ജാബിർ കാരാട്ട് :ചവറു പെറുക്കുന്ന ചരിത്ര വിദ്യാർത്ഥി

#

(26-09-17) : സഹജീവികളുടെ ജീവിത സാഹചര്യങ്ങൾ  മെച്ചപ്പെടുത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ജീവിത സായൂജ്യം കണ്ടെത്തുന്ന ചില മനുഷ്യരുണ്ട്. അത്തരത്തിൽ ഒരാളാണ് ജാബിർ കാരാട്ട് എന്ന കോഴിക്കോട് പുതുക്കുടിക്കാരൻ.  മാലിന്യ സംസ്കരണം ഏറ്റവും വലിയ പ്രശ്നമായിരിക്കുന്ന നമ്മുടെ നാട്ടിൽ അതിനുള്ള പുതുവഴികൾ തേടുന്ന ഡൽഹിയിലെ സാകിർ ഹുസൈൻ കോളെജിലെ ചരിത്ര വിദ്യാർത്ഥിയായ ജാബിർ,  ഭാവിയിൽ ഭീകരമായി മാറാനിടയുള്ള പ്രശ്നത്തിന് തന്റേതായ  രീതിയിൽ പരിഹാരം കണ്ടെത്തുകയാണ് "ഗ്രീൻ വെർമ്സ" എന്ന തന്റെ സാമൂഹിക സംരംഭത്തിലൂടെ .ജാബിർ കാരാട്ടുമായി പ്രസാദ് കാവുമ്പായി സംസാരിക്കുന്നു.

? എന്താണ് ജാബിറിനെ ഈയൊരു മേഖലയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്

ജീവിതത്തിൽ എന്തെങ്കിലും  അർത്ഥവത്തായ മേഖലയിൽ കാര്യമായ സംഭാവന ചെയ്യണമെന്നും, പൊതു സമൂഹത്തിന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യണമെന്നും പഠനം കഴിഞ്ഞപ്പോൾ തീരുമാനിച്ചിരുന്നു. മാലിന്യ സംസ്ക്കരണം വളരെ കുറച്ച് പേർ മാത്രം ഇടപ്പെട്ട മേഖല ആയതിനാലും, ഇനി നമ്മുടെ രാജ്യം നേരിടാൻ പോകുന്ന വലിയ ഒരു പ്രതിസന്ധി ആയതിനാലും ആണ് ഇത് തിരഞ്ഞെടുത്തത്.

? മാലിന്യ സംസ്കരണ പദ്ധതികൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്

പൊതു ജനങ്ങളുടെ അറിവില്ലായ്മ. ഉദാഹരണത്തിന് എല്ലാ മാലിന്യങ്ങളും ഒരു പോലെയല്ലെന്നും അത് തരം തിരിച്ച് സൂക്ഷിച്ചാൽ മാത്രമേ കൃത്യമായി സംസ്‌കരിക്കാൻ പറ്റൂ എന്നുമുള്ള അടിസ്ഥാനപരമായ കാര്യം പോലും പലർക്കും അറിയില്ല. മാലിന്യം സുസ്ഥിരമായി സംസ്‌കരിക്കേണ്ട ആവശ്യകത അധിക പേർക്കും അറിയില്ല. വലിച്ചെറിയുക, കത്തിക്കുക, കുഴിച്ച് മൂടുക ഇതാണ് മിക്കവരുടെയും രീതി. മാലിന്യം അവരുടെ പരിസരത്ത് നിന്ന് എങ്ങനെയെങ്കിലും ഒഴിവായാൽ മതിയെന്ന മനോഭാവമാണ് കൂടുതലാളുകൾക്കും.

മാലിന്യ സംസ്‌കരണം എന്നത് തീർത്തും ഗവൺമെന്റിന്റെ  ഉത്തരവാദിത്തമാണെന്നും , ഒരു 50 രൂപ മാസം ചിലവാക്കാൻ തയ്യാറാത്തവരാണ് അധിക പേരും.

അടിസ്ഥാന സൗകര്യം ഇല്ലായ്മയും വിദഗ്ദ്ധ തൊഴിലാളികളുടെ ദൗർലഭ്യവും പ്രശ്നങ്ങൾ തന്നെയാണ്. സർക്കാറിന്റെ നിയമ കുരുക്കുകളും, അവരുടെ രീതികളും കാരണം സർക്കാരുമായി ചേർന്ന് പദ്ധതികൾ ചെയ്യാൻ ജനങ്ങൾക്ക് മടിയാണ്. മാലിന്യ സംസ്ക്കരണത്തിൽ പൊതു ജനങ്ങളുടെ വിശ്വാസമില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നം.

