നൂറു ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് കമൽഹാസൻ

#

ചെന്നൈ (22-09-17) : തമിഴ്‌നാട്ടിൽ അടുത്ത 100 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടന്നാൽ മത്സരരംഗത്ത് താനും ഉണ്ടാകുമെന്ന് കമൽഹാസൻ. നിലവിലെ രാഷ്ട്രീയപാർട്ടികളുമായി സഖ്യത്തിലേർപ്പെടാൻ താത്പര്യമില്ലെന്ന് പറഞ്ഞ കമൽഹാസൻ രാഷ്ട്രീയത്തിൽ തനിച്ചു നിൽക്കണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും തുറന്നുപറഞ്ഞു ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് കമൽ നിലപാട് വ്യക്തമാക്കിയത്.

അണ്ണാ ഡി.എം.കെയിലെ നിലവിലെ സ്ഥിതിഗതികളിൽ ജനങ്ങൾ അസംതൃപ്തരാണെന്നു പറഞ്ഞ കമൽ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ച പെൺകുട്ടിയുടെ അവസ്ഥയിലാണ് തമിഴ്ജനത. ഇതിൽ നിന്ന് രക്ഷപെടാൻ അവർ ആഗ്രഹിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടന്നാൽ ഉറപ്പായും തൻ മത്സര രംഗത്ത് ഉണ്ടാകും.

രജനീകാന്തുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും കമൽ വെളിപ്പെടുത്തി. ഞങ്ങൾ വർഷങ്ങളായി ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ഇപ്പോൾ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചും ചിന്തിക്കുന്നു. ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ ലക്ഷ്യമാണുള്ളത്. അഴിമതിക്കെതിരായ പോരാട്ടം. അതിൽ ഞങ്ങൾ രണ്ടുപേരും വ്യത്യസ്ത വഴികൾ തെരഞ്ഞെടുക്കുന്നു എന്നേയുള്ളു. കമൽ വ്യക്തമാക്കി. സിനിമയിൽ ഞങ്ങൾ പരസ്പരം മത്സരിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തിൽ മത്സരമില്ല മറിച്ച് നല്ലൊരു മാതൃക മുന്നോട്ടുവക്കാനാണ് ശ്രമിക്കുക എന്നും കമൽഹാസ്സൻ പറഞ്ഞു.

ജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം സജീവ ചർച്ചയിൽ നിന്നിരുന്ന സമയത്താണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കമൽ ഹാസ്സനും വെളിപ്പെടുത്തൽ നടത്തിയത്. തമിഴ്‌നാട്ടിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളിൽ ശക്തമായ പ്രതികരണങ്ങൾ നടത്തിയ കമൽഹാസ്സൻ അണ്ണാ ഡി.എം.കെ, ഡി.എം.കെ പാർട്ടികെളുടെ നിലപാടുകളെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവേശനം ചർച്ചകളിൽ നിറയുമ്പോഴും ഇതുസംബന്ധിച്ച് വെളിപ്പെടുത്തലുകൾ കമൽഹാസ്സനിൽനിന്ന് ഉണ്ടാകുന്നത് ഇതാദ്യമായാണ്. അടുത്തിടെ കേരളത്തിൽ എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി കേജരിവാൾ ചെന്നൈയിലെ കമൽഹാസ്സന്റെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു.