ഹിന്ദു,ഹിന്ദി, ഹിന്ദുസ്ഥാൻ അജണ്ട നടപ്പാക്കാൻ കേന്ദ്രം കൂട്ടുനിൽക്കുന്നു : പിണറായി

#

ചെന്നൈ (22-09-17) : വിവിധ മതവിശ്വാസവും സംസ്കാരവും നിലനിൽക്കുന്ന രാജ്യത്തെ ഹിന്ദു,ഹിന്ദി,ഹിന്ദുസ്ഥാൻ എന്ന ഒറ്റ സംസ്കാരത്തിലേക്ക് കൊണ്ടുവരുക എന്ന ആർ.എസ്.എസ് അജണ്ടയാണ് കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നൈയിൽ വിടുതലൈ ചിരുത്തൈഗൾ കക്ഷി സംഘടിപ്പിച്ച സ്റ്റേറ്റ് ഓട്ടോണമി കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പിണറായി.

രാജ്യത്തെ ദുർബലപ്പെടുത്താനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഫെഡറൽ സംവിധാനത്തിൽ കൈകടത്താൻ ശ്രമിക്കുന്നത്. ഇന്ത്യ വിവിധ മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്നതാണെന്ന് അംഗീകരിക്കാൻ ആർ.എസ്.എസ് തയ്യാറാകുന്നില്ല. അതിനുപകരം തങ്ങൾ നിർദ്ദേശിക്കുന്ന ഒറ്റ സംസ്കാരം അടിച്ചേൽപ്പിക്കാനാണ് ശ്രമം. ഇതിനു എല്ലാ വിധ പിന്തുണയും നൽകുകയാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ എന്നും പിണറായി കുറ്റപ്പെടുത്തി.

ഭരണഘടനയെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് രാജ്യത്തെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത് എന്നും പിണറായി പറഞ്ഞു.