? ഈ മാർഗ്ഗം തെരഞ്ഞെടുക്കുമ്പോൾ കുടുംബം എങ്ങനെയാണ് പ്രതികരിച്ചത്

എനിക്ക് ശരിയാണ് എന്ന് തോന്നുന്ന എന്തും ചെയ്യാൻ കുടുംബം എന്റെ കൂടെയുണ്ടായിരുന്നു.

?ഇപ്പോൾ മാലിന്യ സംസ്കരണത്തിന് ജാബിറിന്റെ പദ്ധതികൾ എന്തൊക്കെയാണ് , എങ്ങനെയാണ് അവ കൈകാര്യം ചെയ്യുന്നത്.

ഫ്ലാറ്റുകൾ ,വില്ലകൾ ,വീടുകൾ ,കച്ചവട സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ചു സംസ്കരിച്ചെടുക്കുന്ന വിദ്യയാണ് ഗ്രീൻ വെർമ്സ്  എന്ന സ്വന്തം സ്ഥാപനത്തിലൂടെ ചെയ്യുന്നത് .കോഴിക്കോട് , കാസർഗോഡ് ,മലപ്പുറം എന്നിവിടങ്ങളിലായാണ് ഇപ്പോൾ പ്രവർത്തനം. കാസർഗോഡും കോഴിക്കോടും ഫാക്ടറികൾ പ്രവര്ത്തിക്കുന്നു. മലപ്പുറത്തു പ്രവര്ത്തിക്കുന്നത് വേസ്റ്റ് വേർതിരിക്കുന്ന യൂണിറ്റ് മാത്രമാണ്. വേസ്റ്റ് കുഴിച്ചു മൂടുകയോ കത്തിക്കുകയോ ചെയ്യുന്നില്ല .ഒരു മാസം 220 മെട്രിക് ടൺ വേസ്റ്റ് സംസ്കരിക്കാൻ 60 തൊഴിലാളികൾ ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിനാവുന്നു .

?സ്കൂൾ പാഠ്യപദ്ധതിയിൽ മാലിന്യ സംസ്കരണം ഉൾപ്പെടുത്തുന്നതിനെ എങ്ങനെ കാണുന്നു .

വളരെ നേരത്തേ തന്നെ  ഇതുൾപ്പെടുത്തേണ്ടതായിരുന്നു ,ഇനിയും സമയമുണ്ട്. തിയറി കുറവും പ്രാക്ടിക്കൽ വശങ്ങൾ കൂടുതലായും ആണ് മാലിന്യ സംസ്കരണ കാര്യങ്ങൾ കുട്ടികൾ പഠിക്കേണ്ടത്‌ .

?സർക്കാർ സംവിധാനങ്ങൾ നല്കുന്ന സഹായങ്ങൾ എത്രത്തോളമുണ്ട് , എന്തൊക്കെയാണ് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

സർക്കാരിലെ ചില ഉദ്യോഗസ്ഥർ ഒഴിച്ചാൽ കൂടുതൽ ആളുകളും ഇതിലൊന്നും ഒരു ശ്രദ്ധയും കാട്ടുന്നില്ല.ചുമതലയുള്ള ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നതും മാലിന്യ സംസ്കരണത്തിനു പ്രത്യേകമായ ഒരു നയം രൂപീകരിക്കാത്തതും ഒരു വൈകല്യമാണ് .ഭാവിയിലെ വലിയൊരു പ്രശ്നമാണിതെന്ന ബോധം താഴെക്കിടയിൽ ഇനിയും എത്തിയിട്ടില്ല .

? പുതിയ പദ്ധതികൾ ,ജിവിതം .

കേരളത്തിലുടനീളം സംസ്കരണ ശാലകൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. ഇതിലേക്ക് കടന്നു വരുന്ന യുവസംരംഭകർക്കുള്ള പരിശീലനത്തിനുള്ള സെന്ററുകൾ തുടങ്ങുകയാണ് അടുത്ത ലക്ഷ്യം. യാത്രകളാണ് ജീവിതത്തെ ഉന്മേഷകരമാക്കുന്നത്. ഒരു പാട് കാര്യങ്ങൾ ചെയ്യാനുണ്ട്. .കല്യാണത്തെ  കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ല .