യുദ്ധത്തിന് തയ്യാറെടുത്ത് അമേരിക്ക: ഉത്തര കൊറിയക്ക് മേല്‍ ഉപരോധം ശക്തമാക്കി

#

(22-09-17) : ഉത്തരകൊറിയക്ക് മേല്‍ കടുത്ത ഉപരോധങ്ങളേര്‍പ്പെടുത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ആണവ - ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന ഉത്തരകൊറിയയുടെ നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അമേരിക്ക യുദ്ധ പ്രതീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നെതെന്ന് നേരത്തെ ഉത്തര കൊറിയ ആരോപിച്ചിരുന്നു.

ഉത്തരകൊറിയക്ക് മേല്‍ സാമ്പത്തിക ഉപരോധമടക്കമുള്ള കടുത്ത നിലപാടുകള്‍ ഉള്‍ക്കൊള്ളുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ആണവ - ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയയുടെ ഈ മേഖലയിലെ വികസനം ലോക സമാധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ഉത്തരകൊറിയയുടെ ഈ മേഖലയിലുള്ള വികസനം തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഉത്തരവില്‍ ഒപ്പുവെച്ചതെന്നും ട്രംപ് അറിയിച്ചു.

ആണവപരീക്ഷണമായും ബാലിസ്റ്റിക് മിസൈല്‍ പറത്തിയും നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന ഉത്തരകൊറിയക്ക് മേല്‍ ഐക്യ രാഷ്ട്ര സഭ നേരത്തെ ഉപരോധം ശക്തമാക്കിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്.

സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവന്‍ വെച്ചാണ് ഉത്തരകൊറിയ കളിക്കുന്നത്. പുതിയ ഉപരോധം ഉത്തരകൊറിയയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നാണ്. നിര്‍മ്മാണ മേഖല, മത്സ്യബന്ധനം ,വിവര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളെയെല്ലാം ഈ ഉപരോധം പ്രതികൂലമായി ബാധിക്കും. ഉത്തരകൊറിയ എന്ന രാജ്യത്തെ മാത്രം ലക്ഷ്യമാക്കിയുള്ള ഉപരോധമാണിതെന്നും ട്രംപ് പറഞ്ഞു. ഉത്തരകൊറിയയുമായി ഏറെ വ്യാപാര ബന്ധമുള്ള ചൈനയോടും സഹകരണം അവസാനിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു. നിലപാട് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ ഉത്തരകൊറിയയെ പൂര്‍ണമായി തകര്‍ക്കുമെന്ന് ഐക്യരാഷ്ട്രസഭാ സമ്മേളന വേദിയിലെ പ്രസംഗത്തിനിടെ ട്രംപ് വ്യക്തമാക്കിയിരുന്നു.