വിജിലൻസ് ഡയറക്ടറെ നിയമിക്കാത്തതിന് സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം

#

കൊച്ചി (25-09-17) : വിജിലൻസ് ഡയറക്ടറെ നിയമിക്കാത്ത സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാനത്ത് 12 ഡി.ജി.പി മാർ എന്തിനെന്നു ചോദിച്ച കോടതി ഇത്രയും ഡി.ജി.പിമാർ ഉണ്ടായിരുന്നിട്ടും വിജിലൻസിന് ഡി.ജി.പിയെ നിയമിക്കാത്തത് എന്തെന്നും ചോദിച്ചു. ഇത്രയും ഡി.ജി.പിമാരെ നിയമിക്കുന്നതിന് കേന്ദ്ര ചട്ടങ്ങൾ അനുമതി നല്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചതിനെ ചോദ്യംചെയ്തു സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം.

രണ്ടു കേഡർ തസ്തികയും എക്സ്‌കേഡർ തസ്തികയും ഉൾപ്പെടെ നാലു ഡി.ജി.പി മാരാണ് സംസ്ഥാനത്ത് ഉള്ളതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇവർക്ക് മാത്രമാണ് ഡി.ജി.പി റാങ്കിലുള്ള ശമ്പളം നൽകുന്നതെന്നും ശേഷിക്കുന്നവർക്ക് എ ഡി ജി പി റാങ്കിലുള്ള ശമ്പളമാണ് നൽകുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ടോമിൻ തച്ചങ്കരി, ആർ.ശ്രീലേഖ,അരുൺകുമാർ സിൻഹ, സുദേഷ്കുമാർ എന്നീ എ.ഡി.ജി.പി മാർക്ക് ഡി.ജി.പി റാങ്ക് നൽകുന്നതിന് സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.