തോമസ് ചാണ്ടി പുറത്തേക്ക് ; പകരം രാജു എബ്രഹാമോ സുരേഷ് കുറുപ്പോ?

#

(25-09-17) : തോമസ് ചാണ്ടിക്ക് മന്ത്രിസഭയില്‍ നിന്ന് പുറത്തേക്കു പോകേണ്ടി വരുമെന്ന കാര്യം ഏതാണ്ട് തീര്‍ച്ചയായിരിക്കുന്നു. തോമസ്ചാണ്ടിയുടെ ഭൂമിതട്ടിപ്പുകളുടെയും ക്രമക്കേടുകളുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സി.പി.ഐയും ഉറച്ച് നില്‍ക്കുകയും ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ അന്വേഷണവുമായി കൃത്യമായി മുന്നോട്ടു പോകുകയും ചെയ്യുന്നത് ചാണ്ടിയുടെ നില ശരിക്കും പരുങ്ങലിലാക്കിയിരിക്കുന്നു. തോമസ് ചാണ്ടിയുടെ രാജി ഉണ്ടാകുമോ എന്നതല്ല, എപ്പോള്‍ ഉണ്ടാകുമെന്നതു മാത്രമാണ് ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

തോമസ് ചാണ്ടി പുറത്തു പോകുന്നതോടെ അദ്ദേഹത്തിന്റെ വകുപ്പ് നിലവിലുള്ള ഏതെങ്കിലും മന്ത്രിയെ ഏല്‍പ്പിക്കണോ, മന്ത്രിസഭയില്‍ ഒരാളെക്കൂടി എടുക്കണോ എന്ന കാര്യത്തില്‍ ഒരു ആലോചനയും ഇതുവരെ നടന്നിട്ടില്ല. എങ്കിലും സി.പി.എമ്മില്‍ നിന്ന് ഒരാള്‍ മന്ത്രിയാകണം എന്ന ആവശ്യം പാര്‍ട്ടിയില്‍ സജീവമാണ്. മന്ത്രിസ്ഥാനത്തേക്ക് പുതുതായി വരേണ്ടയാള്‍ക്കു വേണ്ടിയുള്ള ചരടുവലികളും തുടങ്ങിക്കഴിഞ്ഞു. പുതിയ മന്ത്രിയെ തെരഞ്ഞെടുക്കുമ്പോള്‍ മന്ത്രിസഭയിലെ സി.പി.എം പ്രാതിനിധ്യത്തില്‍ നിലവിലുള്ള പ്രാദേശിക-സാമുദായിക അസന്തുലിതാവസ്ഥ പരിഹരിക്കാന്‍  ശ്രമിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്.

പിണറായി വിജയന്‍ മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ മധ്യകേരളത്തിലെ 4 ജില്ലകള്‍ക്ക് പ്രാതിനിധ്യമില്ലായിരുന്നു. ഇ.പി.ജയരാജന്‍ രാജിവെച്ച ഒഴിവില്‍ എം.എം.മണിയെ മന്ത്രിസഭയിലെടുത്തതോടെ ഇടുക്കി ജില്ലയ്ക്ക് പ്രാതിനിധ്യമായെങ്കിലും പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകള്‍ക്ക് പ്രാതിനിധ്യമില്ലാതെ തുടര്‍ന്നു. സാമൂദായിക അടിസ്ഥാനത്തില്‍ നോക്കിയാല്‍, മന്ത്രിസഭയില്‍ ഒട്ടും പ്രാധാന്യമില്ലാത്ത വിഭാഗം സുറിയാനി ക്രിസ്ത്യാനികളാണ്. ഇ.പി.ജയരാജന് പകരം എം.എം.മണി വന്നതോടെ ഹിന്ദുക്കളിലെ മുന്നോക്ക വിഭാഗത്തിന്റെ പ്രാതിനിധ്യത്തിലും ഇടിവുണ്ടായി. ഈ അസന്തുലിതാവസ്ഥയ്ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാന്‍ തോമസ് ചാണ്ടിക്ക്  പകരം എത്തുന്ന മന്ത്രിയിലൂടെ കഴിയണമെന്ന ആവശ്യം അവഗണിക്കാന്‍ സി.പി.എമ്മിന് കഴിയില്ല.

രാജു എബ്രഹാമിനും സുരേഷ് കുറുപ്പിനും വേണ്ടി പാര്‍ട്ടിയില്‍ ശക്തമായ ചരടുവലികള്‍ നടക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയുടെയും സുറിയാനി ക്രിസ്ത്യാനികളുടെയും പ്രാതിനിധ്യം ഉണ്ടെന്നതാണ് രാജു എബ്രഹാമിന് വേണ്ടി വാദിക്കുന്നവര്‍ മുന്നോട്ടു വെയ്ക്കുന്ന ന്യായം. കോട്ടയം ജില്ലയുടെ പ്രാതിനിധ്യത്തോടൊപ്പം എന്‍.എസ്.എസ്സിന് താല്പര്യമുള്ളയാള്‍ എന്ന പരിഗണനയും സുരേഷ് കുറുപ്പിന് അനുകൂലമായ ഘടകങ്ങളാണ്. പാര്‍ട്ടിക്കു പുറത്തുള്ള ശക്തമായ ലോബികള്‍ രാജു എബ്രഹാമിനു വേണ്ടി സജീവമായി രംഗത്തുണ്ട്. സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ പ്രബലരായ പലതരം ശക്തികളുമായി അടുത്ത ബന്ധമുള്ളയാളാണ് രാജു എബ്രഹാം. നായര്‍ സമുദായത്തിന് ഈ മന്ത്രിസഭയില്‍ കാര്യമായ പ്രാതിനിധ്യമില്ലെന്നും സമുദായത്തിന്റെ പരാതികള്‍ പരിഹരിക്കാനുള്ള നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണ് സുരേഷ് കുറുപ്പിന്റെ മന്ത്രിസ്ഥാനമെന്നും കുറുപ്പിനു വേണ്ടി വാദിക്കുന്നവര്‍ പറയുന്നു. സംഘപരിവാര്‍ ശക്തികള്‍ മുന്നോക്ക സമുദായങ്ങള്‍ക്കിടയില്‍ പിടി മുറുക്കുന്നതിന് തടയിടാന്‍ സുരേഷ് കുറുപ്പിന്റെ മന്ത്രിസ്ഥാനത്തിലൂടെ കഴിയുമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. സുറിയാനി ക്രിസ്ത്യാനികളെ ഉന്നംവെച്ച് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയ സംഘപരിവാറിന്റെ കടന്നുകയറ്റത്തിന് തടയിടാന്‍ രാജു എബ്രഹാമിനെ മന്ത്രിയാക്കിയാല്‍ കഴിയുമെന്നാണ് രാജു എബ്രഹാമിനെ പിന്താങ്ങുന്നവര്‍ വാദിക്കുന്നത്. എന്തായാലും തോമസ് ചാണ്ടിക്കു പകരം സി.പി.എമ്മില്‍ നിന്ന് ഒരാള്‍ മന്ത്രിയാകുകയാണെങ്കില്‍ അത് ഇവരില്‍ ഒരാളായിരിക്കുമെന്ന കാര്യം ഏറെക്കുറേ ഉറപ്പാണ്.