കാസര്‍ഗോഡ് നഗരസഭ മാലിന്യം കത്തിക്കുന്നത് നഗരമധ്യത്തിൽ : ദുരിതത്തിലായി ജനം

#

കാസര്‍കോട് (28-09-17) :  നഗരത്തിലിട്ടു മാലിന്യങ്ങള്‍ കത്തിക്കുന്ന കാസര്‍ഗോഡ് നഗരസഭാ നടപടി വിവാദത്തില്‍. മാലിന്യ സംസ്‌ക്കരണത്തിന് കൃത്യമായ സംവിധാനമില്ലാതായതോടെയാണ് പുതിയ അശാസ്ത്രീയ നടപടിയുമായി നഗരസഭ മുന്നോട്ട് പോകുന്നത്. രാത്രിയാണ് ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നത്.

കാസര്‍കോട് നഗരത്തില്‍ പ്രതിമാസം 150 ടണ്‍ മാലിന്യം ഉല്‍പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവ കേളുഗുഡ്ഡെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലാണ് നാലുവര്‍ഷം മുന്‍പ് വരെ നിക്ഷേപിച്ചിരുന്നത്.  എന്നാല്‍ നാലുവര്‍ഷമായി നാട്ടുകാരുടെ പ്രതിഷേധം മൂലം നഗരസഭക്ക് മാലിന്യവുമായി ഇവിടേക്ക് പ്രവേശനമില്ല. തുറസ്സായ സ്ഥലത്ത് വെച്ച് മാലിന്യങ്ങള്‍ കത്തിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്ങ്ങള്‍ക്ക് കാരണമാകും. നഗര മധ്യത്തില്‍ വെച്ച് നടത്തുന്ന ഈ അശാസ്ത്രീയ  മാലിന്യ സംസ്‌ക്കരണം സമീപ വാസികളുടെയും  യാത്രക്കാരുടെയും മറ്റുള്ള കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെയും ബുദ്ധിമുട്ടിലാക്കുകയാണ്.

കേളുഗുഡ്ഡെ മാലിന്യ നിക്ഷേപ കേന്ദ്രം നിര്‍മ്മിക്കുന്ന ഘട്ടത്തില്‍ പരിസര പ്രദേശങ്ങളില്‍ ആള്‍താമസമുണ്ടായിരുന്നില്ല്. പക്ഷേ ഇപ്പോഴത് ജനനിബിഡമായ പ്രദേശമാണ്. മാലിന്യങ്ങള്‍ കൃത്യമായി സംസ്‌ക്കരിക്കാനുള്ള സൗകര്യങ്ങളില്ലാതിരുന്ന കേന്ദ്രത്തില്‍ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് പ്രശ്‌നങ്ങളുണ്ടാവാന്‍ തുടങ്ങിയ സമയത്താണ് ജനങ്ങള്‍ ഉപരോധം തുടങ്ങിയത്. അതിനുശേഷമാണ് നഗരമധ്യത്തിലിട്ട് നഗരസഭ മാലിന്യം കത്തിച്ചു തുടങ്ങിയത്. പുതിയ സ്റ്റാന്റ് പരിസരത്താണ് കൂടുതല്‍ മാല്യന്യങ്ങള്‍ കത്തിക്കുന്നത്. വൈകീട്ട് 7 മണികഴിഞ്ഞാല്‍ ഇവിടം പുക നിറയുന്നു. പ്രായമായവരും കുട്ടികളും ഉള്‍പ്പെടുന്ന നിരവധിപേര്‍ യാത്രക്കായി ആശ്രയിക്കുന്ന ബസ്റ്റാന്റാണ് ഇത്തരത്തില്‍ ദുര്‍ഗന്ധം നിറഞ്ഞ പുക നിറയുന്നത്. മാലിന്യ സംസ്കരണത്തിനുവേണ്ടി നഗരസഭ മധൂര്‍ പഞ്ചായത്തിലെ കൊല്ലങ്കാനയില്‍ സ്ഥലം വിലകൊടുത്തു വാങ്ങിയിരുന്നെങ്കിലും പഞ്ചായത്ത് അനുമതി നല്‍കാതിരുന്നതിനാല്‍ പാഴ് നിലമായി കിടക്കുകയാണ്. ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു മാലിന്യ പ്ലാന്റ് ഇല്ലാത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം.