അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍ മിസൈല്‍ വിക്ഷേപിച്ചു

#

ടെഹ്‌റാന്‍ (23-09-17) : അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭീഷണികള്‍ക്ക് ഒരു വിലയും നല്‍കാതെ ഇറാന്‍ വീണ്ടും വിജയകരമായ മിസൈല്‍ പരീക്ഷണം നടത്തി. 2000 കി.മീറ്റര്‍ റെയ്ഞ്ചുള്ള മധ്യദൂര മിസൈലാണ് ഇറാന്‍ വിക്ഷേപിച്ചത്. 1980 കളിലെ ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ വാര്‍ഷികച്ചടങ്ങുകളുടെ ഭാഗമായുള്ള ഒരു സൈനിക പരേഡിലാണ് വിവരം പുറത്തുവിട്ടത്. മിസൈല്‍ വിക്ഷേപണം ഔദ്യോഗിക ടെലിവിഷന്‍ സംപ്രേഷണം ചെയ്തിരുന്നു.

ഇറാനുമായുള്ള ആണവ കരാര്‍ അവസാനിപ്പിക്കുമെന്നും പേര്‍ഷ്യന്‍ ഗള്‍ഫില്‍ അമേരിക്കന്‍ നാവിക യാനങ്ങളെ പ്രകോപിപ്പിച്ചാല്‍ ഇറാനിയന്‍ ബോട്ടുകള്‍ വെടിവെച്ചു തകര്‍ക്കും എന്നും മറ്റുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികളെ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി പുച്ഛിച്ചു തള്ളി. ട്രംപിന്റെ പരാമര്‍ശങ്ങള്‍ യാഥാര്‍ത്ഥ്യമായി ബന്ധമില്ലാത്തവയും നിലവാരമില്ലാത്തവയും വിഡ്ഢിത്തങ്ങളുമാണെന്ന് ഖമേനി പരിഹസിച്ചു. നിരാശയില്‍ നിന്നും ദുര്‍ബ്ബലതയില്‍ നിന്നുമാണ് ഇത്തരം പരാമര്‍ശങ്ങളുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.