മോദിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു

#

(22-09-17) :  ഒരു മഹാന്ധകാരം പോലെ ഇന്ത്യയുടെ ജനാധിപത്യ-മതേതര ചക്രവാളത്തെ ഇരുട്ടിലാഴ്ത്തിയ മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു. മന്‍മോഹന്‍ സിങ് ഗവണ്‍മെന്റിന്റെ കാലത്തുണ്ടായ ചില അഴിമതികളെ പര്‍വതീകരിച്ചുകൊണ്ട്  ഇന്ത്യ അഴിമതിക്കാര്‍ക്കു കീഴ്‌പ്പെട്ടിരിക്കുന്നുവെന്നുള്ള പ്രചരണം, നാഗരിക മധ്യവര്‍ഗങ്ങളെ ഗണ്യമായി സ്വാധീനിച്ചിരുന്നു. അഴിമതിയ്‌ക്കെതിരെ അണ്ണാഹസാരെ നടത്തിയ സമരത്തിന് ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കിയ "രണ്ടാം സ്വാതന്ത്ര്യസമര"പരിവേഷവും ഈ മധ്യവര്‍ഗത്തിന്റെ ആശങ്കകള്‍ക്ക് തീ കൊളുത്തിയിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദി രംഗത്തെത്തിയതോടെ, അഴിമതിയ്‌ക്കെതിരായ കുരിശുയുദ്ധത്തിന്റെ നായക പരിവേഷമാണ്, നഗര കേന്ദ്രിത മാധ്യമങ്ങള്‍ മോദിയ്ക്ക് നല്‍കിയത്. ക്രമേണ, അഴിമതിയ്‌ക്കെതിരെ മധ്യവര്‍ഗങ്ങളില്‍ രൂപപ്പെട്ടുകൊണ്ടിരുന്ന ഭയാശങ്കകളെ, ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാനും, ഇന്ത്യന്‍ ജനതയുടെ ആശങ്കയാക്കി പരിവര്‍ത്തിപ്പിക്കാനും ബി.ജെ.പി-മാധ്യമ അവിശുദ്ധ ശൃംഖലയ്ക്കു കഴിഞ്ഞു.

കൃത്രിമമായി നിര്‍മിക്കുകയും ജനകീയമാക്കുകയും ചെയ്ത അഴിമതിയെക്കുറിച്ചുള്ള national panic ആണ് 2014 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജയിപ്പിച്ചതും മോദിയെ പ്രധാനമന്ത്രിയാക്കിയതും. മോദിയുടെ ആരാധകരായി മാറിയ ആളുകള്‍ മോദിയില്‍ നിന്ന് പ്രതീക്ഷിച്ചത്, "panic" ല്‍ തങ്ങളെ സമാധാനപരമായി മോചിപ്പിക്കുന്ന ഒരു "healing" ആയിരുന്നു. ഒപ്പം, "അഴിമതിയില്‍ മുങ്ങിയ" ഇന്ത്യയെ മോചിപ്പിക്കുകയും "ശക്തമായൊരു ഇന്ത്യ" സൃഷ്ടിക്കുകായും ചെയ്യുമെന്നും അവര്‍ പ്രതീക്ഷിച്ചു. തങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍, ശക്തനായ ഒരു നായകന്‍ വേണമെന്ന് അവര്‍ ആഗ്രഹിച്ചു. ഈ ആഗ്രഹസഫലീകരണത്തിന്റെ പ്രതിരൂപമായി അവര്‍ മോദിയെ കാണുകയും ചെയ്തു. മോദി ഭക്തരായ ബഹുജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്തുയരുന്നുവെന്ന പ്രതീതി സൃഷ്ടിച്ചുവെങ്കിലും മോദി എന്ന ജനപ്രിയബിംബം വെറുമൊരു പാഴ്ബിംബമാണെന്ന ദുഃഖകരമായ യാഥാര്‍ത്ഥ്യത്തിലേക്ക് ക്രമേണ അവര്‍ പതിക്കുകയായിരുന്നു.

