ്യമന്ത്രി കാണേണ്ടവയല്ലാതെ, തന്റെ അധികാര പരിധിയില്‍ പെടുന്ന ഒരു ഫയല്‍ മുഖ്യമന്ത്രിക്ക് അയക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം മന്ത്രിക്കുണ്ട്. സാങ്കേതികമായി, നിയമപരമായി ഇതെല്ലാം ശരി. പക്ഷേ, വെറും ഒരു സാധാരണ ബിരുദധാരിയെ പ്രധാനപ്പെട്ട ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് നിയമിക്കുമ്പോള്‍, അതേക്കുറിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള ബാധ്യത മന്ത്രിക്കുണ്ട്. അതും നിയമിക്കപ്പെടുന്നയാള്‍ തന്റെ അടുത്ത ബന്ധുവാകുമ്പോള്‍ പ്രത്യേകിച്ചും.

ഇവിടെ ജയരാജനെ കുറ്റവിമുക്തനാക്കുന്നതിന് വിജിലന്‍സ് അഭിഭാഷകന്‍ ഉന്നയിക്കുന്ന യുക്തികള്‍ സാങ്കേതികം മാത്രമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍മാരുടെ നിയമനം സംബന്ധിച്ച് ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. അതനുസരിച്ചുള്ള ചട്ടങ്ങളുടെ കരട് ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്തതാണ്. അതനുസരിച്ച് ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ എം.ഡിയായി നിയമിക്കപ്പെടുന്നതിനുള്ള ഒരു യോഗ്യതയും സുധീര്‍ നമ്പ്യാര്‍ക്കില്ല. ഇടതുമുന്നണി ചര്‍ച്ച ചെയ്ത് അംഗീകരിച്ച നിബന്ധനകള്‍, ചട്ടങ്ങള്‍ എന്ന നിലയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടില്ല എന്നതുകൊണ്ട്  അവ ഒന്നും പാലിക്കപ്പെടേണ്ടതില്ല എന്ന് തീരുമാനിക്കുന്നത് ധാര്‍മ്മികമായി ശരിയാണോ? യോഗ്യതകളില്ലാത്ത ഒരാളെ പ്രധാനപ്പെട്ട ഒരു പദവിയില്‍ നിയമിക്കുമ്പോള്‍, പ്രത്യേകിച്ച്, നിയമിക്കപ്പെടുന്നയാള്‍ തന്റെ അടുത്ത ബന്ധുവാകുമ്പോള്‍, അക്കാര്യം മന്ത്രിസഭയുടെ തലവന്‍ എന്ന നിലയിലും തന്റെ പാര്‍ട്ടി നേതാവ് എന്ന നിലയിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ ജയരാജന്‍ തയ്യാറാകാതിരുന്നതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും?

അധികാരം, സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കുന്നതിനെയാണ് സ്വജനപക്ഷപാതം, പദവി ദുരുപയോഗപ്പെടുത്തല്‍ എന്നിങ്ങനെ പേരിട്ടു വിളിക്കുന്നത്. മന്ത്രിസ്ഥാനം ഉപയോഗിച്ച് ഏറ്റവും അടുത്ത ബന്ധുവിന് അനര്‍ഹമായി പദവി നല്‍കാന്‍ ശ്രമം നടത്തുകയും അത് പരസ്യ വിവാദമായപ്പോള്‍ നിയമനം നടത്താനാകാതെ വരികയുമാണ് ഇവിടെ സംഭവിച്ചത്. നിയമനം വിവാദമായതിനാല്‍ സുധീര്‍ നമ്പ്യാര്‍ പദവി ഏറ്റെടുത്തില്ല. അതിനാല്‍, സര്‍ക്കാര്‍ ഖജനാവിന് നഷ്ടമോ, ലാഭമോ ഉണ്ടായില്ല എന്നതുശരി. പക്ഷേ, താന്‍ തെറ്റ് ചെയ്തില്ല എന്നും സത്യം തെളിഞ്ഞു എന്നുമുള്ള ഇ.പി.ജയരാജന്റെ അവകാശവാദങ്ങള്‍ എങ്ങനെ അംഗീകരിക്കാനാകും? കോടതിയില്‍, സാങ്കേതികമായി ജയരാജന്  അനുകൂലമായ വാദങ്ങള്‍ നിലനില്‍ക്കും. പക്ഷേ, രാഷ്ട്രീയ ധാര്‍മികതയുടെ മാനദണ്ഡം ഉപയോഗിക്കുമ്പോള്‍ ജയരാജന്‍ ചെയ്തത് തെറ്റ് തന്നെയാണ്. ആ തെറ്റിന് പാര്‍ട്ടി നല്‍കിയ ശിക്ഷയാണ് മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി നിറുത്തല്‍. സ്വന്തം തെറ്റ് അംഗീകരിച്ച് തിരുത്താന്‍ ജയരാജന്‍ തയ്യാറായാല്‍ മന്ത്രിസ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കുന്നത് മനസ്സിലാക്കാം. അതിനു പകരം താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വീണ്ടും ആവര്‍ത്തിക്കുമ്പോള്‍, രാഷ്ട്രീയ ധാര്‍മ്മികതയുടെ മാനദണ്ഡങ്ങള്‍ അംഗീകരിക്കാന്‍ ജയരാജന്‍ തയ്യാറാകുന്നില്ലെന്നാണ് അര്‍ത്ഥം. സാങ്കേതികതയല്ല, ധാര്‍മ്മികതയാണ് രാഷ്ട്രീയ മൂല്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയാത്തിടത്തോളം ജയരാജന് മന്ത്രിസ്ഥാനത്തേക്ക് തിരികെ വരാന്‍ അര്‍ഹതയില്ല.