ഷാര്‍ജയിലെ ജയിലുകളിലുള്ള മലയാളികളെ മോചിപ്പിക്കും; കേരളത്തിന് ഷേഖ് സുല്‍ത്താന്റെ ഉറപ്പ്

#

തിരുവനന്തപുരം (26-09-17) : ഷാര്‍ജയില്‍ മൂന്നുവര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ മലയാളികളെ ജയില്‍ മോചിതരാക്കുമെന്ന് ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. മുഖ്യമന്ത്രി പിണറായി വിജയനും ഷാര്‍ജ ഭരണാധികാരിയും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം.

ക്രിമിനല്‍ കേസുകള്‍ ഇല്ലാത്തവരെയാണ് മോചിപ്പിക്കുന്നത്. ജയില്‍ മോചിതരാകുന്നവര്‍ക്ക് അവിടെത്തന്നെ ജോലി ചെയ്യാനുള്ള സാഹചര്യം ലഭ്യമാക്കുമെന്നും ഷാര്‍ജ ഭരണാധികാരി ഡോ.ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉറപ്പു നല്‍കി. സുല്‍ത്താനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്, കാലിക്കറ്റ് സര്‍വ്വകലാശാല സുൽത്താന് ഡിലിറ്റ് നൽകിയ വേദിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് പുരസ്‌കാരം സുല്‍ത്താന്‍ അല്‍ ഖാസിമി ഏറ്റുവാങ്ങി. ഗവര്‍ണര്‍ പി സദാശിവമാണ് ഡി ലിറ്റ് അംഗീകാരം സുല്‍ത്താന് കൈമാറിയത്.

അഞ്ച് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ഖാസിമിയോട് കേളത്തിന്റെ വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വെച്ചിരുന്നു.