മാധ്യമങ്ങളുമായുള്ള മോദിയുടെ ബന്ധത്തെ- മാധ്യമങ്ങളെ പാടെ അകറ്റി നിര്‍ത്തുന്ന നയത്തെ-ആദ്യമൊന്നും മോദി ഭക്തര്‍ സംശയിച്ചിരുന്നില്ല. എന്നാല്‍, ചെറിയ കാലയളവിനുള്ളില്‍ അനവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച "മോദി പ്രഭാവം" ഇന്ത്യന്‍ പത്രങ്ങള്‍ ആഘോഷിച്ചെങ്കിലും, വിദേശമാധ്യമപ്രവര്‍ത്തകരുമായി സംവാദത്തിലേര്‍പ്പെടുകയും അവരുടെ തല്‍ക്ഷണ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും ചെയ്യുന്ന മോദിയുടെ ചിത്രങ്ങളും വാര്‍ത്തകളും മോദി ഭക്തര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നുവരെ അതു ലഭിച്ചിട്ടില്ല. "അന്തര്‍മുഖനും", "ദുര്‍ബലനും" എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച മന്‍മോഹന്‍സിങ് തന്റെ വിദേശസന്ദര്‍ശനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുമായി സജീവമായ സംവാദം നടത്തിയിരുന്നു. ഇന്ത്യയെ സംബന്ധിച്ചുമാത്രമല്ല,  ലോക സമ്പദ്ഘടനയെക്കുറിച്ചുള്ള ഏതു ചോദ്യത്തിനും യുക്തി ഭദ്രവും അപഗ്രഥനാത്മകവുമായ വിശദീകരണങ്ങള്‍ നല്‍കുന്ന മന്‍മോഹന്‍സിങ്ങിന്റെ ചിത്രം മനസ്സിലുള്ള മോദി ഭക്തര്‍ക്കു പോലും മോദിയുടെ ഈ മൗനം സംശയങ്ങള്‍ക്കിട നല്‍കാന്‍ തുടങ്ങി. വലിയ ആവേശത്തോടെ തങ്ങള്‍ തിരഞ്ഞെടുക്കുകയും ഇന്ത്യയുടെ "നവ മിശിഹാ"പദവി നല്‍കി ആരാധിക്കുകയും ചെയ്ത പ്രധാനമന്ത്രി പത്രക്കാരെ അകറ്റി നിര്‍ത്തുന്നതെന്തുകൊണ്ട് എന്ന ചോദ്യം ഇന്ന് മോദി ഭക്തര്‍ക്കിടയില്‍ വ്യാപകമാണ്. രാജ്യത്തിനു വേണ്ടി രാപകലില്ലാതെ കഠിനാദ്ധ്വാനം ചെയ്യുന്ന മോദിയ്ക്ക് അതിനുള്ള സമയമില്ലായിരിക്കുമെന്ന് ആദ്യമൊക്കെ അവര്‍ സ്വയം ആശ്വസിച്ചു. പക്ഷേ, മൂന്നുവര്‍ഷം പിന്നിട്ടിട്ടും, പത്രക്കാരില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രധാനമന്ത്രിയുടെ രീതി അത്ര നിഷ്‌കളങ്കമല്ലെന്ന നിരാശയാണ് മോദി ഭക്തരെ ബാധിച്ചുകൊണ്ടിരിക്കുന്നത്. "പൊളിറ്റിക്കല്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദമുള്ള മോദി" പത്രക്കാരെ അഭിമുഖീകരിക്കാന്‍ എന്തിനു ഭയക്കണം എന്ന ചോദ്യം ഇന്ന് വ്യാപകമായിട്ടുണ്ട്. ഗുജറാത്തി ഭാഷയില്‍ തട്ടുപൊളിപ്പന്‍ പ്രസംഗം നടത്തുന്ന മോദിയെ വലിയൊരു പ്രഭാഷകനായിട്ടാണ് ആളുകള്‍ കരുതിയത്. വിദേശരാജ്യങ്ങളില്‍ മോദി നടത്തിയ പ്രസംഗങ്ങളെക്കുറിച്ച് ഇന്ത്യന്‍ പത്രങ്ങള്‍ പ്രചരിപ്പിച്ച കഥകളെ ആദ്യമൊന്നും മോദി ഭക്തര്‍ സംശയിച്ചിരുന്നില്ല. എന്നാല്‍, സാമൂഹ്യമാധ്യമങ്ങളിലൂടെയും വിദേശ മാധ്യമങ്ങളിലൂടെയും പുറത്തുവന്ന വാര്‍ത്തകള്‍, മോദി ഭക്തരെ നിരാശപ്പെടുത്തുന്നതായിരുന്നു. ഗുജറാത്തി ലിപിയിലെഴുതിയ ഇംഗ്ലീഷ് പ്രസംഗമാണ് മോദി വായിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മോദി ആരാധകരായ വമ്പിച്ച ജനവിഭാഗങ്ങളില്‍ നിരാശ മാത്രമല്ല, വലിയ അപകര്‍ഷതയുമാണുണ്ടാക്കിയത്. പുതിയ ഇന്ത്യയുടെ മിശിഹയായി തങ്ങള്‍ വാഴ്ത്തിയ ഒരു മനുഷ്യന്‍, വിദേശ രാജ്യങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍, ഇന്ത്യാക്കാരെപ്പറ്റിയുണ്ടാക്കിയ ഇമേജ് മോദി ആരാധകര്‍ക്കുപോലും ലജ്ജയുളവാക്കിത്തുടങ്ങിയിരിക്കുന്നു. വിദ്യാശൂന്യനായ ഒരാളെയാണല്ലോ വലിയ ആരവത്തോടെ തങ്ങള്‍ പ്രധാനമന്ത്രിയാക്കുകയും ആരാധനാ ബിംബമാക്കുകയും ചെയ്തതെന്നോര്‍ത്ത് മോദി ഭക്തര്‍ അപകര്‍ഷത കൊണ്ടും കുറ്റബോധം കൊണ്ടും തല കുനിക്കാന്‍ തുടങ്ങിയിരിക്കുന്നു.

