സാമൂഹ്യമാധ്യമങ്ങളിലെ ഇസ്ലാം വിരുദ്ധ പ്രയോഗങ്ങള്‍ ചൈന നിരോധിച്ചു

#

ബെയ്ജിംഗ് (21-09-17) : മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ചൈന. ഇസ്ലാമോഫോബിയയുടെ ഭാഗമായി ചൈനയിലെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്ന പദപ്രയോഗങ്ങള്‍ ഇന്റെര്‍നെറ്റില്‍ ബ്ലോക്ക് ചെയ്യാന്‍ ചൈനീസ് അധികൃതര്‍ തീരുമാനിച്ചു.

70 കോടിയോളം ഇന്റെര്‍നെറ്റ് ഉപയോക്താക്കളുള്ള ചൈനയാണ് ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ള രാജ്യം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഭരണകൂടത്തിനും എതിരായ പരാമര്‍ശങ്ങള്‍ ഫയര്‍വാള്‍ ഉപയോഗിച്ചാണ് അധികൃതര്‍ ബ്ലോക്ക് ചെയ്യുന്നത്. ട്വിറ്റര്‍, ഫെയ്‌സ് ബുക്, ഗൂഗിള്‍ തുടങ്ങിയ അന്തര്‍ദേശീയ സാമൂഹ്യ മാധ്യമങ്ങള്‍  ചൈനയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.

മുസ്ലീങ്ങള്‍ക്കെതിരേ വിദ്വേഷം സൃഷ്ടിക്കുന്ന പ്രയോഗങ്ങള്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ വര്‍ദ്ധിച്ചു വരുന്നതായും വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ക്ക് എതിരേയുള്ള വിമര്‍ശനമായി ഇവ മാറുന്നുവെന്നും ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗികമായി നിരീശ്വരവാദമാണ് പിന്തുടരുന്നതെങ്കിലും മതവിശ്വാസികളുടെ വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ചൈനീസ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതരെ ഉദ്ധരിച്ചുകൊണ്ട് ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി. ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാൻ 12800 മുസ്ലീംങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ സഹായം നല്‍കിയതും ഈദുള്‍ ഫിത്തര്‍ ആഘോഷിക്കാന്‍ തെരുവുകളില്‍ സൗകര്യമൊരുക്കിയതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.