ഉപരോധം വ്യാപാരമേഖലയെ ബാധിച്ചിട്ടില്ലെന്ന് ഖത്തര്‍

#

ദോഹ (26-09-17) : രാജ്യത്തിനെതിരെ നടക്കുന്ന ഉപരോധങ്ങള്‍ വ്യാപാരമേഖലയെ ബാധിച്ചിട്ടില്ലെന്ന് ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് വ്യക്തമാക്കി. ഉപരോധ രാജ്യങ്ങളുമായുള്ള വ്യാവസായിക കൈമാറ്റങ്ങളുടെ തോത് 6.7 ശതമാനം മാത്രമായിരുന്നെന്നാണ് കണക്ക്. ഇന്ത്യയുള്‍പ്പെടെയുള്ള ഉപരോധമില്ലാത്ത് രാജ്യങ്ങളുമായിട്ടാണ് കൂടുതല്‍ വ്യാവസായിക ബന്ധം നിലനില്‍ക്കുന്നെതെന്നും ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് വ്യക്തമാക്കി.

ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ ഖത്തറിന്റെ പ്രധാന വാണിജ്യ പങ്കാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളുമായി നടക്കുന്ന വ്യാപാരങ്ങളുടെ തോത് വളരെ കുറവാണ്. ആകെ വ്യാപരത്തിന്റെ 6.7 ശതമാനം മാത്രമാണ് ഉപരോധ രാജ്യങ്ങളുമായുള്ള വ്യാപാര വിനിമയത്തിന്റെ തോതെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് അറിയിച്ചു. ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഈ കണക്കുകളടങ്ങിയ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയവരുമായുള്ള വാര്‍ഷിക വരുമാനത്തിന്റെ ആകെത്തുക 6000 കോടി ഡോളറാണെങ്കില്‍ ഉപരോധ രാജ്യങ്ങളുമായി നിലനില്‍ക്കുന്നത് വെറും 400 കോടി ഡോളറിന്റെ വരുമാനം മാത്രമാണ്. ഖത്തറിന് സാമ്പത്തിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് വ്യക്തമായ പദ്ധതിയുണ്ടെന്നും ഖത്തര്‍ ജനത അതിന്റെ നേതൃത്വത്തിനും ഭരണകൂടത്തിനും പിന്തുണ അര്‍പ്പിച്ചു കഴിഞ്ഞുവെന്നും ഓഫീസ് വ്യക്തമാക്കി.