മോദി പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള നഗ്നമായ വിടവാണ്, ഭക്തരെ നിരാശരാക്കുന്ന മറ്റൊരു വസ്തുത. നോട്ടസാധുവാക്കല്‍ കള്ളപ്പണത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്ഘടനയെ രക്ഷിക്കാനാണെന്ന അവകാശവാദം ഗ്രാമ-നഗരവാസികളായ വലിയൊരുവിഭാഗം ജനങ്ങള്‍ വിശ്വസിച്ചിരുന്നു. 50 ദിവസം കൊണ്ട് നോട്ടസാധുവാക്കലിന്റെ പ്രയോജനം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, "എന്നെ പരസ്യമായി വിചാരണ ചെയ്‌തോളു" എന്ന പ്രസ്താവന മോദിയുടെ "ഉദ്ദേശശുദ്ധി"യുടെ ലക്ഷണമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. നോട്ടസാധുവാക്കല്‍ മൂലം സമ്പദ്ഘടനയുടെ നട്ടെല്ലൊടിയുമെന്നും വ്യവസായ മേഖല തകരുമെന്നും തൊഴിലില്ലായ്മ വര്‍ദ്ധിക്കുമെന്നുമുള്ള വിമര്‍ശനങ്ങളെ ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല. കാരണം, മോദിയില്‍ നിന്ന് ജനങ്ങള്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. നോട്ടസാധുവാക്കല്‍ കൊണ്ട് അത്ഭുതങ്ങളുണ്ടായില്ലെങ്കില്‍, വിചാരണ നേരിടാന്‍ തയ്യാര്‍ എന്ന പ്രസ്താവനയില്‍ വിശ്വസിച്ച ബഹുജനങ്ങളുടെ മുന്നിലേക്ക് ഒരു കൊള്ളിയാന്‍ പോലെയാണ് റിസര്‍വ് ബാങ്കിന്റെ പ്രസ്താവന വന്നത് നോട്ടസാധുവാക്കല്‍ ഗുണത്തെക്കാളേറെ ദോഷമാണുണ്ടാക്കിയത് എന്ന വിശദീകരണം, മോദി മാജിക്കിനെക്കുറിച്ചുള്ള വിശ്വാസഗോപുരത്തിനു മേല്‍ പതിച്ച ഇടിമിന്നലായിരുന്നു. കള്ളക്കഥകള്‍ കൊണ്ട് നഷ്ടപ്പെടുന്ന വിശ്വാസം വീണ്ടെടുക്കാന്‍ മോദിയും ജെയ്റ്റ്‌ലിയും നടത്തിയ ശ്രമങ്ങളെ ജനങ്ങള്‍ പഴയതുപോലെ വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ വിശദീകരണം-ഇന്ത്യ വലിയ സാമ്പത്തിക മാന്ദ്യത്തിലാണെന്ന വിശദീകരണം-വന്നതോടെ, കഴിഞ്ഞ മൂന്നു വര്‍ഷമായി ബി.ജെ.പിയും മോദിയും തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന ദുരന്തസത്യത്തെ അംഗീകരിക്കാതിരിക്കാന്‍ കടുത്ത മോദി ഭക്തര്‍ക്കു പോലും കഴിയാതെ വന്നിരിക്കുന്നു. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്, സാമ്പത്തിക മാന്ദ്യമുണ്ട് എന്ന കാര്യം സമ്മതിക്കാന്‍ ജെയ്റ്റ്‌ലി ഇക്കഴിഞ്ഞ ദിവസം തയ്യാറായത്.

തങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ് ഇന്നു വ്യാപകമാവുകയാണ്. ജെ.എന്‍.യുവിലും ഡല്‍ഹി സര്‍വകലാശാലയിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ എ.ബി.വി.പി എന്ന സംഘടന തുടച്ചുമാറ്റപ്പെട്ടത് ഇതിന്റെ സൂചനയാണ് "തങ്ങള്‍ക്കു പറ്റിയ വലിയൊരു തെറ്റാണ്, മോദി"യെന്ന വികാരം ഇന്ന് ഒരു കാട്ടുതീ പോലെ പരന്നു തുടങ്ങിയിരിക്കുന്നു. മോദിക്ക് ബദലില്ല എന്ന നിരാശയും ഒരു പരിധിവരെ മോദി ഭക്തരെ മോദിയില്‍ അഭയം കണ്ടെത്താന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ദിവസങ്ങളില്‍, അമേരിക്കയിലെ ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗങ്ങളും തല്‍സമയ സംവാദങ്ങളും വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. "നാണം കുണുങ്ങി", "ക്ലീബന്‍", "അപക്വമതി" എന്നിങ്ങനെ പല തരത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ നടത്തിയ വ്യക്തിഹത്യയുടെ ഇരയായിരുന്ന രാഹുല്‍ ഗാന്ധിയില്‍ ധിഷണാശാലിയും പക്വമതിയും സംസ്‌കാരസമ്പന്നനുമായ ഒരു രാഷ്ട്രീയനേതാവുണ്ട് എന്ന യാഥാര്‍ത്ഥ്യം ഹതാശരായിരുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ പ്രതീക്ഷയുളവാക്കിയിട്ടുണ്ട്.

മോദിയിലൂടെ ശക്തമായൊരു ഇന്ത്യയെ സ്വപ്നം കണ്ട ബഹുജനങ്ങളെ കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ എതിരേറ്റത് നട്ടെല്ലൊടിഞ്ഞ, മാന്ദ്യം ബാധിച്ച, കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടിമരിക്കുന്ന, കര്‍ഷകര്‍ കടംകേറി ആത്മഹത്യ ചെയ്യുന്ന, ഗൗരി ലങ്കേഷിനു നേരെ വെടിയുണ്ട ഉതിര്‍ക്കുന്ന, ഒരിന്ത്യയാണ്. ശക്തമായ ഇന്ത്യയെ ധീരമായി നയിക്കുമെന്ന് പ്രതീക്ഷിച്ച മോദി നിരക്ഷരനും സംസ്‌കാര ശൂന്യനും കളവ് പറയാനും പറ്റിക്കാനും യാതൊരു മനസ്സാക്ഷിക്കുത്തില്ലാത്തവനുമാണെന്ന സത്യം ജനങ്ങള്‍ക്കു മുമ്പില്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. വഞ്ചിക്കപ്പെട്ടതിന്റെ ഒടുങ്ങാത്ത രോഷവും ഒരു സംസ്‌കാരശൂന്യനെ പ്രധാനമന്ത്രിയാക്കിയതിന്റെ കുറ്റബോധവും ഇന്ത്യയുടെ ആകാശങ്ങളില്‍ കാര്‍മേഘങ്ങളായി ഉരുണ്ടുകൂടാന്‍ തുടങ്ങിയിട്ടുണ്ട്. സംഘപരിവാറിനെയും മോദി- അമിത്ഷാ ദൂഷിത വലയത്തെയും കരിച്ചു കളയുന്ന ഒരു വന്‍ തീമഴയുടെ ബീജങ്ങളെയാണ് ഈ കാര്‍മേഘങ്ങള്‍ അന്തര്‍വഹിക്കുന്നത്. മോദിയുടെ ദിനങ്ങള്‍ എണ്ണപ്പെടുക തന്നെ ചെയ്തിരിക്കുന്നു. വലിയ വലിയ ഉയരത്തിലേക്കാണ്, വഞ്ചനയുടെ ഏണിപ്പടിയിലൂടെ മോദി കയറിപ്പോയത്. ഉയരും കൂടുന്തോറും വീഴ്ചയുടെ ആഘാതവും ഗുരുതരമായിരിക്കും. ആ വീഴ്ചയെ, ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മതേതര ജനാധിപത്യ ഇന്ത്യയുടെ മഹാഘോഷമാക്കാന്‍ നാമെല്ലാവരും തയ്യാറാവുകയാണ് വേണ്ടത്.