സ്വച്ഛത ഹി സേവ : മുഖ്യമന്ത്രിക്കും വി സിമാര്‍ക്കും ഗവര്‍ണര്‍ കത്തയച്ചു

#

തിരുവനന്തപുരം (20-09-17) : സെപ്റ്റംബര്‍ 15 നും ഒക്ടോബര്‍2 നുമിടയില്‍ സ്വച്ഛത ഹി സേവ പരിപാടി നടപ്പാക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കത്ത് ഉചിതമായ നടപടിക്കായി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രിക്കയച്ചു.

ഇതോടൊപ്പം ഈ ക്യാംപയിന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശ്രമദാനം പോലുള്ള പരിപാടികളിലൂടെ നടപ്പാക്കുന്നതിനായി വി സി മാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രാലയം ഒരുക്കുന്ന ദേശീയ അക്കാദമിക് ഡെപ്പോസിറ്ററിയില്‍ എല്ലാ വിദ്യാഭ്യാസ, അക്കാദമിക് സ്ഥാപനങ്ങളുടെയും ബോര്‍ഡുകളുടെയും സഹകരണം ഉറപ്പാക്കുന്നതിന് ഉചിതമായ നടപടിക്കായി മുഖ്യമന്ത്രിക്കും വി സിമാര്‍ക്കും ഗവര്‍ണര്‍ കത്തയച്ചു. 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ അക്കാഡമിക് ഡെപ്പസിറ്ററിയില്‍ എല്ലാ അക്കാദമിക് സ്ഥാപനങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും അവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍,ബിരുദങ്ങള്‍, മാര്‍ക്ക് ഷീറ്റുകള്‍ തുടങ്ങിയവ അപ്‌ലോഡ് ചെയ്യാനാവും. ഇതോടൊപ്പം ഈ രേഖകളുടെ വിശ്വാസ്യത ഉറപ്പാക്കാനും സാധിക്കുമെന്നതിനാല്‍ എല്ലാ സര്‍വകലാശാലകളും ഇതില്‍ രജിസ്റ്റര്‍ ചെയ്ത് അതില്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു.

സ്വച്ഛത ഹി സേവ പരിപാടി നടത്തിപ്പിനെയും അക്കാഡമിക് ഡെപ്പസിറ്ററിയിലെ പങ്കാളിത്തത്തെയും കുറിച്ചുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിസിമാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.