5 ദിവസത്തെ സന്ദര്‍ശനത്തിന് ഷാര്‍ജ ഭരണാധികാരി നാളെ കേരളത്തില്‍

#

തിരുവനന്തപുരം (23-09-17) : 5 ദിവസത്തെ സന്ദര്‍ശനത്തിനായി ഷാര്‍ജാ ഭരണാധികാരി ഡോ.ഷേക്ക് സുല്‍ത്താന്‍ ബില്‍ മുഹമ്മദ് അല്‍ കാസിമി നാളെ കേരളത്തിലെത്തും. നാളെ വൈകിട്ട് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം കോവളം റാവിസ് ഹോട്ടലില്‍ താമസിക്കും. 25 ന് രാവിലെ 11 മണിക്ക് രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തും. 11.50 ന് സംസ്ഥാന മന്ത്രിമാരുമായി രാജ്ഭവനില്‍ ആശയവിനിമയം നടത്തുന്ന ഷാര്‍ജ ഭരണാധികാരി അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കും. 26 ന് രാവിലെ ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. 11 മണിക്ക് രാജ്ഭവനില്‍ വെച്ച് കോഴിക്കോട് സര്‍വ്വകലാശാലയുടെ ഓണററി ഡിലിറ്റ് സ്വീകരിക്കും. അന്ന് വൈകിട്ട് 5 ന് ഹോട്ടല്‍ രാജ് വിവാന്റെയില്‍ "സുല്‍ത്താനും ആര്‍ക്കൈവ്‌സും" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 27 ന് കൊച്ചിയിലേക്ക് പോയി അന്നുതന്നെ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന സുല്‍ത്താന്‍ 28 ന് തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്ക് മടങ്ങിപ്പോകും.